---
title: "'സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകും, അഴിമതിക്കാരുടെ സ്ഥാനം ജയിലിൽ' - മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "Government to Guarantee Cooperative Bank Deposits, Warns Corrupt Officials of Jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388712/cooperative-bank-deposits-government-guarantee"
published_at: "2026-10-25T21:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade27c8e01cd_cooperative-bank-deposits-government-guarantee.jpg"
keywords: ["CooperativeBanks", "DepositGuarantee", "VDSatheesan", "KeralaPolitics", "Corruption"]
---

# 'സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകും, അഴിമതിക്കാരുടെ സ്ഥാനം ജയിലിൽ' - മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **കോഴിക്കോട്: **സഹകരണ മേഖലയിൽ പണം നിക്ഷേപിക്കുന്ന എല്ലാവർക്കും സർക്കാർ ഗ്യാരണ്ടി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കോഴിക്കോട്: **സഹകരണ മേഖലയിൽ പണം നിക്ഷേപിക്കുന്ന എല്ലാവർക്കും സർക്കാർ ഗ്യാരണ്ടി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശസാൽകൃത ബാങ്കുകളിലും ഷെഡ്യൂൾഡ് ബാങ്കുകളിലും നിക്ഷേപിക്കുന്നതുപോലുള്ള ഉറപ്പ് സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കും ലഭ്യമാക്കണം. ഗ്രാമ, നഗരങ്ങളിലെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനം. ഈ മേഖല കൂടുതൽ വികസന പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് സംസ്ഥാനത്തിന്റെ വളർച്ചയുടെ അടയാളമാണ്. കേരള സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് സ്വന്തമായി വിമാന സർവീസ് തുടങ്ങാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ ഓണക്കാലത്ത് സാധാരണക്കാരിലേക്ക് പണം പമ്പ് ചെയ്തത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകി. ജിഎസ്ടി നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വരുമാനമാണ് കഴിഞ്ഞ മാസം സർക്കാരിന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സഹകരണ സംഘങ്ങളിൽ അഴിമതി നടത്താൻ സർക്കാർ അനുവദിക്കില്ലെന്നും സാധാരണക്കാരന്റെ പണം കവരുന്നവരുടെ സ്ഥാനം ജയിലിലായിരിക്കുമെന്നും മുഖ്യമന്ത്രി താക്കീത് നൽകി.

അഡ്വ. ഫൈസൽ ബാബു എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർപേഴ്സൺ പ്രീമ മനോജ് മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് വീൽചെയറുകൾ സഹകരണ സംഘം രജിസ്ട്രാർ അനു എസ്. നായർ വിതരണം ചെയ്തു.

എം.കെ. രാഘവൻ എംപി, എംഎൽഎമാരായ ഫാത്തിമ തഹ് ലിയ, അഡ്വ. കെ. പ്രവീൺകുമാർ, അഡ്വ. കെ. ജയന്ത്, ചാലപ്പുറം വാർഡ് കൗൺസിലർ കെ.പി. അനിൽകുമാർ, വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻഹാജി, അർബൻ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പി. ബാലഗംഗാധരൻ, വൈസ് ചെയർമാൻ കെ. ശ്രീനിവാസൻ, എംവിആർ ക്യാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Chief Minister V.D. Satheesan said the state government will provide guarantees for deposits in cooperative banks, similar to those in nationalised and scheduled banks. He also warned that corruption in cooperative societies will not be tolerated and that those who steal public money will face jail.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388712/cooperative-bank-deposits-government-guarantee)