---
title: "ചേരാനെല്ലൂർ വാഹനാപകടം: കാറോടിച്ച അഡീഷണൽ ജഡ്ജിയുടെ മകന് സ്റ്റേഷൻ ജാമ്യം"
english_title: "Cheranelloor Crash: Judge’s Son Gets Station Bail After Fatal Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388683/cheranelloor-fatal-car-crash-station-bail"
published_at: "2026-10-25T17:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addeb7e5d9a7_cheranelloor-fatal-car-crash-station-bail.jpg"
keywords: ["KeralaNews", "Cheranelloor", "RoadAccident", "StationBail", "JudgeSon"]
---

# ചേരാനെല്ലൂർ വാഹനാപകടം: കാറോടിച്ച അഡീഷണൽ ജഡ്ജിയുടെ മകന് സ്റ്റേഷൻ ജാമ്യം

> **Lead Summary:** **കൊച്ചി: **ചേരാനെല്ലൂരിൽ ഒരാളുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ വാഹനം ഓടിച്ച പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. അഡീഷണൽ ജഡ്ജിയുടെ മകൻ ഓടിച്ച അമിതവേഗതയിലെത്തിയ ബെൻസ് കാറിടിച്ചാണ് മാഞ്ഞാലി സ്വദേശിയും തട്ടുകട ഉടമയുമായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടത്.

## Article Content

**കൊച്ചി: **ചേരാനെല്ലൂരിൽ ഒരാളുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ വാഹനം ഓടിച്ച പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. അഡീഷണൽ ജഡ്ജിയുടെ മകൻ ഓടിച്ച അമിതവേഗതയിലെത്തിയ ബെൻസ് കാറിടിച്ചാണ് മാഞ്ഞാലി സ്വദേശിയും തട്ടുകട ഉടമയുമായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടത്.

മഴയുണ്ടായിരുന്നതിനാൽ മുന്നിൽ പോയിരുന്ന വാഹനം കണ്ടില്ലെന്നാണ് പ്രായപൂർത്തിയാകാത്ത ഡ്രൈവറുടെ മൊഴി. അതേസമയം, പ്രായപൂർത്തിയാകാത്ത മകന് വാഹനം കൈമാറിയതിന് ജഡ്ജിക്കെതിരെയും കേസെടുക്കുമെന്നാണ് വിവരങ്ങൾ. അതിനിടെ, സംഭവത്തിൽ വൻ അട്ടിമറി ആരോപണവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തി.

സംഭവം അറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ തങ്ങളോട് ജഡ്ജി കയർത്ത് സംസാരിച്ചതായി ബന്ധുക്കൾ ആരോപിച്ചു. സ്റ്റേഷനിൽ വെച്ച് പതിനേഴുകാരന്റെ ഫോട്ടോ എടുത്തപ്പോൾ അത് ഉടനടി ഡിലീറ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ തങ്ങൾക്ക് പ്രശ്നമാകുമെന്നും പറഞ്ഞ് പോലീസ് ഫോൺ പിടിച്ചെടുത്ത് ഫോട്ടോകൾ നീക്കം ചെയ്തതായും കുടുംബം വെളിപ്പെടുത്തി.

റോഡിൽ വെള്ളക്കെട്ടുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് ജഡ്ജിയുടെ വാദമെങ്കിലും അപകടം നടന്ന കണ്ടെയ്നർ റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. പുലർച്ചെ കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്റെ സ്‌കൂട്ടറിൽ ബെൻസ് കാർ അമിതവേഗതയിലെത്തി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ ഇയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടശേഷമുള്ള വാഹനങ്ങളുടെ അവസ്ഥ ഇടിയുടെ ആഘാതം വ്യക്തമാക്കുന്നതാണ്. എന്നാൽ അപകടത്തിൽപ്പെട്ട ബെൻസ് കാർ സംഭവസ്ഥലത്തുനിന്ന് വളരെ പെട്ടെന്ന് മാറ്റി താഴത്തെ സർവീസ് റോഡിലേക്ക് ഇടുകയും കാറിന്റെ നമ്പർ പ്ലേറ്റ് നീക്കം ചെയ്യുകയും ചെയ്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. വാഹനം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ മാറ്റിയതിലും പോലീസിന്റെ എഫ്.ഐ.ആറിൽ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്താത്തതിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

A 17-year-old, the son of an additional judge, was granted station bail after a fatal car accident in Cheranelloor that killed Jayabalakrishnan, a 52-year-old scooter rider and shop owner. The victim’s family has alleged irregularities in the police handling of the case, including the removal of the car’s number plate and missing details in the FIR.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388683/cheranelloor-fatal-car-crash-station-bail)