---
title: "ബിജെപി പ്രാദേശിക നേതാവിന്റെ കീഴടങ്ങലിന് പിന്നാലെ പുതിയ വഴിത്തിരിവ്; കെഎംസിസി കവർച്ചയിൽ 25 കോടിയുടെ അവകാശവാദം, നിർണായക ഫോൺ സംഭാഷണം പുറത്ത്"
english_title: "New Twist in KMCC Robbery: Rs 25 Crore Claim and Phone Call Surface"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388226/kmcc-robbery-phone-call-twist"
published_at: "2026-10-22T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada16b80f265_kmcc-robbery-phone-call-twist.jpg"
keywords: ["KMCCRobbery", "BJPLeader", "PhoneLeak", "QatarKMCC", "TheftCase"]
---

# ബിജെപി പ്രാദേശിക നേതാവിന്റെ കീഴടങ്ങലിന് പിന്നാലെ പുതിയ വഴിത്തിരിവ്; കെഎംസിസി കവർച്ചയിൽ 25 കോടിയുടെ അവകാശവാദം, നിർണായക ഫോൺ സംഭാഷണം പുറത്ത്

> **Lead Summary:** കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് 8 കോടി രൂപ കവർന്ന സംഭവത്തിൽ കവർച്ച സംഘത്തിന്‍റെ ഫോൺ സംഭാഷണം പുറത്ത്. കവർച്ചയുടെ പ്രതിഫലം ചോദിച്ചുള്ള സംഭാഷണമാണ് പുറത്തുവന്നത്.

## Article Content

കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് 8 കോടി രൂപ കവർന്ന സംഭവത്തിൽ കവർച്ച സംഘത്തിന്‍റെ ഫോൺ സംഭാഷണം പുറത്ത്. കവർച്ചയുടെ പ്രതിഫലം ചോദിച്ചുള്ള സംഭാഷണമാണ് പുറത്തുവന്നത്.

കവർച്ച ചെയ്തത് 25 കോടിയോളം രൂപ ആണെന്ന് സംഘത്തിൽ ഉൾപ്പെട്ട ബോംബെ ഷാജി പറഞ്ഞു. ഫണ്ട് കെഎംസിസിയുടെതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഷാജി പറയുന്ന സംഭാഷണാണ് പുറത്തുവന്നത്. കാക്കച്ചി കമറു എന്നയാളോടാണ് ഷാജി കാര്യങ്ങൾ പറയുന്നത്.

കെഎംസിസി ഫണ്ട് കവർച്ചയിൽ വൻ വഴിത്തിരിവാണ് ഉണ്ടായത്. സംഭവത്തിൽ കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് പൊലീസിൽ കീഴടങ്ങിയിരുന്നു. കൊയിലാണ്ടി കൊല്ലം സ്വദേശി ബാലകൃഷ്ണനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്.

മുസ്ലിം ലീഗിന്‍റെ ജീവകാരുണ്യ സംഘടനയായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്‍ററിന്‍റെ ഖത്തറിലെ ഓഫീസില്‍ കടന്ന് ലോക്കര്‍ തകര്‍ത്ത് 31 ലക്ഷം ഖത്തർ റിയാൽ അതായത് 8 കോടിയോളം ഇന്ത്യന്‍ രൂപ കവര്‍ച്ച ചെയ്ത സംഭവത്തിലാണ് അമ്പരപ്പിക്കുന്ന വഴിത്തിരിവും വെളിപ്പെടുത്തലും ഉണ്ടായത്.

2025 സെപ്റ്റംബര്‍ 18ന് ഖത്തറിലെ അല്‍ തുമാമ എന്ന സ്ഥലത്തുണ്ടായ ഈ സംഭവം മുസ്ലിം ലീഗിലും കെഎംസിസിയുടെ വലിയ ചേരിപ്പോരിന് വഴിതുറന്നിരുന്നെങ്കിലും കവര്‍ച്ച സംബന്ധിച്ച കാര്യമായ തെളിവുകളൊന്നും പുറത്ത് വന്നിരുന്നില്ല.

കെഎംസിസിയുടെ പരാതിയില്‍ കവര്‍ച്ച സംബന്ധിച്ച് ഖത്തര്‍ പൊലീസും കേരളത്തില്‍ നടന്ന ഗൂഡാലോചനയെക്കുരിച്ച് കൊയിലാണ്ടി പൊലീസും അന്വേഷണം നടത്തിവരവെയാണ് കൊയിലാണ്ടി കൊല്ലം സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ പരപ്പില്‍ ബാലകൃഷ്ണന്‍ കവര്‍ച്ചയില്‍ തന്‍റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ടുളള ഏറ്റുപറച്ചില്‍ നടത്തിയത്. കവര്‍ച്ചയില്‍ പങ്കാളികളായവരുടെ പേരും കൃത്യം നടത്തിയ രീതിയും ബാലകൃഷ്ണന്‍ വെളിപ്പെടുത്തി.

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബോബെ ഷാജി എന്ന ഷാജഹാന്‍, റാഷി, സാലിഹ്, ഹസ്സന്‍, നിസാര്‍ തുടങ്ങിയവര്‍ പ്രതികളാണ്. വെല്‍ഡിംഗ് തൊഴിലാളിയായ ബാലകൃഷ്ണനെ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കവര്‍ച്ച സംഘം ഖത്തറിലത്തിച്ചതെന്നാണ് സൂചന.

അവിചാരിതമായി കവര്‍ച്ചാ സംഘത്തിന്‍റെ ഭാഗമാകേണ്ടി വരികയും വാഗ്ദാനം ചെയ്യപ്പെട്ട തുക ലഭിക്കാതെ വരികയും ചെയ്തതിനൊപ്പം ജീവന്‍ അപകടത്തിലാകുമോ എന്ന ആശങ്കയും ബാലകൃഷ്ണനെ അലട്ടിയിരുന്നതായാണ് പുറത്ത് വരുന്ന വിവരം. ഇതിനിടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ബാലകൃഷ്ണന്‍ മല്‍സരിക്കുകയും ചെയ്തിരുന്നു.

ലീഗ്- കെഎംസിസി നേതൃത്വത്തിന്‍റെ അറിവോടെയാണ് കവര്‍ച്ചയെന്നും സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തിലുളള അന്വേഷണം വേണെമെന്നും ബിജെപി ആവശ്യപ്പെട്ടു.

കെഎംസിസിയുടെ സ്നേഹ സുരക്ഷ പദ്ധതിക്കായി സമാഹരിച്ച തുകയായിരുന്നു കവര്‍ച്ച ചെയ്യപ്പെട്ടത്. അംഗങ്ങളാവര്‍ക്ക് അസുഖമോ മരണമോ സംഭവിച്ചാല്‍ 50000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കാനായി അംഗങ്ങളില്‍ നിന്ന് പ്രതിമാസം 20 റിയാല്‍ വീതം പിരിവെടുത്തായിരുന്നു ഇത്രയും തുക സമാഹരിച്ചത്.

A phone conversation linked to the Qatar KMCC office robbery has surfaced, with one accused claiming the loot was worth around Rs 25 crore. The case took a new turn after a BJP local leader from Koyilandy surrendered to police and alleged he was taken to Qatar on the promise of a job and made to help break open the strong room.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388226/kmcc-robbery-phone-call-twist)