---
title: "കുഞ്ഞിന്റെ തുടയെല്ല് പൊട്ടിയതിലും ശരീരത്തിലെ മുറിവുകളിലും സംശയം; കോഴിക്കോട്ടെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ മാതാപിതാക്കളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്"
english_title: "Kozhikode Infant Death Probe: Police to Seek Custody of Parents After Bone Fracture, Injuries Raise Suspicions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388622/kozhikode-infant-death-probe-custody"
published_at: "2026-10-25T08:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add721e79690_kozhikode-infant-death-probe-custody.jpg"
keywords: ["KozhikodeNews", "KeralaPolice", "InfantDeath", "CustodyRequest", "ChildSafety"]
---

# കുഞ്ഞിന്റെ തുടയെല്ല് പൊട്ടിയതിലും ശരീരത്തിലെ മുറിവുകളിലും സംശയം; കോഴിക്കോട്ടെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ മാതാപിതാക്കളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

> **Lead Summary:** **കോഴിക്കോട്: **കുറ്റിക്കാട്ടൂരിലെ വീട്ടിൽ കഴിഞ്ഞവർഷം നാലുമാസം പ്രായമായ പെൺകുഞ്ഞ് ദുരൂഹസാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ മാതാപിതാക്കളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകും. പ്രതികളായ കുറ്റിക്കാട്ടൂർ വയലങ്കര വീട്ടിൽ ഷിഗിൻ , ഭാര്യ പി. അഞ്ജന എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മെഡിക്കൽകോളേജ് പോലീസ് അപേക്ഷ നൽകുക.

## Article Content

**കോഴിക്കോട്: **കുറ്റിക്കാട്ടൂരിലെ വീട്ടിൽ കഴിഞ്ഞവർഷം നാലുമാസം പ്രായമായ പെൺകുഞ്ഞ് ദുരൂഹസാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ മാതാപിതാക്കളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകും. പ്രതികളായ കുറ്റിക്കാട്ടൂർ വയലങ്കര വീട്ടിൽ ഷിഗിൻ , ഭാര്യ പി. അഞ്ജന എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മെഡിക്കൽകോളേജ് പോലീസ് അപേക്ഷ നൽകുക.

കുഞ്ഞിന്റെ മരണകാരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ രക്ഷിതാക്കളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കുഞ്ഞിന് രണ്ടരമാസം പ്രായമുള്ളപ്പോൾ വലതുകാലിന്റെ തുടയെല്ല് പൊട്ടിയിരുന്നു. കുട്ടി വീണതാണെന്നാണ് രക്ഷിതാക്കൾ അന്ന് ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. ഇതിനായി മെഡിക്കൽകോളേജ് ആശുപത്രിയിലും ഫറോക്ക് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയതിന്റെയും കാലിൽ പ്ലാസ്റ്റർ ഇട്ടതിന്റെയും രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

അമ്മ അഞ്ജനയുടെ രഹസ്യമൊഴി വെള്ളിയാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ 30-നാണ് കുഞ്ഞ് മരിക്കുന്നത്. രാത്രി എട്ടിന് വിളിച്ചപ്പോൾ കുട്ടി വിളി കേട്ടില്ലെന്നായിരുന്നു രക്ഷിതാക്കളുടെ ആദ്യ മൊഴി. തുടർന്ന് കുഞ്ഞിന്റെ മരണകാരണം വ്യക്തമാകണമെന്ന് ആവശ്യപ്പെട്ട് ഷിഗിന്റെ പിതാവ് ഗിരീഷ്‌കുമാർ (51) നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിനിടയിൽ കുഞ്ഞിന്റെ ശരീരത്തിൽ പല സമയങ്ങളിലായി മുറിവുകൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായി. എന്നാൽ ഇതിനെക്കുറിച്ച് പോലീസ് ആവർത്തിച്ച് ചോദിച്ചിട്ടും അറിയില്ലെന്ന നിലപാടിലാണ് മാതാപിതാക്കൾ. മെഡിക്കൽകോളേജ് ഇൻസ്‌പെക്ടർ ബൈജു.കെ. ജോസിനാണ് കേസിന്റെ അന്വേഷണച്ചുമതല.

Kozhikode police will seek custody of the parents of a four-month-old baby girl who died under suspicious circumstances in Kuttikkattoor. Investigators say the child had suffered a thigh bone fracture and multiple injuries, and further questioning is needed to clarify the cause of death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388622/kozhikode-infant-death-probe-custody)