---
title: "'വി ഡി സതീശനെയും എന്നെയും ലക്ഷ്യമിട്ട് ഒളിക്യാമറ ഓപ്പറേഷൻ, ഉപയോഗിച്ചത് മെറ്റാ സ്മാർട്ട് ഗ്ലാസ്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡി.കെ. ശിവകുമാർ"
english_title: "Hidden Camera Plot Targeted V.D. Satheesan and Me: D.K. Shivakumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388407/hidden-camera-plot-meta-smart-glass"
published_at: "2026-10-23T19:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb6e780ec64_hidden-camera-plot-meta-smart-glass.jpg"
keywords: ["KarnatakaPolitics", "DKShivakumar", "MetaSmartGlass", "HiddenCamera", "KeralaCM"]
---

# 'വി ഡി സതീശനെയും എന്നെയും ലക്ഷ്യമിട്ട് ഒളിക്യാമറ ഓപ്പറേഷൻ, ഉപയോഗിച്ചത് മെറ്റാ സ്മാർട്ട് ഗ്ലാസ്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡി.കെ. ശിവകുമാർ

> **Lead Summary:** **ബെംഗളൂരു: **തന്നെയും കേരള മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ട് ഒളിക്യാമറ ഓപ്പറേഷൻ നടത്താൻ ശ്രമിച്ചെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പ്രമുഖ കന്നഡ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കർണാടക രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഈ വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയിരിക്കുന്നത്.

## Article Content

**ബെംഗളൂരു: **തന്നെയും കേരള മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ട് ഒളിക്യാമറ ഓപ്പറേഷൻ നടത്താൻ ശ്രമിച്ചെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പ്രമുഖ കന്നഡ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കർണാടക രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഈ വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയിരിക്കുന്നത്.

തന്നെ കാണാനെത്തിയ പ്രമുഖ വ്യവസായി ധരിച്ചിരുന്ന മെറ്റാ സ്മാർട്ട് ഗ്ലാസ് ആണ് തന്നിൽ സംശയം ജനിപ്പിച്ചതെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി. തന്നെയും മറ്റ് കോൺഗ്രസ് നേതാക്കളെയും കുടുക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥർ വഴി അനുമതി വാങ്ങി കാണാനെത്തിയ വ്യവസായി ആദ്യം ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചത്. എന്നാൽ പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്കും ബൂത്ത് തല തന്ത്രങ്ങളിലേക്കും വഴിമാറി. സംഭാഷണ രീതിയിലും ഇയാൾ ധരിച്ചിരുന്ന സ്മാർട്ട് ഗ്ലാസിലും തോന്നിയ സംശയത്തെ തുടർന്ന് ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ഈ വ്യവസായി കേരള മുഖ്യമന്ത്രിയെ കാണാൻ പോയപ്പോഴും ഇതേ മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ചിരുന്നു എന്ന് വ്യക്തമായി. എന്നാൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഒരു കേന്ദ്രമന്ത്രി എന്നിവരെ സന്ദർശിച്ചപ്പോൾ ഇയാൾ ഈ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

വ്യവസായി ആരാണെന്നോ തെളിവുകളോ ഇപ്പോൾ പുറത്തുവിടാൻ അദ്ദേഹം തയാറായില്ലെങ്കിലും, പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് കൃത്യമായ വിവരമുണ്ടെന്നും തക്കസമയത്ത് തെളിവുകൾ പുറത്തുവിടുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതെന്ന പേരിൽ പ്രചരിക്കുന്ന പഴയ ചില ഒളിക്യാമറ ദൃശ്യങ്ങളെച്ചൊല്ലി കോൺഗ്രസും പ്രതിപക്ഷവും തമ്മിൽ രാഷ്ട്രീയ പോര് മുറുകുന്നതിനിടയിലാണ് ഡി.കെ. ശിവകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.

സംഭവത്തിൽ ബെംഗളൂരു കോടതി വിവാദ വീഡിയോകൾ പ്രചരിപ്പിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ കോളുകൾ വഴിയും മറ്റും കെണിയിൽ പെടുത്താൻ സാധ്യതയുള്ളതിനാൽ മന്ത്രിമാർ ജാഗ്രത പാലിക്കണമെന്ന് ഒക്ടോബർ 8ന് ചേർന്ന കാബിനറ്റ് യോഗത്തിൽ ഡി.കെ. ശിവകുമാർ സഹപ്രവർത്തകർക്ക് മുന്നറിയിപ്പും നൽകിയിരുന്നു.

**English Summary:**

Karnataka Deputy Chief Minister D.K. Shivakumar has alleged that a hidden camera operation was attempted against him and the Kerala Chief Minister using Meta smart glasses. He said a businessman who met him under the pretext of discussion wore the device, suggesting a wider political conspiracy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388407/hidden-camera-plot-meta-smart-glass)