---
title: "നോക്കാൻ വയ്യെങ്കിൽ പോറ്റണോ ...? ഉണ്ണികുളത്ത് ആനയോട് ക്രൂരത; പട്ടിണിക്കിട്ടു, ചങ്ങലയുരഞ്ഞ് ആഴത്തിൽ വ്രണങ്ങൾ; ഉടമയ്ക്കും പാപ്പാനുമെതിരെ വനംവകുപ്പ് കേസെടുത്തു"
english_title: "Forest Department Case Against Owner and Mahout Over Elephant Cruelty in Unnikulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388667/elephant-cruelty-forest-department-case-"
published_at: "2026-10-25T14:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addcaff9e8b3_elephant-cruelty-forest-department-case.jpg"
keywords: ["ElephantCruelty", "ForestDepartment", "KozhikodeNews", "AnimalWelfare", "KeralaNews"]
---

# നോക്കാൻ വയ്യെങ്കിൽ പോറ്റണോ ...? ഉണ്ണികുളത്ത് ആനയോട് ക്രൂരത; പട്ടിണിക്കിട്ടു, ചങ്ങലയുരഞ്ഞ് ആഴത്തിൽ വ്രണങ്ങൾ; ഉടമയ്ക്കും പാപ്പാനുമെതിരെ വനംവകുപ്പ് കേസെടുത്തു

> **Lead Summary:** **കോഴിക്കോട്: **ബാലുശ്ശേരി ഉണ്ണികുളത്ത് 'ചെറിയപറമ്പത്ത് ഗോപാലൻ' എന്ന ആനയ്ക്ക് മതിയായ ഭക്ഷണവും പരിചരണവും നൽകാതെ കടുത്ത അവഗണന കാണിച്ച സംഭവത്തിൽ ഉടമയ്ക്കും പാപ്പാനുമെതിരെ വനംവകുപ്പ് കേസെടുത്തു. എകരൂൽ ചെറിയപറമ്പത്ത് സി.പി. സത്യനാഥൻ, ആനയുടെ പാപ്പാൻ എന്നിവർക്കെതിരെയാണ് നടപടി.

## Article Content

**കോഴിക്കോട്: **ബാലുശ്ശേരി ഉണ്ണികുളത്ത് 'ചെറിയപറമ്പത്ത് ഗോപാലൻ' എന്ന ആനയ്ക്ക് മതിയായ ഭക്ഷണവും പരിചരണവും നൽകാതെ കടുത്ത അവഗണന കാണിച്ച സംഭവത്തിൽ ഉടമയ്ക്കും പാപ്പാനുമെതിരെ വനംവകുപ്പ് കേസെടുത്തു. എകരൂൽ ചെറിയപറമ്പത്ത് സി.പി. സത്യനാഥൻ, ആനയുടെ പാപ്പാൻ എന്നിവർക്കെതിരെയാണ് നടപടി.

ആനയ്ക്ക് ആവശ്യമായ ശുശ്രൂഷ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം എകരൂലിലെ വീട്ടിലെത്തി ആനയെ സന്ദർശിച്ച് പരിശോധിച്ചിരുന്നു. ഇവർ ശേഖരിച്ച രക്തസാമ്പിളുകൾ പൂക്കോട് വെറ്ററിനറി കോളേജിലേക്ക് പരിശോധനയ്ക്കായി അയച്ചു. തുടർന്ന് പുറത്തുവന്ന റിപ്പോർട്ടിലാണ് ആന കടുത്ത പോഷകാഹാരക്കുറവും ക്ഷീണവും അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമായത്.

തുടർന്ന് ഒക്ടോബർ 23-ന് നടത്തിയ വിശദമായ പരിശോധനയിൽ രജിസ്റ്ററിൽ നിർദ്ദേശിച്ചിട്ടുള്ള ഭക്ഷണം ആനയ്ക്ക് നൽകുന്നില്ലെന്ന് സ്ഥിരീകരിച്ചു. ആനയുടെ കാലുകളിൽ ചങ്ങല ഉരഞ്ഞുണ്ടായ മുറിവുകളും വ്രണങ്ങളും കണ്ടെത്തിയിട്ടുണ്ട്. രോഗാവസ്ഥയിലായിരുന്നിട്ടും ആനയെ തടിപിടിത്തത്തിന് കൊണ്ടുപോയതായും ആരോപണമുണ്ട്. നിലവിൽ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും മേൽനോട്ടത്തിലാണ് ആനയുടെ ഭക്ഷണവും ചികിത്സയും നടക്കുന്നത്. ആനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് റേഞ്ച് ഓഫീസർ കെ.എൻ. ദിവ്യ അറിയിച്ചു.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ഉടമ സി.പി. സത്യനാഥൻ രംഗത്തെത്തി. ക്ഷീണം കാരണമാണ് ആനയെ തൃശ്ശൂരിലെ ഡോക്ടറുടെ ചികിത്സയിലാക്കിയതെന്നും കഴിഞ്ഞ തൃശ്ശൂർ പൂരത്തിനാണ് അവസാനമായി എഴുന്നള്ളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്തൊന്നും തടിയെടുപ്പിനോ മറ്റ് ഭാരമേറിയ ജോലികൾക്കോ ആനയെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

The Forest Department has registered a case against the owner and mahout of an elephant named Cheriyaparambath Gopalan in Unnikulam, Kozhikode, after allegations of neglect and cruelty. Officials found signs of malnutrition, exhaustion, and injuries caused by chain abrasions, while the owner denied the allegations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388667/elephant-cruelty-forest-department-case-)