---
title: "'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍; മന്ത്രിയും മരുന്ന് കമ്പനിയുമായുള്ള ബന്ധം അന്വേഷിക്കണം' - സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർ"
english_title: "Former Health Ministers Target K. Muraleedharan, Seek Probe Into Drug Firm Links"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388225/former-health-ministers-probe-drug-firm-links"
published_at: "2026-10-22T18:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada0f00edf5f_former-health-ministers-probe-drug-firm-links.jpg"
keywords: ["HealthDepartment", "KeralaPolitics", "VeenaGeorge", "KKShailaja", "K. Muraleedharan", "P.K. Sreemathi"]
---

# 'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍; മന്ത്രിയും മരുന്ന് കമ്പനിയുമായുള്ള ബന്ധം അന്വേഷിക്കണം' - സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർ

> **Lead Summary:** തിരുവനന്തപുരം: ആരോഗ്യവകുപ്പ് കെ. മുരളീധരന്റെ കൈകളിലായതോടെ വകുപ്പിൽ തുടർച്ചയായി പ്രശ്നങ്ങളാണെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ വിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ. വീണാ ജോർജ്, ശൈലജ ടീച്ചർ, പി.കെ. ശ്രീമതി എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.

## Article Content

തിരുവനന്തപുരം: ആരോഗ്യവകുപ്പ് കെ. മുരളീധരന്റെ കൈകളിലായതോടെ വകുപ്പിൽ തുടർച്ചയായി പ്രശ്നങ്ങളാണെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ വിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ. വീണാ ജോർജ്, ശൈലജ ടീച്ചർ, പി.കെ. ശ്രീമതി എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.

എസ്എംഎ മരുന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണമെന്നും ആശങ്ക അകറ്റണമെന്നും അവർ പറഞ്ഞു. കുട്ടികളിൽ ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് എങ്ങനെ പ്രയോഗിച്ചുവെന്നും അവർ ചോദിച്ചു. ആശുപത്രികളെ വൻകിട മുതലാളിമാർ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്.

പൊതുജനാരോഗ്യം നിലനിന്നില്ലെങ്കിൽ സാധാരണക്കാർ ചികിത്സാചെലവ് താങ്ങാൻ ആകാതെ ബുദ്ധിമുട്ടുമെന്നും അവർ പറഞ്ഞു. മരുന്ന് കമ്പനികളുമായുള്ള കെ. മുരളീധരന്റെ ബന്ധം അന്വേഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

എസ്എംഎ ബാധിച്ച കുട്ടികളെ പരീക്ഷണവസ്തുവാക്കിയെന്നും ഇതാണ് രക്ഷിതാക്കൾക്ക് ആശങ്ക ഉണ്ടാക്കാൻ കാരണമായതെന്നും സുതാര്യമല്ലാതെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.

ആരോഗ്യവകുപ്പ് കെ. മുരളീധരൻ ചോദിച്ചു വാങ്ങിയെന്നും, നിസാരം എന്നാണ് മുരളീധരൻ പറഞ്ഞതെന്നും വന്നതിന് ശേഷം വകുപ്പിൽ പ്രശ്നങ്ങൾ തുടങ്ങിയെന്നും വിമർശനം ഉന്നയിച്ചു.

വിമർശനം ഉണ്ടാകാത്ത വകുപ്പ് അല്ല ആരോഗ്യവകുപ്പെന്നും വിമർശനങ്ങളെ പരിഹാസത്തോടെ തങ്ങൾ ആരും കണ്ടിട്ടില്ലെന്നും മാധ്യമങ്ങൾ ഇപ്പോൾ ആരോഗ്യവകുപ്പിനെതിരെ ഉയർത്തുന്ന വിമർശനം വസ്തുതാപരമാണെന്നും നീതിബോധം ഇല്ലാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് ആരോഗ്യവകുപ്പ് മന്ത്രിയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് തവണ ആരോഗ്യ മന്ത്രിമാരായി അഞ്ച് വർഷം പൂർത്തിയാക്കിയവരാണ് തങ്ങളെന്നും ഏവർക്കും അഭിമാനിക്കാൻ കഴിയുന്ന വിധത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ പത്ത് വർഷക്കാലമെന്നും ഈ കാലം കൊണ്ട് ആശുപത്രികളുടെ പരിതസ്ഥിതിയാകെ മാറിയെന്നും ഇതോടെ ലോകത്താകമാനം പ്രശംസ പിടിച്ചുപറ്റാൻ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് സാധിച്ചെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങൾ മന്ത്രിമാരായിരുന്ന ഘട്ടത്തിൽ പരാതികൾ ഉണ്ടായിട്ടുണ്ടാകാം പക്ഷേ ഇത്തരം നടപടികൾ ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. മന്ത്രി നല്ല വാക്സാമർത്ഥ്യം ഉള്ളയാളാണെന്നും എന്നാൽ, വായിക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് മന്ത്രി പറയരുതെന്നും അവർ കൂട്ടിച്ചേർത്തു.

Former health ministers Veena George, K.K. Shailaja and P.K. Sreemathi held a joint press conference criticising the health department’s functioning after K. Muraleedharan took charge. They alleged irregularities in the SMA drug issue, said parents must be reassured, and demanded an inquiry into the minister’s links with drug companies.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388225/former-health-ministers-probe-drug-firm-links)