---
title: "'യൂദാസുമാരുടെ മുഖം മൂടികൾ പുറത്തുവരേണ്ട സമയത്ത് ജനങ്ങൾക്കു മുന്നിലെത്തും, അന്വേഷണം നടക്കട്ടെ....സത്യങ്ങൾ പുറത്തുവരട്ടെ'; ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്ന് പിപി ദിവ്യ"
english_title: "PP Divya Welcomes Probe, Says Truth Will Emerge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388384/pp-divya-welcomes-probe-truth-emerge"
published_at: "2026-10-23T16:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb3c3721904_pp-divya-welcomes-probe-truth-emerge.jpg"
keywords: ["PPDivya", "VigilanceProbe", "KeralaPolitics", "KSU", "CorruptionAllegation"]
---

# 'യൂദാസുമാരുടെ മുഖം മൂടികൾ പുറത്തുവരേണ്ട സമയത്ത് ജനങ്ങൾക്കു മുന്നിലെത്തും, അന്വേഷണം നടക്കട്ടെ....സത്യങ്ങൾ പുറത്തുവരട്ടെ'; ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്ന് പിപി ദിവ്യ

> **Lead Summary:** കണ്ണൂർ: കാർട്ടൺ കമ്പനിക്ക് കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്ന കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റിൻ്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സ്വാഗതം ചെയ്ത് കണ്ണൂരിലെ സിപിഐഎം നേതാവ് പി.പി. ദിവ്യ.

## Article Content

കണ്ണൂർ: കാർട്ടൺ കമ്പനിക്ക് കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്ന കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റിൻ്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സ്വാഗതം ചെയ്ത് കണ്ണൂരിലെ സിപിഐഎം നേതാവ് പി.പി. ദിവ്യ.

അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ മുഹമ്മദ് ഷമ്മാസിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തുനൽകാൻ തയ്യാറാണെന്നും അത്രത്തോളം ആത്മവിശ്വാസമുണ്ടെന്നും പി.പി. ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

> "ഷമ്മാസിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ താൽപ്പര്യങ്ങളെ കുറിച്ച് അറിയില്ലെന്ന് കരുതേണ്ട. രാഷ്ട്രീയ എതിരാളികൾക്ക് മറുതോണിയിൽ ഇരുന്ന് പിന്തുണ നൽകുന്നവരുണ്ട്. ആ യൂദാസുമാരുടെ മുഖം മൂടികൾ പുറത്തുവരേണ്ട സമയത്ത് ജനങ്ങൾക്ക് മുന്നിലെത്തും," ദിവ്യ സിപിഐഎം നേതാക്കൾക്ക് എതിരെ പോസ്റ്റിലൂടെ ഒളിയമ്പെയ്തു.

മുഹമ്മദ് ഷമ്മാസ് നിരന്തരമായി നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് കോടതി സമൻസ് നൽകിയിട്ടുണ്ട്. ആ കേസിൽ നിയമനടപടികൾ മുന്നോട്ടുപോകട്ടെയെന്നും ദിവ്യ നിലപാടറിയിച്ചു.

ഭർത്താവിൻ്റെ പേരിൽ അഞ്ച് സെൻ്റ് സ്ഥലവും 1236 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീടുമാണ്. അഞ്ച് ലക്ഷം രൂപ പോലും വില ലഭിക്കാത്ത 50 സെൻ്റ് ഭൂമി ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്. വീട്ടിൽ ഒരു ഇരുചക്ര വാഹനവും ഒരു കാറുമുണ്ട്.

ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും ഇല്ലെന്നും പി.പി. ദിവ്യ വിശദീകരിച്ചു. നേരത്തേയും ഒരു അന്വേഷണം നടന്നതാണ്. ഇപ്പോൾ വിജിലൻസ് വീണ്ടും വരുന്നു. സത്യസന്ധതയുണ്ടെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലല്ലോയെന്നും ദിവ്യ കൂട്ടിച്ചേർത്തു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരിക്കെ കാർട്ടൺ എന്ന കമ്പനിക്ക് കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്ന പരാതിയിലാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നും കെഎസ്‌യു നേതാവിൻ്റെ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കുമെന്നും ദിവ്യ കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കി. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ദിവ്യ പറഞ്ഞു.

**പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:**

***ഉപ്പ് തിന്നവർ വെള്ളം കുടിക്കും… ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും!***

***കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസിൻ്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. അന്വേഷണം നടക്കട്ടെ. സത്യങ്ങൾ പുറത്തുവരട്ടെ. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കും. ***

***എനിക്ക് ഒന്നും ഒളിക്കാനില്ല. ആരെയും ഭയക്കാനുമില്ല. എന്റെ പേരിലോ ഭർത്താവിന്റെ പേരിലോ ബിനാമിയായോ മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കിൽ കണ്ടെത്തട്ടെ. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ മുഹമ്മദ് ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ പോലും ഞാൻ തയ്യാറാണ്. അത്രത്തോളം ആത്മവിശ്വാസമുണ്ട് എനിക്ക്.***

***എന്റെ ഭർത്താവിന്റെ പേരിലുള്ളത് അഞ്ച് സെന്റ് സ്ഥലവും 1236 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീടുമാണ്. അഞ്ച് ലക്ഷം രൂപ പോലും വില ലഭിക്കാത്ത 50 സെൻ്റ് ഭൂമി ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്. വീട്ടിൽ ഒരു ഇരുചക്രവാഹനവും ഒരു കാറുമുണ്ട്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും ഞങ്ങൾക്കില്ല. ഇതൊന്നും മറച്ചുവെച്ചുള്ള പ്രസ്താവനയല്ല.***

*** നേരത്തേയും ഒരു അന്വേഷണം നടന്നതാണ്. ഇപ്പോൾ വിജിലൻസ് വീണ്ടും വരുന്നു. വരട്ടെ, സന്തോഷം! സത്യസന്ധതയുണ്ടെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലല്ലോ.***

***ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളെല്ലാം ഇ-ടെൻഡർ സംവിധാനത്തിലൂടെ സുതാര്യമായാണ് നടപ്പാക്കിയിട്ടുള്ളത്. 25 കോടിയുടെ അഴിമതിയെന്നൊക്കെയുള്ള ആരോപണങ്ങൾ കേട്ടപ്പോൾ ബോധം പോയില്ലെന്നേയുള്ളൂ! കണക്കുകളില്ലാത്ത ആരോപണങ്ങൾ എത്ര തവണ ആവർത്തിച്ചാലും അവ സത്യമാകില്ല. എന്നാലും അന്വേഷണം നടക്കട്ടെ. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് അന്വേഷണവും തെളിവുകളുമാണ്.***

***അന്വേഷണം പേടിച്ച് നാടുവിടാനോ അന്വേഷണം നിർത്തിവെക്കാൻ ഇടപെടാനോ ഉദ്ദേശിക്കുന്നില്ല. ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനും തയ്യാറല്ല.***

***രണ്ടു വർഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും അപവാദപ്രചാരണങ്ങൾക്കും ഇനി ഒരറുതി വേണം. എനിക്കും എന്റെ കുടുംബത്തിനും അന്തസ്സോടെ, സമാധാനത്തോടെ ജീവിക്കണം. രാഷ്ട്രീയവിയോജിപ്പുകളുടെ പേരിൽ ഒരു കുടുംബത്തെ നിരന്തരം വേട്ടയാടുന്നത് എത്രത്തോളം നീതിയുക്തമാണ്? എന്നെ തകർക്കാമെന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ: ആരോപണങ്ങൾക്കും അപവാദങ്ങൾക്കും മുന്നിൽ തലകുനിക്കില്ല.***

*** സത്യം തെളിയിക്കാനുള്ള അവസരമായി ഓരോ അന്വേഷണത്തെയും കാണും. ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ടാകും. എവിടേക്കും ഒളിച്ചോടില്ല. അന്വേഷണത്തെ നേരിടും. നിയമത്തിൽ വിശ്വസിക്കും. കാണാം… കാത്തിരിക്കാം!***

***മുഹമ്മദ് ഷമ്മാസ് നിരന്തരമായി നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ കോടതിയെ ഞാൻ സമീപിച്ചിട്ടുണ്ട്. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് കോടതി സമൻസ് നൽകിയിട്ടുണ്ട്. ആ കേസിൽ നിയമനടപടികൾ മുന്നോട്ടുപോകട്ടെ.***

***ഷമ്മാസിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ താൽപര്യങ്ങളെക്കുറിച്ച് എനിക്ക് അറിവില്ലെന്നു കരുതേണ്ട. എന്നാൽ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ച് മറുപടി പറയാനല്ല ഞാൻ ആഗ്രഹിക്കുന്നത്. ആരോപണങ്ങൾക്കും പിന്നിലെ താൽപര്യങ്ങൾക്കും മറുപടി പറയേണ്ടത് വസ്തുതകളും തെളിവുകളുമാണ്. ***

***ജനകീയ മുഖംമൂടി ധരിച്ചു രാഷ്ട്രീയ എതിരാളികൾക്കൊപ്പം ഇരുന്നു മറുതോണിയിൽ പിന്തുണ നൽകുന്ന യൂദാസുമാരുടെ മുഖം മൂടികൾ പുറത്തുവരേണ്ട സമയത്ത് ജനങ്ങൾക്കു മുന്നിലെത്തും. എന്റെ നിലപാട് വ്യക്തമാണ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. നിയമത്തെ ബഹുമാനിക്കുന്നു. സത്യത്തിൽ വിശ്വസിക്കുന്നു. അപവാദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ല! ഇവിടെയൊക്കെ തന്നെയുണ്ടാകും… കാണാം!***

PP Divya has welcomed the vigilance preliminary inquiry announced over allegations linked to contracts awarded to a carton company. She said she has nothing to hide, will fully cooperate with any investigation, and dismissed the corruption claims as baseless.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388384/pp-divya-welcomes-probe-truth-emerge)