---
title: "'എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു, എനിക്ക് ഒന്നും മറച്ചുവെക്കാനില്ല'; എസ്എംഎ മരുന്ന് വിവാദത്തിൽ കെ. മുരളീധരൻ"
english_title: "I Welcome Any Probe; I Have Nothing to Hide: K. Muraleedharan on SMA Drug Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388234/k-muraleedharan-sma-drug-controversy-probe"
published_at: "2026-10-22T20:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada27d27123d_k-muraleedharan-sma-drug-controversy-probe.jpg"
keywords: ["KMuraleedharan", "HealthMinister", "KeralaPolitics", "SMA"]
---

# 'എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു, എനിക്ക് ഒന്നും മറച്ചുവെക്കാനില്ല'; എസ്എംഎ മരുന്ന് വിവാദത്തിൽ കെ. മുരളീധരൻ

> **Lead Summary:** തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രിമാരായ വീണാ ജോർജ്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവർ തനിക്കെതിരെ നടത്തിയ രൂക്ഷവിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ.

## Article Content

തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രിമാരായ വീണാ ജോർജ്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവർ തനിക്കെതിരെ നടത്തിയ രൂക്ഷവിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ.

മുൻ മന്ത്രിമാരുടെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് കൊണ്ടുപോയി തുലച്ച മൂന്നുപേരുടെ വിമർശനങ്ങൾക്ക് പുല്ലുവില പോലും നൽകുന്നില്ലെന്നും കെ. മുരളീധരൻ പ്രതികരിച്ചു.

> "ആരോഗ്യവകുപ്പ് കൊണ്ടുപോയി തുലച്ച മൂന്നുപേരാണ് ഇവർ. അതുകൊണ്ടുതന്നെ ഇവരുടെ ആരോപണങ്ങൾക്ക് പുല്ലുവില പോലും നൽകുന്നില്ല. മൂന്നുപേരും അഞ്ചുകൊല്ലം സ്വസ്ഥമായിരിക്കുക, യു.ഡി.എഫ് ഈ വകുപ്പ് നന്നായി ഭരിച്ചോളാം," എന്ന് കെ. മുരളീധരൻ തിരിച്ചടിച്ചു.

കഴിഞ്ഞ 10 കൊല്ലം കട്ട് മുടിച്ച കണക്ക് വേറെ വരുമെന്നും മുന്‍ ആരോഗ്യമന്ത്രിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. മരുന്ന് ഗുണനിലവാരം ഉള്ളതാണെന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.

അതുകൊണ്ടു തന്നെ തീരുമാനം മാറ്റില്ല. മരുന്ന് കമ്പനി മേധാവികള്‍ തന്റെ ഓഫീസില്‍ വന്നാണ് തന്നെ കണ്ടത്. അത് ഹെല്‍ത്ത് സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ഏത് അന്വേഷണത്തേയും താന്‍ സ്വാഗതം ചെയ്യുന്നു, തനിക്ക് മറച്ചു വെക്കാന്‍ ഒന്നും ഇല്ലായെന്നും കെ മുരളീധരന്‍ പറഞ്ഞു.

പണ്ട് പാര്‍ട്ടി രഹസ്യമായി കണ്ട് കച്ചവടം ഉറപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് മന്ത്രി പറഞ്ഞു. ആശങ്ക പ്രതിപക്ഷം ഉണ്ടാക്കുന്നതാണെന്നും മന്ത്രി ആരോപിച്ചു.

ആരോഗ്യവകുപ്പിൽ തുടർച്ചയായി പ്രശ്നങ്ങളാണെന്നും മരുന്നു കമ്പനികളുമായുള്ള മന്ത്രിയുടെ ബന്ധം അന്വേഷിക്കണമെന്നും സംയുക്ത വാർത്താസമ്മേളനത്തിലാണ് മുൻ മന്ത്രിമാർ ആരോപിച്ചത്. എസ്.എം.എ ബാധിച്ച കുട്ടികളിൽ സുതാര്യമല്ലാതെ ക്ലിനിക്കൽ ട്രയൽ നടത്തി പരീക്ഷണ വസ്തുവാക്കിയെന്നും ഇവർ ആരോപിച്ചിരുന്നു.

കൂടാതെ കഴിഞ്ഞ 10 വർഷക്കാലത്ത് തങ്ങൾ ആരോഗ്യ മേഖലയിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചുവെന്നും മന്ത്രി കെ. മുരളീധരൻ വാക് സാമർത്ഥ്യം മാത്രം പോരാ, നീതിബോധത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും മുൻമന്ത്രിമാർ പരിഹസിച്ചിരുന്നു.

എന്നാൽ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് മുൻ ഭരണാധികാരികളുടെ പ്രവർത്തന പരാജയത്തെ ചൂണ്ടിക്കാട്ടി മന്ത്രി കെ. മുരളീധരൻ കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകിയത്.

Health Minister K. Muraleedharan said he welcomes any inquiry into the controversy over medicines for SMA patients and has nothing to hide. His remarks came after former LDF health ministers P.K. Sreemathi, K.K. Shailaja and Veena George criticized his handling of the issue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388234/k-muraleedharan-sma-drug-controversy-probe)