---
title: "ഖത്തർ കെഎംസിസി കവർച്ച കേസ്: വ്യവസായി റസാഖ് റൊട്ടാനയ്ക്ക് ലീഗിന്റെ പൂട്ട്; എല്ലാ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കി"
english_title: "Qatar KMCC Theft Case: Muslim League Expels Razaq Rotana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388486/qatar-kmcc-theft-case-razaq-rotana-expelled"
published_at: "2026-10-24T11:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc4770b417e_qatar-kmcc-theft-case-razaq-rotana-expelled.jpg"
keywords: ["QatarKMCC", "MuslimLeague", "RazaqRotana", "TheftCase", "KeralaNews"]
---

# ഖത്തർ കെഎംസിസി കവർച്ച കേസ്: വ്യവസായി റസാഖ് റൊട്ടാനയ്ക്ക് ലീഗിന്റെ പൂട്ട്; എല്ലാ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കി

> **Lead Summary:** **കോഴിക്കോട്: ഖ**ത്തറിലെ കെഎംസിസി ഓഫീസിൽ നടന്ന എട്ട് കോടിയുടെ കവർച്ചാ കേസിൽ ആരോപണം നേരിട്ട പ്രമുഖ വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലിം ലീഗിൽ നിന്ന് പുറത്താക്കി. കെഎംസിസി അടക്കമുള്ള പാർട്ടിയിലെ എല്ലാ പോഷക സംഘടനകളുടെയും ചുമതലകളിൽ നിന്നും അംഗത്വത്തിൽ നിന്നും ഇയാളെ നീക്കിയതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

## Article Content

**കോഴിക്കോട്: ഖ**ത്തറിലെ കെഎംസിസി ഓഫീസിൽ നടന്ന എട്ട് കോടിയുടെ കവർച്ചാ കേസിൽ ആരോപണം നേരിട്ട പ്രമുഖ വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലിം ലീഗിൽ നിന്ന് പുറത്താക്കി. കെഎംസിസി അടക്കമുള്ള പാർട്ടിയിലെ എല്ലാ പോഷക സംഘടനകളുടെയും ചുമതലകളിൽ നിന്നും അംഗത്വത്തിൽ നിന്നും ഇയാളെ നീക്കിയതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

കേസിൽ പിടിയിലായ നാലാം പ്രതി ബാലകൃഷ്ണൻ നൽകിയ മൊഴിയിലും തുടർന്ന് പുറത്തുവിട്ട വീഡിയോയിലും റസാഖ് റൊട്ടാനയുടെ പേര് പരാമർശിച്ചിരുന്നു. കൂടാതെ മുഖ്യപ്രതിയായ ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലും റസാഖിന്റെ പേരുണ്ടായിരുന്നു. എന്നാൽ തനിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തുകയാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് റസാഖ് റൊട്ടാനയുടെ വിശദീകരണം. കുറ്റാരോപിതരായ ആരെയും സംരക്ഷിക്കുന്ന നിലപാട് ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ കടുത്ത നടപടി.

2025 സെപ്റ്റംബർ 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെഎംസിസിയുടെ അൽ തുമാമയിലെ ഓഫീസിലെ ലോക്കർ തകർത്ത് എട്ട് കോടിയോളം ഇന്ത്യൻ രൂപയാണ് കവർന്നത്. അംഗങ്ങൾക്ക് രോഗബാധയോ മരണമോ സംഭവിച്ചാൽ സഹായം നൽകുന്ന സ്നേഹ സുരക്ഷാ പദ്ധതിക്കായി സമാഹരിച്ച തുകയായിരുന്നു ഇത്.

സംഭവത്തിൽ ഖത്തർ പൊലീസും, ഗൂഢാലോചന കേന്ദ്രീകരിച്ച കൊയിലാണ്ടി പൊലീസും അന്വേഷണം നടത്തുന്നതിനിടെയാണ് നാലാം പ്രതി ബാലകൃഷ്ണൻ കീഴടങ്ങുന്നത്. അറബിയുടെ വീട്ടിൽ ജോലി ഉണ്ടെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ബോംബെ ഷാജി തന്നെ ഖത്തറിലെത്തിച്ചതെന്നും, പിന്നീട് ഭീഷണിപ്പെടുത്തി കെഎംസിസി ഓഫീസിലെ സ്‌ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിക്കുകയായിരുന്നു എന്നുമാണ് ബാലകൃഷ്ണൻ മൊഴി നൽകിയത്.

**English Summary:**

Muslim League has expelled businessman Razaq Rotana from the party and its affiliated organisations, including KMCC, over his alleged link to the ₹8 crore theft at the Qatar KMCC office. His name surfaced in the statement of the fourth accused Balakrishnan and in an audio clip attributed to prime accused Bombay Shaji.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388486/qatar-kmcc-theft-case-razaq-rotana-expelled)