---
title: "'അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ'; പി.പി. ദിവ്യക്ക് ബി.ജെ.പിയിലേക്ക് ക്ഷണവുമായി പി.കെ. കൃഷ്ണദാസ്"
english_title: "‘Half-Consent Won’t Do to Marry the Arakkal Queen’: P.K. Krishnadas Invites P.P. Divya to BJP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388328/pp-divya-bjp-invite-krishnadas"
published_at: "2026-10-23T12:21:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb043044871_pp-divya-bjp-invite-krishnadas.jpg"
keywords: ["PpDivya", "PKKrishnadas", "BJP", "CPM", "KeralaPolitics"]
---

# 'അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ'; പി.പി. ദിവ്യക്ക് ബി.ജെ.പിയിലേക്ക് ക്ഷണവുമായി പി.കെ. കൃഷ്ണദാസ്

> **Lead Summary:** **കണ്ണൂർ: **എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്ന് സി.പി.എം പദവികളിൽ നിന്ന് മാറ്റിനിർത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ബി.ജെ.പിയിലേക്ക് സൂചന നൽകി മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസ്. പാർട്ടിയുമായി അകൽച്ച പ്രകടമാക്കുന്ന രീതിയിൽ പി.പി. ദിവ്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് പിന്നാലെയാണ് കൃഷ്ണദാസിന്റെ പ്രതികരണം.

## Article Content

**കണ്ണൂർ: **എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്ന് സി.പി.എം പദവികളിൽ നിന്ന് മാറ്റിനിർത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ബി.ജെ.പിയിലേക്ക് സൂചന നൽകി മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസ്. പാർട്ടിയുമായി അകൽച്ച പ്രകടമാക്കുന്ന രീതിയിൽ പി.പി. ദിവ്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് പിന്നാലെയാണ് കൃഷ്ണദാസിന്റെ പ്രതികരണം.

> ദിവ്യയുമായി ചർച്ച നടത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എല്ലാ പാർട്ടികളിൽ നിന്നും പ്രവർത്തകരെയും നേതാക്കളെയും പ്രതീക്ഷിക്കുന്നുണ്ടെന്നും ബി.ജെ.പിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "ഇരുപാർട്ടികളിൽ നിന്നുള്ള നേതാക്കളെയും പ്രവർത്തകരെയും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അവർ നിലപാട് വ്യക്തമാക്കുന്നതിനനുസരിച്ച് തങ്ങളും നിലപാട് വ്യക്തമാക്കും. അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ" എന്നായിരുന്നു കൃഷ്ണദാസിന്റെ പരിഹാസരൂപേണയുള്ള മറുപടി.

'ഒരിക്കൽ ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല' എന്നുള്ള ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് നിലവിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. നദികടക്കാൻ സഹായിച്ച ചങ്ങാടം പിന്നീട് തലയിലേറ്റി നടക്കുന്നത് ബുദ്ധിയുടെ ലക്ഷണമല്ലെന്ന ബുദ്ധന്റെ ചങ്ങാട കഥ ഉദ്ധരിച്ചായിരുന്നു ദിവ്യയുടെ കുറിപ്പ്.

‘എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം, വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം. ഓരോ ജീവിതത്തിനും പറയാൻ ഒരു കഥയുണ്ട്… ഓരോ കഥയിലും തിരിച്ചറിയാൻ ഒരു സത്യവും’ എന്ന് തുടങ്ങുന്ന കുറിപ്പിൽ, ജീവിതയാത്രയിൽ ചില മനുഷ്യരെയും ശീലങ്ങളെയും ബന്ധങ്ങളെയും കൃത്യമായ സമയത്ത് യാത്രയാക്കേണ്ടതുണ്ടെന്ന് ദിവ്യ ഓർമിപ്പിക്കുന്നു. നദികടക്കാൻ സഹായിച്ച ചങ്ങാടം പിന്നീട് തലയിലേറ്റി നടക്കുന്നത് ശരിയാണോ എന്ന് ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ച കഥയാണ് കുറിപ്പിൽ പരാമർശിക്കുന്നത്.

യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപ പ്രസംഗത്തെ തുടർന്ന് എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയെ സി.പി.എം പദവികളിൽ നിന്നും തരംതാഴ്ത്തിയിരുന്നു. അടുത്തിടെ നടന്ന വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും പരിഗണന ലഭിക്കാതിരുന്നതോടെയാണ് ദിവ്യ പരസ്യമായ നിലപാടുകളിലേക്ക് കടന്നതെന്നാണ് വിലയിരുത്തൽ.

**English Summary:**

BJP leader P.K. Krishnadas said the party’s doors are open for former Kannur District Panchayat president P.P. Divya after her cryptic Facebook post suggested a rift with the CPM. Divya, who was demoted after the ADM Naveen Babu suicide controversy, has triggered fresh political speculation in Kerala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388328/pp-divya-bjp-invite-krishnadas)