---
title: "'അയൽവാസി ഏൽപിച്ച ക്വട്ടേഷനെന്ന്', കോഴിക്കോട് പേരാമ്പ്രയിൽ വിവാഹം മുടക്കിയെന്ന സംശയത്തിൽ യുവാവിന് നേരെ ആക്രമണം, ഭാര്യക്ക് വധഭീഷണി, പ്രതികളെ തേടി പൊലീസ്"
english_title: "Suspicion Over Marriage Disruption Triggers Attack on Man, Wife Threatened in Perambra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388546/perambra-marriage-dispute-attack-threat"
published_at: "2026-10-24T15:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc7c52d0e9b_perambra-marriage-dispute-attack-threat.jpg"
keywords: ["KeralaNews", "PerambraAttack", "MarriageDispute", "PoliceInvestigation", "ViolenceReport"]
---

# 'അയൽവാസി ഏൽപിച്ച ക്വട്ടേഷനെന്ന്', കോഴിക്കോട് പേരാമ്പ്രയിൽ വിവാഹം മുടക്കിയെന്ന സംശയത്തിൽ യുവാവിന് നേരെ ആക്രമണം, ഭാര്യക്ക് വധഭീഷണി, പ്രതികളെ തേടി പൊലീസ്

> **Lead Summary:** കോഴിക്കോട്: വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയിൽ പേരാമ്പ്ര ചേനോളിയിൽ യുവാവിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്ത പ്രതികളെ തേടി പേരാമ്പ്ര പൊലീസിന്റെ അന്വേഷണം തുടരുന്നു. ചേനോളി കുണ്ടുങ്ങൽ താഴെ മണ്ണച്ചാംകണ്ടി റഷീദിന് ആണ് വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ക്രൂരമർദനമേറ്റത്.

## Article Content

കോഴിക്കോട്: വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയിൽ പേരാമ്പ്ര ചേനോളിയിൽ യുവാവിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്ത പ്രതികളെ തേടി പേരാമ്പ്ര പൊലീസിന്റെ അന്വേഷണം തുടരുന്നു. ചേനോളി കുണ്ടുങ്ങൽ താഴെ മണ്ണച്ചാംകണ്ടി റഷീദിന് ആണ് വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ക്രൂരമർദനമേറ്റത്.

കാറിലെ പെട്രോൾ തീർന്നെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ വാങ്ങാൻ ഓട്ടോറിക്ഷയുമായി വരാമോയെന്നും ചോദിച്ചാണ് പ്രതികൾ റഷീദിനെ വീട്ടിലെത്തി കണ്ടത്. പെട്രോൾ വാങ്ങാൻ ഒരു കാൻ കിട്ടുമോ എന്നു ചോദിച്ചതു പ്രകാരം അതുമെടുത്താണ് റഷീദ് ഓട്ടോയുമായി റോഡിലെത്തിയത്.

ഇതിനു പിന്നാലെ അയൽവാസി ഏൽപിച്ച ക്വട്ടേഷൻ ആണെന്നു പറഞ്ഞ് റഷീദിനെ മുളകുപൊടി എറിഞ്ഞ ശേഷം ആക്രമിച്ചുവെന്നാണ് പരാതി. കാഴ്ച മറഞ്ഞ റഷീദിനെ അക്രമി സംഘം ഇരുമ്പു കട്ട ഉപയോഗിച്ച് നെറ്റിയിൽ ഇടിച്ചു പരുക്കേൽപിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു.

ഇതിനു പിന്നാലെ റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചു കയറിയ സംഘം ഭാര്യ ഷംനയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. റഷീദിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിവരുമ്പോഴേക്കും അക്രമികൾ കടന്നുകളയുകയായിരുന്നു.

സാരമായി പരുക്കേറ്റ റഷീദ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. റഷീദിന്റെ നെറ്റിയിലെ മുറിവിൽ നാലു തുന്നലുണ്ട്. ഒരു മാസം മുൻപ് അയൽവാസി ഫോണിൽ വിളിച്ച് കൊല്ലുമെന്നും തന്നെയും ഭാര്യയെയും വീൽചെയറിൽ കിടത്തുമെന്നു ഭീഷണിപ്പെടുത്തിയതായാണ് റഷീദ് ആരോപിക്കുന്നത്.

In Perambra’s Chenoli, a man named Rasheed was brutally assaulted after attackers allegedly mistook him for someone involved in disrupting a marriage. The group also threatened his wife before fleeing, and police are investigating the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388546/perambra-marriage-dispute-attack-threat)