---
title: "ദേവിയുടെ കെടാവിളക്ക് പോലും കാണാനില്ല...! ഉത്സവത്തിന് കണക്കെടുത്തപ്പോൾ രണ്ടരലക്ഷത്തിന്റെ ക്ഷേത്രസാമഗ്രികൾ അപ്രത്യക്ഷം, ഒടുവിൽ മേൽശാന്തി അറസ്റ്റിൽ"
english_title: "Temple Items Worth ₹2.5 Lakh Missing During Festival Audit; Head Priest Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388444/temple-items-missing-festival-audit-head-priest-arrested"
published_at: "2026-10-24T07:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc17f5d7801_temple-items-missing-festival-audit-head-priest-arrested.jpg"
keywords: ["TempleTheft", "KeralaNews", "PoliceArrest", "FestivalAudit", "ReligiousTemple"]
---

# ദേവിയുടെ കെടാവിളക്ക് പോലും കാണാനില്ല...! ഉത്സവത്തിന് കണക്കെടുത്തപ്പോൾ രണ്ടരലക്ഷത്തിന്റെ ക്ഷേത്രസാമഗ്രികൾ അപ്രത്യക്ഷം, ഒടുവിൽ മേൽശാന്തി അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം : നാവായിക്കുളം കിഴക്കുപുറം വലിയ കാരയ്ക്കോട് ഭഗവതി ക്ഷേത്രത്തിൽനിന്ന് രണ്ടരലക്ഷം രൂപ വിലവരുന്ന ക്ഷേത്രസാമഗ്രികൾ മോഷണം പോയ സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ.

## Article Content

തിരുവനന്തപുരം : നാവായിക്കുളം കിഴക്കുപുറം വലിയ കാരയ്ക്കോട് ഭഗവതി ക്ഷേത്രത്തിൽനിന്ന് രണ്ടരലക്ഷം രൂപ വിലവരുന്ന ക്ഷേത്രസാമഗ്രികൾ മോഷണം പോയ സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ.

പാരിപ്പള്ളി മീനമ്പലം സ്വദേശി അപ്പുവെന്ന പ്രിൻസിനെ (27)യാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ മേൽശാന്തിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

ക്ഷേത്രോത്സവത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഭാരവാഹികൾ നടത്തിയ കണക്കെടുപ്പിലാണ് വിലപിടിപ്പുള്ള സാധനങ്ങൾ കാണാതായ വിവരം പുറത്തറിയുന്നത്. വലിയ പിത്തള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, ഇരുമ്പ് കുഞ്ഞുവിളക്കുകൾ, വലിയ ചെമ്പുരുളികൾ, ചെമ്പുപറ, മണികൾ, ചെമ്പുപാത്രങ്ങൾ, ശ്രീകോവിലിനുള്ളിലെ കെടാവിളക്ക് എന്നിവയാണ് നഷ്ടപ്പെട്ടത്.

ജൂൺ ഒന്നിനാണ് പ്രിൻസ് ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലിയിൽ പ്രവേശിച്ചത്. ജൂൺ ആറ് മുതൽ ഒക്ടോബർ 21 വരെയുള്ള കാലയളവിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം.

ക്ഷേത്രസാമഗ്രികൾ കാണാതായതിനെത്തുടർന്ന് പരിശോധന ആരംഭിച്ചതോടെ മേൽശാന്തി ക്ഷേത്രത്തിൽനിന്ന് മാറിനിന്നിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി നേരിട്ടെത്താതെ മറ്റൊരു ശാന്തിയെ നിയോഗിച്ചാണ് ക്ഷേത്രനട തുറപ്പിച്ചിരുന്നത്.

തുടർന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ മോഷ്ടിച്ച ക്ഷേത്രസാമഗ്രികൾ ആക്രിക്കടയിൽ വിറ്റതായി പ്രതി സമ്മതിച്ചെന്നാണ് വിവരം. പകൽസമയങ്ങളിലാണ് മോഷണവും സാധനങ്ങളുടെ വിൽപ്പനയും നടത്തിയതെന്നാണ് അന്വേഷണത്തിൽ ലഭിച്ച സൂചന.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

During a pre-festival inventory at the Valiyakarakkodu Bhagavathy Temple in Navaikulam, authorities found temple items worth around ₹2.5 lakh missing. Police arrested the head priest, who allegedly admitted to selling the stolen items at a scrap shop.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388444/temple-items-missing-festival-audit-head-priest-arrested)