---
title: "മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് ; കോഴിക്കോട് സൗത്ത് ബീച്ചിൽ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്"
english_title: "Kozhikode Police Rescue Young Man Who Jumped Into Sea After Family Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388430/kozhikode-police-rescue-sea-suicide-attempt"
published_at: "2026-10-23T22:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb97a0c681e_kozhikode-police-rescue-sea-suicide-attempt.jpg"
keywords: ["KeralaPolice", "KozhikodeBeach", "SuicidePrevention", "FamilyDispute", "RescueOperation"]
---

# മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് ; കോഴിക്കോട് സൗത്ത് ബീച്ചിൽ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്

> **Lead Summary:** **കോഴിക്കോട്: **കുടുംബവഴക്കിനെ തുടർന്ന് നാടുവിട്ടെത്തി കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. കോഴിക്കോട് സൗത്ത് ബീച്ചിൽ നടന്ന സംഭവത്തിൽ എറണാകുളം സ്വദേശിയായ യുവാവിനെയാണ് പൊലീസ് ജീവിതത്തിലേക്ക് തിരികെക്കയറ്റിയത്. തുടർന്ന് ഏറെ നേരം യുവാവുമായി സംസാരിച്ച് മാനസികമായി പിന്തുണ നൽകിയ പൊലീസ്, ഒടുവിൽ നാട്ടിലേക്ക് ട്രെയിനിൽ മടക്കി അയക്കുകയും ചെയ്തു.

## Article Content

**കോഴിക്കോട്: **കുടുംബവഴക്കിനെ തുടർന്ന് നാടുവിട്ടെത്തി കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. കോഴിക്കോട് സൗത്ത് ബീച്ചിൽ നടന്ന സംഭവത്തിൽ എറണാകുളം സ്വദേശിയായ യുവാവിനെയാണ് പൊലീസ് ജീവിതത്തിലേക്ക് തിരികെക്കയറ്റിയത്. തുടർന്ന് ഏറെ നേരം യുവാവുമായി സംസാരിച്ച് മാനസികമായി പിന്തുണ നൽകിയ പൊലീസ്, ഒടുവിൽ നാട്ടിലേക്ക് ട്രെയിനിൽ മടക്കി അയക്കുകയും ചെയ്തു.

കോഴിക്കോട് സൗത്ത് ബീച്ചിൽ ഒരാൾ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതോടെയാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമായത്. വിവരം ലഭിച്ച ഉടൻ എലത്തൂർ, ടൗൺ, കൺട്രോൾ റൂം വിഭാഗങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് കുതിച്ചെത്തി. കടലിൽ ചാടിയ യുവാവിനെ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആദ്യം ഇയാളുടെ സുരക്ഷ ഉറപ്പാക്കുകയും പിന്നീട് സംസാരിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു.

മദ്യലഹരിയിലായിരുന്ന യുവാവ് എറണാകുളം സ്വദേശിയാണെന്നും നാട്ടിൽ കുടുംബവുമായി വഴക്കിട്ടതിനെ തുടർന്നാണ് വീടുവിട്ട് എത്തിയതെന്നും പൊലീസിനോട് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളിൽ മാനസികമായി തളർന്നിരുന്ന യുവാവ് ഇനി നാട്ടിലേക്ക് മടങ്ങില്ലെന്നും ജീവനൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

എന്നാൽ, യുവാവിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ ഏറെ നേരം സ്നേഹത്തോടെ സംസാരിക്കുകയായിരുന്നു. ഇയാളെ ശാന്തനാക്കുകയും നാട്ടിലേക്ക് മടങ്ങാൻ സമ്മതിപ്പിക്കുകയും ചെയ്ത പൊലീസ്, തുടർനടപടികളുടെ ഭാഗമായി ഇയാളെ റെയിൽവേ സ്റ്റേഷനിലെത്തിച്ച് സുരക്ഷിതമായി ട്രെയിനിൽ കയറ്റി വിടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ വിവിധ പൊലീസ് വിഭാഗങ്ങൾ ഏകോപിതമായി പ്രവർത്തിച്ചതും യുവാവുമായി ക്ഷമയോടെ സംസാരിച്ച് വിശ്വാസത്തിലെടുത്തതും വലിയൊരു ദുരന്തം ഒഴിവാക്കി.

Kerala Police rescued an Ernakulam native who attempted suicide by jumping into the sea at Kozhikode South Beach following a family dispute. Officers spoke to him at length, provided support, and safely sent him back home by train.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388430/kozhikode-police-rescue-sea-suicide-attempt)