---
title: "'ആർഎസ്എസിന്റെയും ബിജെപിയുടെയും അതേ മാതൃകയാണ് ലീഗുകാർ പിന്തുടരുന്നത്'; എസ്.കെ.എസ്.എസ്.എഫ് ഓഫിസ് ആക്രമണത്തിൽ പി. ജയരാജന്റെ രൂക്ഷവിമർശനം"
english_title: "P. Jayarajan Slams League Over SKSSF Office Attack, Cites RSS-BJP Pattern"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388525/jayarajan-slams-league-skssf-office-attack"
published_at: "2026-10-24T13:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc6730d4de2_jayarajan-slams-league-skssf-office-attack.jpg"
keywords: ["PJayarajan", "CpmKerala", "MuslimLeague", "Skssf", "KannurNews"]
---

# 'ആർഎസ്എസിന്റെയും ബിജെപിയുടെയും അതേ മാതൃകയാണ് ലീഗുകാർ പിന്തുടരുന്നത്'; എസ്.കെ.എസ്.എസ്.എഫ് ഓഫിസ് ആക്രമണത്തിൽ പി. ജയരാജന്റെ രൂക്ഷവിമർശനം

> **Lead Summary:** കണ്ണൂർ:എസ്.കെ.എസ്.എസ്.എഫ് ഓഫിസിന് നേരെയുണ്ടായ അക്രമത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാവ് പി. ജയരാജൻ. ആർ.എസ്.എസും ബിജെപിയും എന്താണോ അവലംബിക്കുന്നത് അതേ മാതൃകയാണ് ലീഗുകാർ ഇവിടെ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

കണ്ണൂർ:എസ്.കെ.എസ്.എസ്.എഫ് ഓഫിസിന് നേരെയുണ്ടായ അക്രമത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാവ് പി. ജയരാജൻ. ആർ.എസ്.എസും ബിജെപിയും എന്താണോ അവലംബിക്കുന്നത് അതേ മാതൃകയാണ് ലീഗുകാർ ഇവിടെ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ലീഗിലെ എല്ലാവരും തീവ്രവാദികളാണൊന്നും ഞങ്ങൾ പറയുന്നില്ല. അതേസമയം, ലീഗിനകത്ത് ഒരു വിഭാഗം തീവ്ര നിലപാടുള്ളവരാണ്. അവർ ജനാധിപത്യ മൂല്യങ്ങളെ മാനിക്കണം. ജനാധിപത്യ മൂല്യങ്ങൾ മാനിക്കാത്ത ക്രിമിനലുകൾ ലീഗിനകത്തുണ്ടെങ്കിൽ പാർട്ടി നേതാക്കൾ അവരെ തടയണം.

മുസ്ലിം ലീഗിന്‍റെ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ എസ്.കെ.എസ്.എസ്.എഫിന്‍റെ കണ്ണൂർ ഓഫിസിനു നേരെയുണ്ടായ അക്രമത്തെ തള്ളിപ്പറയാൻ തയാറുണ്ടോ എന്നാണ് ചോദിക്കാനുള്ളത്. ആർ.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും അതേ മാതൃക പിന്തുടർന്നാണ് ഇവിടെ ലീഗുകാർ അക്രമം നടത്തുന്നതെന്ന്’ -ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂർ മേഖല കൗൺസിൽ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയത് ലീഗിന്‍റെ ക്രിമിനലുകളാണ്. ഇത് നഗ്നമായ നിയമലംഘനമാണ്. ജനാധിപത്യ നിഷേധമാണ്. അതിനെതിരെ ജനാധിപത്യവാദികൾ ശക്തമായി പ്രതിഷേധിക്കണം.

കാരണം ഒരു മതസംഘടനക്ക് ഈ നാട്ടിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതൊരു മത സംഘടനയാണ്. ആ മതസംഘടനയുടെ മേഖലയിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി ഇരച്ചുകയറുകയാണ്. ലീഗിന് ഇഷ്ടമുള്ളവരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് നടന്നത്.

അതിനെ ശക്തമായി അപലപിക്കുന്നു. ഒരു മതസംഘടനക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. ഇതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കും. അതിന് എല്ലാ പിന്തുണയും നൽകും. വിഷയത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂർ മേഖല കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല ആസ്ഥാനത്ത് തർക്കവും സംഘർഷവും ഉണ്ടായത്. സംഘർഷത്തിനിടെ ഒരുവിഭാഗം ഓഫിസിലെ ജനൽ ഗ്ലാസ് ചില്ലുകൾ ഉൾപ്പെടെ അടിച്ചു തകർത്തു.

സമസ്ത ആസ്ഥാന മന്ദിരമായ താണ ട്രെയിനിങ് സ്കൂൾ സമീപത്തെ ഇസ്‍ലാമിക് സെന്ററിലാണ് സംഭവം. മുസ്‍ലിം ലീഗ് ജില്ല നേതാവും മട്ടന്നൂർ മുനിസിപ്പൽ കൗൺസിലുമായ വി.എൻ. മുഹമ്മദലി, കീഴല്ലൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അയ്യൂബ് കൊതേരി എന്നിവരുടെ നേതൃത്വത്തിൽ 50ഓളം ലീഗ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പറയുന്നത്.

മട്ടന്നൂർ മേഖല എസ്.കെ.എസ്.എസ്.എഫ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പഴശ്ശിയിൽ കൗൺസിൽ സംഗമം വിളിച്ചപ്പോൾ മട്ടന്നൂർ മണ്ഡലം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കൾ യോഗം തടസ്സപ്പെടുത്തിയിരുന്നു.

തുടർന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി നേരിട്ട് ഇടപെട്ടാണ് കണ്ണൂരിൽ കൗൺസിൽ മീറ്റ് വിളിച്ചത്. ഈ യോഗം നടക്കുന്നതിനിടയിലാണ് കൗൺസിലർമാരും എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരുമല്ലാത്ത ഒരുസംഘം ഇവിടെയെത്തി ബഹളുമുണ്ടാക്കിയത്.

CPM leader P. Jayarajan strongly criticised the Muslim League over the attack on the SKSSF office in Kannur, saying its methods mirror those of the RSS and BJP. He alleged that League workers disrupted the SKSSF Matannur area council election and demanded strong police action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388525/jayarajan-slams-league-skssf-office-attack)