---
title: "വഖഫ് ബോർഡ് തർക്കത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ സമവായ ധാരണ"
english_title: "Waqf Board Row Settled; Kanthapuram Faction to Get Representation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387868/waqf-board-row-settled-kanthapuram-representation"
published_at: "2026-10-20T11:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad705df003c7_waqf-board-row-settled-kanthapuram-representation.jpg"
keywords: ["WaqfBoard", "Kanthapuram", "KeralaPolitics", "HajCommittee", "ConsensusDeal"]
---

# വഖഫ് ബോർഡ് തർക്കത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ സമവായ ധാരണ

> **Lead Summary:** **തിരുവനന്തപുരം: **വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാൻ സമവായ ധാരണയായി. വിഷയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നടത്തിയ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് മാസങ്ങളായി നിലനിന്നിരുന്ന തർക്കത്തിന് പരിഹാരമായത്.

## Article Content

**തിരുവനന്തപുരം: **വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാൻ സമവായ ധാരണയായി. വിഷയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നടത്തിയ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് മാസങ്ങളായി നിലനിന്നിരുന്ന തർക്കത്തിന് പരിഹാരമായത്.

മുഖ്യമന്ത്രി മുന്നോട്ടുവെച്ച സമവായ ഫോർമുല പ്രകാരം നിലവിലെ വഖഫ് ബോർഡ് അംഗം തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി സ്ഥാനം ഒഴിയും. പകരം കാന്തപുരം വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയെ ബോർഡിൽ ഉൾപ്പെടുത്തും. ഇതിന് പകരമായി കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയുകയും തുടർന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയമിക്കുകയും ചെയ്യും. വിഷയത്തിൽ സമവായത്തിലെത്തിയതോടെ കാന്തപുരം വിഭാഗം ഒക്ടോബർ 22-ന് നടത്താനിരുന്ന കലക്ടറേറ്റ് മാർച്ച് പിൻവലിച്ചേക്കുമെന്നാണ് വിവരം.

ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി എ.പി. വിഭാഗം കോഴിക്കോട്ട് അടിയന്തര യോഗം ചേരും. കൂടാതെ മുതിർന്ന നേതാക്കൾ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും പദ്ധതിയിടുന്നുണ്ട്. വഖഫ് ബോർഡിലെ തർക്കങ്ങളിൽ പൂർണ്ണ സമവായമായെന്ന് മന്ത്രി എൻ. ഷംസുദ്ധീൻ പ്രതികരിച്ചു. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുത്തുമെന്നും എല്ലാവരെയും ചേർത്തുവെച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ചില കാറ്റഗറി മാനദണ്ഡങ്ങൾ കാരണമാണ് എല്ലാവരെയും ഉൾപ്പെടുത്താൻ സാധിക്കാതെ പോയതെന്നും ആരെയും ബോധപൂർവ്വം മാറ്റിനിർത്തിയതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു വിഭാഗത്തെയും മനഃപ്പൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നും കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും ചർച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായത്.

**English Summary:**

A consensus has been reached over the Kanthapuram faction’s representation in the Kerala Waqf Board after the Chief Minister’s intervention. Under the compromise formula, Thodiyoor Muhammad Kunhi Moulavi will step down from the board and be appointed Haj Committee chairman, while the faction is expected to withdraw its planned October 22 Collectorate march.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387868/waqf-board-row-settled-kanthapuram-representation)