---
title: "പെൺകുട്ടിയെ വിറ്റത് സ്വന്തം ബന്ധുക്കൾ! കോവളം സ്പാ പീഡനക്കേസ്; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്"
english_title: "Girl Sold by Relatives? Kovalam Spa Abuse Probe Expands Across States"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388283/kovalam-spa-abuse-probe-expands-states"
published_at: "2026-10-23T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adad7f2628cb_kovalam-spa-abuse-probe-expands-states.jpg"
keywords: ["KovalamSpaCase", "HumanTrafficking", "KeralaPolice", "ChildAbuse", "InterstateProbe"]
---

# പെൺകുട്ടിയെ വിറ്റത് സ്വന്തം ബന്ധുക്കൾ! കോവളം സ്പാ പീഡനക്കേസ്; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്

> **Lead Summary:** **തിരുവനന്തപുരം: ** കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് പൊലീസ്. ഇരയായ 16-കാരിയുടെ ബന്ധുക്കളായ ദമ്പതികളെ അറസ്റ്റ് ചെയ്യുന്നതിനായി തമിഴ്‌നാട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കോടതി അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും.

## Article Content

**തിരുവനന്തപുരം: ** കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് പൊലീസ്. ഇരയായ 16-കാരിയുടെ ബന്ധുക്കളായ ദമ്പതികളെ അറസ്റ്റ് ചെയ്യുന്നതിനായി തമിഴ്‌നാട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കോടതി അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും.

ചെന്നൈയിലെ സ്പായിലും താൻ പീഡനത്തിനിരയായതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം ആന്ധ്രപ്രദേശിലേക്ക് തിരിച്ചു. ആന്ധ്ര സ്വദേശിയായ പെൺകുട്ടി പഠിച്ച സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തുന്നതിനും സഹോദരിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുമാണ് പൊലീസ് സംഘം അന്ധ്രയിലെത്തിയത്.

കേസിന് വൻ അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കൺട്രോൾ റൂം എസിപി സി. ചന്ദ്രകുമാറിനെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചിരുന്നു. കുട്ടിയെ എങ്ങനെ കേരളത്തിലെത്തിച്ചു, ഏതൊക്കെ ഇടനിലക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്നീ കാര്യങ്ങളാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്.

പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു. കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. ഒ. അനുരൂപ് ആണ് ഈ സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർ പദവി ദുരുപയോഗം ചെയ്ത് നിർമിച്ച ബന്ധങ്ങൾ വഴിയാണ് ഇയാൾ സ്പാ ബിസിനസിലേക്ക് കടന്നത്.

കോവളത്തെ 'ഡ്രീം സ്പാ' ആരംഭിക്കാൻ നിഷാന്ത് എന്നയാളെ പ്രേരിപ്പിച്ചതും പുറത്തുനിന്ന് സ്ത്രീകളെ എത്തിച്ചതും അനുരൂപാണ്. ഇയാളുടെ നാല് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വൻതോതിൽ പണമിടപാടുകൾ നടന്നതായും തെളിഞ്ഞിട്ടുണ്ട്.

Police have expanded the Kovalam spa abuse investigation beyond Kerala after the victim, a 16-year-old girl, alleged abuse in Chennai as well. Tamil Nadu police have sought court permission to arrest the couple who are the girl’s relatives, while a special team has gone to Andhra Pradesh to collect evidence and record additional statements.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388283/kovalam-spa-abuse-probe-expands-states)