---
title: "തിരക്കില്ലാത്ത കായൽ, തീരാത്ത കാഴ്ചകൾ; ആലപ്പുഴയല്ല, മനസ്സ് നിറയ്ക്കാൻ അകലാപ്പുഴയിലേക്ക്..."
english_title: "Akalappuzha: Kerala’s Quiet Backwater Escape Near Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387885/akalappuzha-backwater-kozhiode-quiet-escape"
published_at: "2026-10-20T12:58:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad718505ed3b_akalappuzha-backwater-kozhiode-quiet-escape.jpg"
keywords: ["Akalappuzha", "KozhikodeTourism", "Backwaters", "KeralaTravel", "ShikaraRide"]
---

# തിരക്കില്ലാത്ത കായൽ, തീരാത്ത കാഴ്ചകൾ; ആലപ്പുഴയല്ല, മനസ്സ് നിറയ്ക്കാൻ അകലാപ്പുഴയിലേക്ക്...

> **Lead Summary:** **** കോഴിക്കോട് എന്ന് കേൾക്കുമ്പോൾ കടൽ, കാപ്പാട്, മിഠായിത്തെരുവ് എന്നൊക്കെയാണ് ഓർമ വരിക. എന്നാൽ തിരക്കുകളിൽ നിന്ന് മാറി,പ്രകൃതിയോടിണങ്ങി നിശബ്ദമായി ഒഴുകുന്ന ഒരു കായലുണ്ട്. പ്രാദേശിക ഭംഗി കൊണ്ട് പ്രസിദ്ധമായ അകലാപ്പുഴ. കൊയിലാണ്ടി താലൂക്കിലെ തിക്കോടിക്കും പയ്യോളിക്കും സമീപം പരന്നു കിടക്കുന്ന അകലാപ്പുഴ, കോഴിക്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത കായൽപ്പരപ്പാണ്.

## Article Content

**** കോഴിക്കോട് എന്ന് കേൾക്കുമ്പോൾ കടൽ, കാപ്പാട്, മിഠായിത്തെരുവ് എന്നൊക്കെയാണ് ഓർമ വരിക. എന്നാൽ തിരക്കുകളിൽ നിന്ന് മാറി,പ്രകൃതിയോടിണങ്ങി നിശബ്ദമായി ഒഴുകുന്ന ഒരു കായലുണ്ട്. പ്രാദേശിക ഭംഗി കൊണ്ട് പ്രസിദ്ധമായ അകലാപ്പുഴ. കൊയിലാണ്ടി താലൂക്കിലെ തിക്കോടിക്കും പയ്യോളിക്കും സമീപം പരന്നു കിടക്കുന്ന അകലാപ്പുഴ, കോഴിക്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത കായൽപ്പരപ്പാണ്.

നാട്ടുകാർ ഇതിനെ വിളിക്കുന്നത് ‘മലബാറിന്റെ കുട്ടനാട്' എന്നാണ്. ആദ്യ കാഴ്ചയിൽ തന്നെ അകലാപ്പുഴ നിങ്ങളെ അത്ഭുതപ്പെടുത്തും. വലിയ ടിക്കറ്റ് കൗണ്ടറുകളില്ല, അനൗൺസ്‌മെന്റില്ല ,ബഹളമില്ല. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ജലപ്പരപ്പ്, ഇരുവശവും കാവൽ നിൽക്കുന്ന തെങ്ങിൻതോപ്പുകൾ, കാറ്റിൽ ആടുന്ന പാടങ്ങൾ, തുഴയുടെ ശബ്ദം കേട്ട് ഉണരുന്ന ചെറിയ ഗ്രാമങ്ങൾ.

> ടോവിനോ തോമസ് നായകനായ 'തീവണ്ടി' എന്ന സിനിമയുടെ പല ഭാഗങ്ങളും ചിത്രീകരിച്ചത് ഇവിടെയായിരുന്നു. അന്ന് അണിയറപ്രവർത്തകർ പറഞ്ഞു “ഈ പുഴ ധ്യാനിക്കുന്നത് പോലെ തോന്നുന്നു" എന്ന്. പേരിൽ തന്നെയുണ്ട് കവിത - അകലം തൊടുന്ന പുഴ, അകലാപ്പുഴ. ആലപ്പുഴയിലെ പോലെ മോട്ടോറിന്റെ മുഴക്കമില്ലാത്ത, മനോഹരമായി അലങ്കരിച്ച ഷിക്കാര ബോട്ടുകളിലാണ് ഇവിടുത്തെ യാത്ര.

വെള്ളത്തിൽ തുഴ തൊടുന്ന മൃദുല ശബ്ദം മാത്രം. ഒരു മണിക്കൂർ ഷിക്കാര, പെഡൽ ബോട്ട്, കയാക്കിംഗ്, ഫ്ലോട്ടിംഗ് റസ്റ്റോറന്റ് എന്നിവ ലഭ്യമാണ്. അകലാപ്പുഴയിൽ നിന്ന് അൽപം മുന്നോട്ട് പോയാൽ നാരായണൻ ചിറയുമായി ചേരുന്ന ഇടമാണ് പരക്കൽ താഴം. ഏക്കറുകളോളം പരന്നു കിടക്കുന്ന ശുദ്ധജല സംഭരണിയാണ് നാരായണൻ ചിറ. ചിറ ഒരുവശത്ത്, പുഴ മറുവശത്ത്, നടുവിൽ ഒരു ബണ്ട്. പ്രകൃതി തീർത്ത അത്ഭുതം ഫോട്ടോഗ്രാഫർമാരുടെ സ്വർഗം.

ബോട്ട് യാത്ര കഴിഞ്ഞ് കരയിൽ എത്തിയാൽ പുഴയുടെ രുചിയും കാത്തിരിപ്പുണ്ട്. പുഴയിൽ നിന്ന് പിടിച്ച കരിമീൻ ഫ്രൈ, ഞണ്ട് കറി, പുട്ട്, കൊയിലാണ്ടി ഹൽവ. മുൻകൂട്ടി പറഞ്ഞാൽ മത്സ്യത്തൊഴിലാളികൾ പിടിച്ചതും ഫ്രഷ് ആയി വാങ്ങാം. ആലപ്പുഴയിൽ സഞ്ചാരികൾക്കുള്ള ഹൗസ് ബോട്ടുകളാണ് ഉള്ളതെങ്കിൽ, അകലാപ്പുഴയിൽ യാത്രികർക്കുള്ള കായലാണ് ഉള്ളത്. ഇവിടെ തിരക്കില്ല.

ആരും നിങ്ങളെ ധൃതിപ്പെടുത്തില്ല. ഒരു ഷിക്കാരയിൽ കയറി, ഒരു മണിക്കൂർ ഫോൺ ഓഫ് ചെയ്ത് വെള്ളത്തിന്റെ ശബ്ദം മാത്രം കേൾക്കൂ. ഒരു തോണിക്കാരൻ പറഞ്ഞത് പോലെ ‘അകലാപ്പുഴ അടുത്തുള്ളപ്പോൾ പിന്നെ എന്തിനാ ദൂരേക്ക് പോകുന്നത്?’ കോഴിക്കോട് നഗരത്തിൽ നിന്ന്:38 കി.മീ. എൻ എച്ച് വഴി കൊയിലാണ്ടി - പയ്യോളി - അകലാപ്പുഴ ബോട്ടിംഗ് പോയിന്റ് എത്തി ചേരാം.രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെ ബോട്ടിംഗ്. സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാം. മഴക്കാലം കൂടുതൽ മനോഹരമെങ്കിലും നവംബർ - ഫെബ്രുവരി ആണ് യാത്രയ്ക്ക് ഉത്തമം.

Akalappuzha, near Koyilandy in Kozhikode district, is emerging as a serene backwater destination known for its natural beauty and calm waters. Visitors can enjoy shikara rides, kayaking, pedal boats, floating restaurants, and local seafood while avoiding the crowds often associated with more famous tourist spots.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387885/akalappuzha-backwater-kozhiode-quiet-escape)