---
title: "ചെവിയിൽനിന്ന് രക്തം വാർന്ന നിലയിൽ,  ശരീരത്തിൽ മുറിവുകൾ; ജോലി തേടിയെത്തിയ യുവാവ് സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ"
english_title: "Youth Found Dead at Friend’s House After Arriving for Job Search; Injuries Raise Suspicion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388296/youth-found-dead-friends-house-job-search"
published_at: "2026-10-23T10:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adae9aa3f8d0_youth-found-dead-friends-house-job-search.jpg"
keywords: ["PalakkadNews", "SuspiciousDeath", "KeralaPolice", "JobSearch", "PostMortem"]
---

# ചെവിയിൽനിന്ന് രക്തം വാർന്ന നിലയിൽ,  ശരീരത്തിൽ മുറിവുകൾ; ജോലി തേടിയെത്തിയ യുവാവ് സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ

> **Lead Summary:** **പാലക്കാട്: **തമിഴ്നാട്ടിലെ ഉദുമലപേട്ടയ്ക്കടുത്ത കണിയൂരിൽനിന്ന് ജോലി അന്വേഷിച്ച് മുതലമട മാമ്പള്ളത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മുതലമട ആട്ടയാംപതി പരുത്തിക്കാട്ടിൽ പരേതനായ രാജന്റെയും കവിതയുടെയും മകൻ രമേഷിന്റെ മൃതദേഹമാണ് വ്യാഴാഴ്ച പുലർച്ചെ സുഹൃത്ത് ഷിജുവിന്റെ വീടിന്റെ പുറംകോലായിൽ കണ്ടെത്തിയത്.

## Article Content

**പാലക്കാട്: **തമിഴ്നാട്ടിലെ ഉദുമലപേട്ടയ്ക്കടുത്ത കണിയൂരിൽനിന്ന് ജോലി അന്വേഷിച്ച് മുതലമട മാമ്പള്ളത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മുതലമട ആട്ടയാംപതി പരുത്തിക്കാട്ടിൽ പരേതനായ രാജന്റെയും കവിതയുടെയും മകൻ രമേഷിന്റെ മൃതദേഹമാണ് വ്യാഴാഴ്ച പുലർച്ചെ സുഹൃത്ത് ഷിജുവിന്റെ വീടിന്റെ പുറംകോലായിൽ കണ്ടെത്തിയത്.

ഒൻപതുവർഷംമുൻപ് രമേഷിന്റെ അച്ഛൻ രാജൻ മരിച്ചതിനെത്തുടർന്ന് രമേഷും അമ്മയും മുത്തശ്ശിയും കണിയൂരിലേക്ക് താമസം മാറിയിരുന്നു. ബേക്കറി ജീവനക്കാരനായ രമേഷ് രണ്ടുദിവസം മുൻപാണ് കൊല്ലങ്കോട്ടെ ഒരു ബേക്കറിയിൽ ജോലിക്കായി മാമ്പള്ളത്തെ സുഹൃത്ത് ഷിജുവിന്റെ വീട്ടിലെത്തിയത്. ബുധനാഴ്ച പകൽ മുഴുവൻ ഷിജുവിന്റെ വീട്ടിൽ മറ്റു രണ്ടുപേർക്കൊപ്പം രമേഷ് ചെലവഴിക്കുകയും സംഘം ചേർന്ന് മദ്യപിക്കുകയും ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി ഉറങ്ങാൻ കിടന്ന രമേഷിനെ പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഷിജുവും വീട്ടുകാരും പോലീസിന് നൽകിയ മൊഴി. മദ്യലഹരിയിലുള്ള വീഴ്ചയിലുണ്ടായതാകാം ശരീരത്തിലെ മുറിവുകളെന്നാണ് സംശയിക്കുന്നതെന്നും പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും സബ് ഇൻസ്പെക്ടർ സി. അരുൺ വ്യക്തമാക്കി. കൊല്ലങ്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ, മൃതദേഹത്തിൽ നിറയെ മുറിവുകളും ചതവുകളുമുണ്ടായിരുന്നതായും ചെവിയിൽനിന്ന് രക്തം വാർന്ന നിലയിലായിരുന്നെന്നും രമേഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയ ശേഷം വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

**English Summary:**

Ramesh, a 26-year-old from Kaniyur, was found dead on his friend’s veranda in Muthalamada, Palakkad, after arriving in search of work. Police suspect the injuries may have resulted from a fall while intoxicated, but relatives have alleged foul play, citing multiple wounds and bleeding from the ear.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388296/youth-found-dead-friends-house-job-search)