---
title: "വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റു; അമ്മയ്ക്കും അഞ്ചുവയസുകാരനും ഗുരുതര പരിക്ക്, വീടിന്റെ ചുവരും കിണറും തകർന്നു"
english_title: "Lightning Strike Inside Home Injures Mother and Five-Year-Old in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387853/lightning-strike-home-injures-mother-child"
published_at: "2026-10-20T10:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6f1e0ed2bd_lightning-strike-home-injures-mother-child.jpg"
keywords: ["LightningStrike", "KollamNews", "KeralaRain", "BurnInjury", "SatHospital"]
---

# വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റു; അമ്മയ്ക്കും അഞ്ചുവയസുകാരനും ഗുരുതര പരിക്ക്, വീടിന്റെ ചുവരും കിണറും തകർന്നു

> **Lead Summary:** **കൊല്ലം: **നെടുമ്പനയിൽ വീട്ടിൽ ആഹാരം കഴിച്ചുകൊണ്ടിരിക്കെ അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. ഇരുവരുടെയും ശരീരത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അഞ്ച് വയസുകാരനായ കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി , മകൻ ആദിദേവ് എന്നിവർക്കാണ് അപകടമുണ്ടായത്. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിന്നലിന്റെ ആഘാതത്തിൽ ഇവരുടെ വീടിന്റെ ചുവരും കിണറും തകരുകയും, സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ച് ഇലക്ട്രിക് വയറുകൾ പൂർണ്ണമായി കത്തിപ്പോവുകയും ചെയ്തു. മഴ കുറഞ്ഞ സമയത്താണ് ഈ അപ്രതീക്ഷിത ദുരന്തമുണ്ടായത്.

## Article Content

**കൊല്ലം: **നെടുമ്പനയിൽ വീട്ടിൽ ആഹാരം കഴിച്ചുകൊണ്ടിരിക്കെ അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. ഇരുവരുടെയും ശരീരത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അഞ്ച് വയസുകാരനായ കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി , മകൻ ആദിദേവ് എന്നിവർക്കാണ് അപകടമുണ്ടായത്. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിന്നലിന്റെ ആഘാതത്തിൽ ഇവരുടെ വീടിന്റെ ചുവരും കിണറും തകരുകയും, സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ച് ഇലക്ട്രിക് വയറുകൾ പൂർണ്ണമായി കത്തിപ്പോവുകയും ചെയ്തു. മഴ കുറഞ്ഞ സമയത്താണ് ഈ അപ്രതീക്ഷിത ദുരന്തമുണ്ടായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭർതൃമാതാവ് നന്ദിനിയും വീടിന്റെ മുൻവശത്തെ മുറിയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടയിലാണ് ശ്രീദേവിയും ആദിദേവും അടുക്കള ഭാഗത്തേക്ക് പോയത്. ഈ സമയം പെട്ടെന്ന് ശക്തമായ ഇടിയും മിന്നലുമുണ്ടാകുകയും ഇരുവരുടെയും മേൽ പതിക്കുകയുമായിരുന്നു. ശബ്ദം കേട്ട് നന്ദിനിയും മറ്റ് കുട്ടികളും അടുക്കള ഭാഗത്തേക്ക് എത്തിയപ്പോൾ അമ്മയും കുഞ്ഞും നിലത്തുവീണ് കിടക്കുന്നതാണ് കണ്ടത്.

ഉടൻതന്നെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളുടെ സഹായത്തോടെ ഇരുവരെയും നെടുമ്പന ടി.ബി. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. അമ്മ ശ്രീദേവിയെയും കുഞ്ഞിനൊപ്പം വിദഗ്ധ ചികിത്സയ്ക്കായി ഇതേ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഉച്ചയ്ക്ക് 12.30 മുതൽ നെടുമ്പന ഉഗ്രാംകുന്ന് ഭാഗത്ത് മഴയുണ്ടായിരുന്നു. രണ്ട് മണി കഴിഞ്ഞതോടെ മഴ നേരിയ തോതിൽ ശമിച്ചെങ്കിലും ശക്തമായ ഇടിയും മിന്നലുമുണ്ടാകുകയായിരുന്നു. കുറച്ചുനാൾ മുൻപും ഇതേ പ്രദേശത്ത് മറ്റൊരു വീട്ടിൽ ഇടിമിന്നലേറ്റിരുന്നുവെന്ന് വാർഡ് മെമ്പർ നിസാമോൾ വ്യക്തമാക്കി. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം കെ.എസ്.ഇ.ബി. അധികൃതരുമായും വില്ലേജ് ഓഫീസറുമായും ബന്ധപ്പെട്ട് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

**English Summary:**

A mother and her five-year-old son suffered severe burns after lightning struck them inside their home in Nedumpana, Kollam, while they were having food. The impact also damaged the house wall, well, switchboards, and wiring, and both have been shifted to SAT Hospital in Thiruvananthapuram for advanced treatment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387853/lightning-strike-home-injures-mother-child)