---
title: "ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യയുടെ പരാതി; അന്വേഷണം ചെന്നെത്തിയത് കള്ളനോട്ടടി കേന്ദ്രത്തിലേക്ക്, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തെരുവിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ"
english_title: "Kidnap Complaint Leads Police to Counterfeit Note Press in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388459/kidnap-complaint-counterfeit-note-press-kollam-new"
published_at: "2026-10-24T09:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc2a6d5ae62_kidnap-complaint-counterfeit-note-press-kollam.jpg"
keywords: ["CounterfeitCurrency", "KollamPolice", "KidnapComplaint", "FakeNoteRacket", "KeralaCrime"]
---

# ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യയുടെ പരാതി; അന്വേഷണം ചെന്നെത്തിയത് കള്ളനോട്ടടി കേന്ദ്രത്തിലേക്ക്, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തെരുവിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

> **Lead Summary:** കൊല്ലം : നഗര മധ്യത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തെരുവിൽനിന്ന് കള്ളനോട്ടടിക്കാനുള്ള ഡമ്മി നോട്ടുകളും പ്രിന്റിങ് മെഷീനും കണ്ടെത്തി. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയൽ പുരയിടം സിബിയോണിനെ അറസ്റ്റ്‌ ചെയ്തു.

## Article Content

കൊല്ലം : നഗര മധ്യത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തെരുവിൽനിന്ന് കള്ളനോട്ടടിക്കാനുള്ള ഡമ്മി നോട്ടുകളും പ്രിന്റിങ് മെഷീനും കണ്ടെത്തി. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയൽ പുരയിടം സിബിയോണിനെ അറസ്റ്റ്‌ ചെയ്തു.

പതിനാറാം തീയതി സിബിയോണിനെ ആശ്രാമത്തുനിന്ന്‌ തട്ടിക്കൊണ്ടുപോയെന്ന്‌ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഇ‍ൗ കേസിലാണ്‌ അന്വേഷണം കള്ളനോട്ടടി കണ്ടെത്തുന്നതിലേക്ക്‌ എത്തിയത്‌.

മയ്യനാട് സ്വദേശിയായ മുൻ ആധാരം എഴുത്ത് ജീവനക്കാരൻ ആദർശ് 16ന്‌ സിബിയോണിനെ ആശ്രമം മൈതാനത്തേക്ക് രാത്രി വിളിച്ചുവരുത്തിയാണ്‌ തട്ടിക്കൊണ്ടുപോയത്‌. എന്നാൽ, പിറ്റേന്ന് താൻ തിരികെ വീട്ടിലെത്തി എന്ന് സിബിയോൺ പൊലീസിനെ വിളിച്ചറിയിച്ചു.

തുടർന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴിയാണ്‌ നൽകിയത്‌. സിഡിആർ രേഖകൾ പരിശോധിച്ചപ്പോൾ സിബിയോണിന്‌ കള്ളനോട്ട് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തി. തുടർന്ന് കല്ലേലിൽ ഭാഗത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് അടിക്കാനായി കട്ട്‌ ചെയ്ത പേപ്പറുകളും പ്രിന്റിങ് മെഷീനുകളും കണ്ടെത്തിയത്.

500ന്റെ നോട്ടിന്റെ വശങ്ങളിൽ ഉള്ള കളർ പ്രിന്റ് ചെയ്ത 520കെട്ട് പേപ്പർ ഇവിടെയുണ്ടായിരുന്നു. ഇവ പൂർണമായും അച്ചടിച്ചിരുന്നെങ്കിൽ ഏകദേശം രണ്ടരക്കോടിയോളം രൂപയുടെ കള്ളനോട്ട് വരുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽനിന്ന് 45പവൻ സ്വർണാഭരണവും 4.32 ലക്ഷം രൂപയും കണ്ടെടുത്തു. സിബിയോൺ നോട്ട് ഇരട്ടിപ്പ് സംഘത്തിലെ കണ്ണിയാണോയെന്നും സംശയിക്കുന്നുണ്ട്.

50,000 രൂപയുടെ യഥാർഥ നോട്ട് നൽകുമ്പോൾ രണ്ടുലക്ഷം രൂപയുടെ കള്ളനോട്ട് നൽകുന്ന സംഘം പ്രവർത്തിക്കുന്നതായി വിവരമുണ്ട്‌. പള്ളിത്തോട്ടം എസ്എച്ച്‌ഒ പ്രതിഭ ആർ നായർ, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജാക്സൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

A wife’s complaint that her husband had been abducted led police to an unexpected counterfeit currency operation in central Kollam. During the investigation, officers recovered dummy notes, printing machines, cut paper sheets, gold ornaments, and cash from a house in a crowded street.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388459/kidnap-complaint-counterfeit-note-press-kollam-new)