---
title: "'ജനറിക് മരുന്നുകൾക്ക് സി.പി.എം എതിരല്ല; അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇളംതലമുറ ഒരു പരീക്ഷണവസ്തുവായി മാറരുത്' - പിണറായി വിജയൻ"
english_title: "Pinarayi Vijayan Demands Probe Into Kerala SMA Drug Clinical Trial Label Controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388539/pinarayi-vijayan-questions-sma-drug-clinical-trial-label-sat-hospital-kerala"
published_at: "2026-10-24T14:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc77fd09005_pinarayi-vijayan-questions-sma-drug-clinical-trial-label-sat-hospital-kerala.jpg"
keywords: ["Pinarayi Vijayan", "Kerala SMA Drug Controversy", "Clinical Trial Label", "Kerala Health Department", "K Muraleedharan"]
---

# 'ജനറിക് മരുന്നുകൾക്ക് സി.പി.എം എതിരല്ല; അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇളംതലമുറ ഒരു പരീക്ഷണവസ്തുവായി മാറരുത്' - പിണറായി വിജയൻ

> **Lead Summary:** തിരുവനന്തപുരം: സി.പി.എം ജനറിക് മരുന്നുകൾക്ക് എതിരല്ലെന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

## Article Content

തിരുവനന്തപുരം: സി.പി.എം ജനറിക് മരുന്നുകൾക്ക് എതിരല്ലെന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികള്‍ക്ക് 'ക്ലിനിക്കല്‍ ട്രയല്‍' ലേബലുള്ള മരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഇട നൽകിയത് സര്‍ക്കാര്‍ തലത്തിലെ വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളുമാണ്.

ഇത്തരത്തിലുള്ള ഒരു പ്രശ്നത്തിന്റെ ഗൗരവം സര്‍ക്കാര്‍ വേണ്ടത്ര ഉള്‍ക്കൊള്ളുകയോ രോഗികളുടെയും കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകള്‍ പരിഹരിക്കാന്‍ രംഗത്തുവരികയോ ചെയ്തില്ലെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

വിവാദം മാധ്യമങ്ങളില്‍ വന്ന സമയത്ത് ഇതു സംബന്ധിച്ച് തനിക്കറിയില്ല, എസ്.എ.ടിയിലെ ഡോ. മിനിയോട് ചോദിക്കണം എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മന്ത്രി ആദ്യം ചെയ്തത്. വിഷയത്തെ വഴിതിരിച്ചു വിട്ട്, അത് ജനറിക്ക് മരുന്നുകള്‍ക്കെതിരായ നീക്കമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.

കൂടിയ വിലക്ക് മരുന്ന് വില്‍ക്കുന്ന സ്വിസ് കമ്പനിക്ക് വേണ്ടിയാണോ ഈ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് എന്നുപോലും പറയുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഇതൊന്നുമല്ല വിഷയം. വന്‍കിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയാന്‍ ജനറിക് മരുന്നുകള്‍ ആവശ്യമാണെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

ഇന്ത്യന്‍ പേറ്റന്റ് നിയമഭേദഗതിയിലും (2005) നൊവാര്‍ട്ടിസ് കേസിലും ജീവന്‍രക്ഷാ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിലും സി.പി.എമ്മിന്‍റെ പങ്ക് നിര്‍ണായകമാണ്.

ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് മരുന്നുകളുടെ 'എവര്‍ഗ്രീനിങ്' തടയുന്ന സെക്ഷന്‍ 3(d) ഇന്ത്യന്‍ പേറ്റന്‍റ് നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. മരുന്ന് വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചും മന്ത്രിയുടെ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുട്ടികളുടെ തുടര്‍ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം.

ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ ആവശ്യമില്ല എന്ന വിശദീകരണം മുഖവിലക്കെടുത്താല്‍ തന്നെ, പിന്നെന്തിന് ക്ലിനിക്കല്‍ ട്രയലിന് എന്ന് രേഖപ്പെടുത്തിയ മരുന്ന് സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്തു എന്ന് പറയേണ്ടതല്ലേ? ഇവിടത്തേക്കല്ലെങ്കില്‍ ഏതു രാജ്യത്തിന് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ് അങ്ങനെ ഒരു 'ട്രയല്‍'? ക്ലിനിക്കല്‍ ട്രയലിന് എന്ന് വ്യക്തമായി രേഖപ്പെടുത്തിയ മരുന്ന് എങ്ങനെ വിതരണം ചെയ്യപ്പെട്ടു?

അത് ഇവിടത്തെ രോഗികളില്‍ പരീക്ഷണം നടത്താനുള്ള കുറുക്കുവഴി ആയിരുന്നോ? എന്തുകൊണ്ട്, അത്തരം 'പരീക്ഷണ മരുന്ന്' എന്ന് പ്രകടമായി രേഖപ്പെടുത്തിയ മരുന്ന് കൊടുക്കാനുള്ള സാഹചര്യം രോഗികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തിയില്ല?

എങ്ങനെ അത്തരം മരുന്ന് സര്‍ക്കാര്‍ സംവിധാനത്തിലെത്തി? ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടോ? ഇങ്ങനെയുള്ള അനേകം സംശയങ്ങള്‍ പൊതു സമൂഹത്തിനു മുന്നിലുണ്ട്. അവയ്ക്കാണ് ഉത്തരം വേണ്ടത്. അതിനു പകരം വിഷയം ഉന്നയിക്കുന്നവരെ അധിക്ഷേപിച്ച് സര്‍ക്കാരിന് രക്ഷപ്പെടാനാവില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

**ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;**

***തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (SMA) ബാധിച്ച കുട്ടികള്‍ക്ക് 'ക്ലിനിക്കല്‍ ട്രയല്‍' ലേബലുള്ള മരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഇട നൽകിയത് സര്‍ക്കാര്‍ തലത്തിലെ വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളും മൂലമാണ്.***

*** ഇത്തരത്തിലുള്ള ഒരു പ്രശ്നത്തിന്റെ ഗൗരവം സര്‍ക്കാര്‍ വേണ്ടത്ര ഉള്‍ക്കൊള്ളുകയോ രോഗികളുടെയും കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകള്‍ പരിഹരിക്കാന്‍ രംഗത്തുവരികയോ ചെയ്തില്ല. ***

***മാധ്യമങ്ങളിലൂടെ പലതരത്തിലുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ മാത്രമാണ് ഇതില്‍ ചെറിയ പ്രതികരണമെങ്കിലും ഉണ്ടായത്. എസ്.എം.എ ബാധിതരുടെ സംഘടനയായ ക്യൂര്‍ എസ്.എം.എ ആണ് മരുന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്ക ആദ്യമായി ഉന്നയിച്ചത്. തുടര്‍ന്ന് മാധ്യമങ്ങളിലും ആ വാര്‍ത്ത വരികയുണ്ടായി.***

*** ആ സമയത്തുതന്നെ 12.10.2026 ന് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ആരോഗ്യ മന്ത്രിക്ക് ഉയര്‍ന്നുവന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഒരു കത്ത് നല്‍കിയിരുന്നു. രണ്ടാഴ്ചയായിട്ടും ആ കത്തിന് വസ്തുതകള്‍ നിരത്തി മറുപടി നല്‍കാനുള്ള ജനാധിപത്യ മര്യാദ പോലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.***

***വിവാദം മാധ്യമങ്ങളില്‍ വന്ന സമയത്ത് ഇതു സംബന്ധിച്ച് തനിക്കറിയില്ല, എസ്.എ.ടിയിലെ ഡോ. മിനിയോട് ചോദിക്കണം എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മന്ത്രി ആദ്യം ചെയ്തത്. പക്ഷെ മന്ത്രി പറഞ്ഞത് പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമാക്കി നാറ്റ്കോ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ മന്ത്രിയെ ഓഫീസില്‍ കണ്ടതിന്റെ തെളിവുകള്‍ വരികയുണ്ടായി.***

***എന്നാല്‍ വിഷയത്തെ വഴിതിരിച്ചു വിട്ട്, അത് ജെനറിക്ക് മരുന്നുകള്‍ക്കെതിരായ നീക്കമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കൂടിയ വിലക്ക് മരുന്ന് വില്‍ക്കുന്ന സ്വിസ് കമ്പനിക്ക് വേണ്ടിയാണോ ഈ വിവാദങ്ങള്‍ ഉയര്‍ത്തുന്നത് എന്നുപോലും പറയുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഇതൊന്നുമല്ല വിഷയം. ***

***വന്‍കിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയാന്‍ ജനറിക് മരുന്നുകള്‍ ആവശ്യമാണെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പേറ്റന്‍റ് വിഷയത്തിലും ജെനറിക്ക് മരുന്നുകളുടെ കാര്യത്തിലും സിപിഐഎമ്മിന് ഈ മന്ത്രിക്കും കോൺഗ്രസിനും യുഡിഎഫിനും ഉള്ളതിനേക്കാൾ വ്യക്തമായ പ്രഖ്യാപിത നിലപാടുണ്ട്.***

***ഇന്ത്യന്‍ പേറ്റന്റ് നിയമഭേദഗതിയിലും (2005) നൊവാര്‍ട്ടിസ് കേസിലും ജീവന്‍രക്ഷാ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിലും സിപിഐഎമ്മിന്‍റെ പങ്ക് നിര്‍ണായകമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് മരുന്നുകളുടെ 'എവര്‍ഗ്രീനിങ്' തടയുന്ന സെക്ഷന്‍ 3(d) ഇന്ത്യന്‍ പേറ്റന്‍റ് നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. ***

***രക്താര്‍ബുദ മരുന്നായ 'ഗ്ലിവെക്' ന് പേറ്റന്‍റ് തേടി നൊവാര്‍ട്ടിസ് നടത്തിയ നീക്കം കോടതിയിലെത്തിയപ്പോള്‍ സെക്ഷന്‍ 3(d) യുടെ സാധുത സുപ്രീം കോടതി 2013-ല്‍ ശരിവെക്കുകയുണ്ടായി. കോര്‍പ്പറേറ്റ് ലാഭത്തേക്കാള്‍ രോഗികളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ വിധി ഇന്ത്യന്‍ ജനറിക് ഔഷധമേഖലയെ സംരക്ഷിക്കുന്നതില്‍ ചരിത്രപ്രധാനമായ നേട്ടമായി. ***

***മരുന്ന് കച്ചവടച്ചരക്കല്ല, മറിച്ച് മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്ന നിലപാടാണ് പാര്‍ടി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ വിഷയത്തെ വഴിതിരിച്ചു വിട്ട്, അത് ജെനറിക്ക് മരുന്നുകള്‍ക്കെതിരായ നീക്കമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.***

***ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും മരുന്ന് സംഭരണ നടപടിക്രമങ്ങളും പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഇടതുപക്ഷ നേതാക്കള്‍ രംഗത്തുവന്നിട്ടുള്ളത്. 2026 ജൂലൈയിലാണ് ഈ മരുന്ന് വാങ്ങാനുള്ള അംഗീകാരം സര്‍ക്കാര്‍ നല്‍കിയതായി കാണുന്നത്. ***

***അതിന് മുന്നോടിയായി ഒരു പുതിയ മരുന്ന് വാങ്ങുന്നതില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന വ്യക്തത വരുത്തേണ്ടത് സര്‍ക്കാരാണ്. എന്നുമാത്രമല്ല, സെപ്തംബറിൽ ധൃതിപിടിച്ച് ഒരു ഷോര്‍ട്ട് ടെണ്ടര്‍ വിളിച്ച് നാറ്റ്കോ കമ്പനിയ്ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതായാണ് പുറത്തുവന്ന വിവരങ്ങള്‍.***

***മരുന്ന് വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചും മന്ത്രിയുടെ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുട്ടികളുടെ തുടര്‍ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ ആവശ്യമില്ല എന്ന വിശദീകരണം മുഖവിലക്കെടുത്താല്‍ തന്നെ, പിന്നെന്തിന് ക്ലിനിക്കല്‍ ട്രയലിന് എന്ന് രേഖപ്പെടുത്തിയ മരുന്ന് സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്തു എന്ന് പറയേണ്ടതല്ലേ? ഇവിടത്തേക്കല്ലെങ്കില്‍ ഏതു രാജ്യത്തിന് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ് അങ്ങനെ ഒരു 'ട്രയല്‍'?***

*** ക്ലിനിക്കല്‍ ട്രയലിന് എന്ന് വ്യക്തമായി രേഖപ്പെടുത്തിയ മരുന്ന് എങ്ങനെ വിതരണം ചെയ്യപ്പെട്ടു? അത് ഇവിടത്തെ രോഗികളില്‍ പരീക്ഷണം നടത്താനുള്ള കുറുക്കുവഴി ആയിരുന്നോ? എന്തുകൊണ്ട്, അത്തരം 'പരീക്ഷണ മരുന്ന്' എന്ന് പ്രകടമായി രേഖപ്പെടുത്തിയ മരുന്ന് കൊടുക്കാനുള്ള സാഹചര്യം രോഗികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തിയില്ല?***

*** എങ്ങനെ അത്തരം മരുന്ന് സര്‍ക്കാര്‍ സംവിധാനത്തിലെത്തി? ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടോ? ഇങ്ങനെയുള്ള അനേകം സംശയങ്ങള്‍ പൊതു സമൂഹത്തിനു മുന്നിലുണ്ട്. അവയ്ക്കാണ് ഉത്തരം വേണ്ടത്. അതിനു പകരം വിഷയം ഉന്നയിക്കുന്നവരെ അധിക്ഷേപിച്ച് സര്‍ക്കാരിന് രക്ഷപ്പെടാനാവില്ല.***

***ഈ വിഷയത്തില്‍ ഇതുവരെ നടത്തിയ എല്ലാ നടപടികളും പൊതുജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അറിഞ്ഞോ അറിയാതെയൊ നമ്മുടെ ഇളംതലമുറ ഒരു പരീക്ഷണ വസ്തുവായി മാറരുത്. സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവതരമായി സമീപിക്കേണ്ടതുണ്ട്.***

Opposition Leader Pinarayi Vijayan has demanded a comprehensive investigation into the controversy surrounding medicines labelled for clinical trials administered to children with Spinal Muscular Atrophy (SMA) at SAT Hospital, Thiruvananthapuram.

In a Facebook post, he alleged serious government lapses, a lack of transparency and unanswered questions about drug procurement and distribution. He clarified that the CPM supports generic medicines but wants the government to explain whether proper safety and procurement procedures were followed.

Vijayan also called for transparency, uninterrupted treatment and the safety of affected children.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388539/pinarayi-vijayan-questions-sma-drug-clinical-trial-label-sat-hospital-kerala)