---
title: "‘ഡിപ്രഷൻ മാറ്റാൻ അയച്ചത്, നല്ല മനഃസുഖം കിട്ടി’; കേരളത്തിൽ ബോംബ് ഭീഷണി വാർത്തയായപ്പോൾ സന്തോഷം തോന്നിയെന്ന് മൊഴി, ക്ലിഫ് ഹൗസിലടക്കം 102 തവണ ബോംബ് ഭീഷണി മുഴക്കിയ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ"
english_title: "‘Sent to Ease Depression, It Gave Me Relief’: Software Engineer Arrested in 102 Bomb Threat Cases"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388001/software-engineer-arrested-bomb-threat-cases-kerala"
published_at: "2026-10-21T10:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad841a9d8a80_software-engineer-arrested-bomb-threat-cases-kerala.jpg"
keywords: ["BombThreat", "KeralaPolice", "CyberCrime", "SoftwareEngineer"]
---

# ‘ഡിപ്രഷൻ മാറ്റാൻ അയച്ചത്, നല്ല മനഃസുഖം കിട്ടി’; കേരളത്തിൽ ബോംബ് ഭീഷണി വാർത്തയായപ്പോൾ സന്തോഷം തോന്നിയെന്ന് മൊഴി, ക്ലിഫ് ഹൗസിലടക്കം 102 തവണ ബോംബ് ഭീഷണി മുഴക്കിയ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് നിരന്തരം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചെന്ന കേസിൽ സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ.

## Article Content

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് നിരന്തരം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചെന്ന കേസിൽ സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ.

തമിഴ്നാട് സ്വദേശി ശരത് സുബ്രഹ്മണ്യനെയാണ് തമിഴ്നാട് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്.) അറസ്റ്റ് ചെയ്തത്. കേരളത്തിൽ മാത്രം ഇയാൾക്കെതിരെ 102 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ തിരുവനന്തപുരം സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു.

അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന ശരത്, അവിടെനിന്ന് വ്യാജ ഇമെയിലുകൾ ഉപയോഗിച്ച് കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും പുറമേ നിരവധി വിദ്യാലയങ്ങളെയും ആശുപത്രികളെയും ലക്ഷ്യമിട്ടായിരുന്നു ഭീഷണികൾ.

തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലാണ് ശരത് നേരത്തെ തമിഴ്നാട് എ.ടി.എസിന്റെ പിടിയിലായത്. ചിത്രം നിർമിക്കാൻ ചാറ്റ്ജി.പി.ടി. ഉപയോഗിച്ചതായി ചോദ്യം ചെയ്യലിൽ വ്യക്തമായെന്നാണ് റിപ്പോർട്ട്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതോടെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഭീഷണി സന്ദേശങ്ങൾക്ക് പിന്നിലെ കാരണത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി നൽകിയ മൊഴിയും അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നുവെന്നും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതിനായാണ് വ്യാജ ഭീഷണി സന്ദേശങ്ങൾ അയച്ചതെന്നുമാണ് ശരത് പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിലേക്കും നേരത്തെ സമാനമായ ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നുവെന്നാണ് ഇയാളുടെ മൊഴി. എന്നാൽ അവ വലിയ വാർത്തയാകാത്തതിനാൽ പ്രതീക്ഷിച്ച സംതൃപ്തി ലഭിച്ചില്ലെന്നും കേരളത്തിൽ ഭീഷണി സന്ദേശങ്ങൾ വ്യാപകമായി വാർത്തയായത് സന്തോഷം നൽകിയെന്നും പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് വിവരം.

A software engineer from Tamil Nadu has been arrested in connection with 102 fake bomb threat cases reported across Kerala, including threats targeting the Secretariat and Cliff House. Police said the accused admitted he sent the messages to harass others after personal distress, and that the widespread attention in Kerala gave him satisfaction.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388001/software-engineer-arrested-bomb-threat-cases-kerala)