---
title: "എട്ട് മാസത്തെ ശമ്പളം കുടിശ്ശിക; മാധ്യമം ജീവനക്കാരുടെ സമരം ശക്തമാകുന്നു, ഒക്ടോബർ 31ന് കോഴിക്കോട് സത്യാഗ്രഹവും തൊഴിലാളി മാർച്ചും"
english_title: "Madhyamam Staff Protest Intensifies Over Eight-Month Salary Arrears"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388232/madhyamam-staff-protest-salary-arrears"
published_at: "2026-10-22T20:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada25674ed56_madhyamam-staff-protest-salary-arrears.jpg"
keywords: ["Madhyamam", "SalaryArrears", "TradeUnion", "WorkersProtest", "KeralaNews"]
---

# എട്ട് മാസത്തെ ശമ്പളം കുടിശ്ശിക; മാധ്യമം ജീവനക്കാരുടെ സമരം ശക്തമാകുന്നു, ഒക്ടോബർ 31ന് കോഴിക്കോട് സത്യാഗ്രഹവും തൊഴിലാളി മാർച്ചും

> **Lead Summary:** തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിലെ ജീവനക്കാരുടെ എട്ട് മാസത്തെ ശമ്പള കുടിശ്ശിക തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുന്നു.

## Article Content

തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിലെ ജീവനക്കാരുടെ എട്ട് മാസത്തെ ശമ്പള കുടിശ്ശിക തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുന്നു.

ഇതിന്റെ ഭാഗമായി ഒക്ടോബർ 31ന് രാവിലെ 11 മുതൽ കോഴിക്കോട് മാധ്യമം പ്രധാന ഓഫീസിന് മുന്നിൽ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ സത്യാഗ്രഹം നടത്തും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് തൊഴിലാളികളെ പങ്കെടുപ്പിച്ച് ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് മാധ്യമം ജീവനക്കാർ കഴിഞ്ഞ രണ്ട് മാസത്തോളമായി അനിശ്ചിതകാല സമരത്തിലാണ്. പത്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താതെ ജോലി തുടരുന്ന ജീവനക്കാർക്ക് എട്ട് മാസത്തെ ശമ്പളം ലഭിക്കാനുണ്ടെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്. ശമ്പളം മുടങ്ങിയതോടെ ജീവനക്കാരും കുടുംബങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും സമരസമിതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ച് മാസത്തെ ശമ്പളം കുടിശ്ശികയായപ്പോൾ അന്നത്തെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് മാസത്തെ ശമ്പള കുടിശ്ശിക തീർപ്പാക്കിയെങ്കിലും പിന്നീട് കുടിശ്ശിക വീണ്ടും വർധിച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു.

നിലവിലെ തൊഴിൽ മന്ത്രി അഡ്വ. ബിന്ദു കൃഷ്ണയും പ്രശ്നപരിഹാരത്തിനായി ചർച്ച നടത്തിയിരുന്നു. ശമ്പള കുടിശ്ശിക ഗഡുക്കളായി തീർപ്പാക്കണമെന്ന മന്ത്രിയുടെ നിർദേശം മാനേജ്മെന്റ് അംഗീകരിച്ചില്ലെന്നാണ് സമരസമിതിയുടെ ആരോപണം. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതുവരെ കൂടിയാലോചനയ്ക്ക് തയ്യാറായിട്ടില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.

കേരള പത്രപ്രവർത്തക യൂണിയനും (കെ.യു.ഡബ്ല്യു.ജെ.) കേരള ന്യൂസ്‌പേപ്പർ എംപ്ലോയീസ് ഫെഡറേഷനും (കെ.എൻ.ഇ.എഫ്.) സംയുക്തമായാണ് ജീവനക്കാരുടെ സമരം നയിക്കുന്നത്. പ്രശ്നത്തെ തൊഴിൽ വിഷയമായി പരിഗണിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി സമരസമിതി രൂപീകരിക്കുകയും വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒക്ടോബർ 31ലെ സത്യാഗ്രഹത്തിൽ സി.ഐ.ടി.യു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം, ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, എസ്.ടി.യു. ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, എച്ച്.എം.എസ്. സംസ്ഥാന സെക്രട്ടറി ടോമി മാത്യു, സേവാ യൂണിയൻ ജനറൽ സെക്രട്ടറി സോണിയ ജോർജ് എന്നിവർ പങ്കെടുക്കും.

യു.ടി.യു.സി., എൻ.എൽ.സി., ഐ.എൻ.എൽ.സി., ടി.യു.സി.ഐ., ടി.യു.സി.സി., എൻ.ടി.യു.ഐ., കെ.ടി.യു.സി. തുടങ്ങിയ സംഘടനകളുടെ സംസ്ഥാന നേതാക്കളും സത്യാഗ്രഹത്തിൽ അണിനിരക്കും.

Madhyamam employees are intensifying their protest over eight months of unpaid wages, with a sit-in and workers’ march planned in Kozhikode on October 31. The agitation is being led by a joint trade union committee, which says the management has not agreed to settle the dues in installments despite government-level talks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388232/madhyamam-staff-protest-salary-arrears)