---
title: "കാവുകളിൽ ചിലമ്പൊച്ചയും മേളപ്പെരുക്കവും; ഉത്തരമലബാറിൽ വീണ്ടും തെയ്യക്കാലം, വിശ്വാസത്തിന്റെ നിറവിൽ കളിയാട്ടങ്ങൾക്ക് തുടക്കം"
english_title: "Theyyam Season Returns to North Malabar; Ritual Performances Begin from Thulam 1"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387834/theyyam-season-returns-north-malabar"
published_at: "2026-10-20T08:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6dfb0c7317_theyyam-season-returns-north-malabar.jpg"
keywords: ["TheyyamSeason", "NorthMalabar", "KeralaCulture", "RitualArts", "CulturalTourism"]
---

# കാവുകളിൽ ചിലമ്പൊച്ചയും മേളപ്പെരുക്കവും; ഉത്തരമലബാറിൽ വീണ്ടും തെയ്യക്കാലം, വിശ്വാസത്തിന്റെ നിറവിൽ കളിയാട്ടങ്ങൾക്ക് തുടക്കം

> **Lead Summary:** കണ്ണൂർ: ഉത്തരമലബാറിന്റെ മണ്ണിൽ വീണ്ടും തെയ്യക്കാലത്തിന് അരങ്ങുണരുന്നു. കാവുകളിലും ദേവസ്ഥാനങ്ങളിലും ചിലമ്പൊച്ചയും ചെണ്ടമേളങ്ങളും നിറയുമ്പോൾ വിശ്വാസത്തിന്റെ നിറച്ചാർത്തണിഞ്ഞ് തെയ്യക്കോലങ്ങൾ അരങ്ങിലെത്തുകയാണ്. തിരുവായുധങ്ങളേന്തിയും തിരുപ്പുടവയണിഞ്ഞും ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന തെയ്യങ്ങളുടെ വരവോടെ ഉത്തരമലബാർ ഇനി കളിയാട്ടങ്ങളുടെ ആഘോഷനാളുകളിലേക്ക് കടക്കും. തുലാം ഒന്നുമുതൽ തെയ്യങ്ങൾ അരങ്ങിലെത്തിത്തുടങ്ങും.

## Article Content

കണ്ണൂർ: ഉത്തരമലബാറിന്റെ മണ്ണിൽ വീണ്ടും തെയ്യക്കാലത്തിന് അരങ്ങുണരുന്നു. കാവുകളിലും ദേവസ്ഥാനങ്ങളിലും ചിലമ്പൊച്ചയും ചെണ്ടമേളങ്ങളും നിറയുമ്പോൾ വിശ്വാസത്തിന്റെ നിറച്ചാർത്തണിഞ്ഞ് തെയ്യക്കോലങ്ങൾ അരങ്ങിലെത്തുകയാണ്. തിരുവായുധങ്ങളേന്തിയും തിരുപ്പുടവയണിഞ്ഞും ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന തെയ്യങ്ങളുടെ വരവോടെ ഉത്തരമലബാർ ഇനി കളിയാട്ടങ്ങളുടെ ആഘോഷനാളുകളിലേക്ക് കടക്കും. തുലാം ഒന്നുമുതൽ തെയ്യങ്ങൾ അരങ്ങിലെത്തിത്തുടങ്ങും.

കേരളത്തിന്റെ തനത് അനുഷ്ഠാന കലാരൂപമായ തെയ്യം വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കാർഷിക സംസ്കാരത്തിന്റെയും സമന്വയമാണ്. തീപ്പന്തങ്ങളേന്തി തീക്കൂനയിലേക്ക് ചാടിയും നിറഞ്ഞാടിയും ഭക്തർക്ക് മുന്നിലെത്തുന്ന തെയ്യക്കോലങ്ങൾ ഉത്തരമലബാറിന്റെ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. സങ്കടങ്ങൾക്ക് കാതോർത്ത് ആശ്വാസവാക്കുകൾ പകരുന്ന തെയ്യങ്ങളുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തരാണ് ഓരോ വർഷവും കാവുകളിലെത്തുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും നിരവധി സഞ്ചാരികളും തെയ്യക്കാലത്ത് ഉത്തരമലബാറിലേക്ക് എത്താറുണ്ട്. ഇതിലൂടെ പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഉണർവ് ലഭിക്കുന്നു.

എല്ലാ വർഷവും തെയ്യം കെട്ടിയാടുന്ന കാവുകൾക്ക് പുറമേ ഒന്നോ രണ്ടോ മൂന്നോ വർഷത്തെ ഇടവേളകളിൽ കളിയാട്ടം നടത്തുന്ന ദേവസ്ഥാനങ്ങളുമുണ്ട്. വർഷങ്ങളുടെ ഇടവേളകളിൽ നടക്കുന്ന പെരുങ്കളിയാട്ടങ്ങളും ഉത്തരമലബാറിന്റെ സവിശേഷതയാണ്.

**തുലാപ്പത്തിന് കാവുകൾ ഉണരും**

വിശ്വാസവും കാർഷിക സംസ്കാരവും ഒത്തുചേരുന്ന തുലാപ്പത്തിന് കാവുകളിലും ദേവസ്ഥാനങ്ങളുള്ള തറവാടുകളിലും പ്രത്യേക അനുഷ്ഠാനങ്ങൾ നടക്കും. ഈ വർഷം തെയ്യാട്ടമില്ലാത്ത കാവുകളിലും പത്താമുദയ ദിവസം ആചാരാനുഷ്ഠാനങ്ങൾ നടത്തും.

തുലാപ്പത്തോടെ എല്ലാ കാവുകളും സജീവമാകുമെങ്കിലും തുലാം ഒന്നുമുതൽ തന്നെ തെയ്യങ്ങൾ അരങ്ങിലെത്തിത്തുടങ്ങും. തിമിരി പാടത്ത് വലിയ വളപ്പിൽ ചാമുണ്ഡിയാണ് കളിയാട്ടങ്ങൾക്ക് തുടക്കമിട്ട് അരങ്ങിലെത്തുന്നത്. പുലയ സമുദായക്കാരാണ് വലിയ വളപ്പിൽ ചാമുണ്ഡിയെ കെട്ടിയാടുന്നത്.

**പയ്യന്നൂരിൽ 11 ദിവസം തുടർച്ചയായി തെയ്യങ്ങൾ**

'വേലം പക്കൽ കോലം' എന്ന ചൊല്ല് കോലത്തുനാട്ടിൽ പ്രസിദ്ധമാണ്. പയ്യന്നൂർ പെരുമാളിന്റെ അധീനതയിലുള്ള കാവുകളിലും ദേവസ്ഥാനങ്ങളിലും വേലന്മാർ കെട്ടിയാടുന്ന തെയ്യങ്ങൾ തുലാം ഒന്നുമുതൽ 11 വരെ വിവിധ ദിവസങ്ങളിലായി അരങ്ങിലെത്തും.

പെരുമാളിന്റെ തട്ടകത്തിലെ കുണ്ടോർ ചാമുണ്ഡിയുടെ കളിയാട്ടമെന്നാണ് ഈ 11 ദിവസത്തെ തെയ്യാട്ടങ്ങളെ വിശേഷിപ്പിക്കുന്നത്.

പയ്യന്നൂർ മമ്പലം തെക്കടവൻ തറവാട് ദേവസ്ഥാനത്താണ് കളിയാട്ടങ്ങൾക്ക് തുടക്കമാകുന്നത്. തുലാം ഒന്ന്, രണ്ട് തീയതികളിലാണ് ഇവിടെ തെയ്യങ്ങൾ അരങ്ങിലെത്തുക.

തുടർന്ന് തുലാം രണ്ട്, മൂന്ന് തീയതികളിൽ പയ്യന്നൂർ കൊറ്റിയിലെ പിലാങ്കു തറവാട് ദേവസ്ഥാനത്തും മൂന്ന്, നാല് തീയതികളിൽ കൊറ്റിയിലെ കുത്തൂർ തറവാട് ദേവസ്ഥാനത്തും കളിയാട്ടങ്ങൾ നടക്കും.

തുലാം നാല്, അഞ്ച് തീയതികളിൽ പയ്യന്നൂർ തൊട്ടേൻ തറവാട് ദേവസ്ഥാനത്തും അഞ്ച്, ആറ് തീയതികളിൽ പയ്യന്നൂർ ഉത്തമന്തിൽ കിഴക്കേ വീട് തറവാട് ദേവസ്ഥാനത്തും തെയ്യങ്ങൾ കെട്ടിയാടും.

ആറ്, ഏഴ് തീയതികളിൽ എടവലത്ത് തറവാട് ദേവസ്ഥാനത്തും ഏഴ്, എട്ട് തീയതികളിൽ പുളുക്കൂൽ തറവാട് ദേവസ്ഥാനത്തും എട്ട്, ഒൻപത് തീയതികളിൽ കലശപ്പുര തറവാട് ദേവസ്ഥാനത്തും കളിയാട്ടങ്ങൾ നടക്കും.

തുലാം ഒൻപത്, പത്ത് തീയതികളിൽ പുല്ലായ്ക്കൊടി തറവാട് ദേവസ്ഥാനത്തും പത്ത്, പതിനൊന്ന് തീയതികളിൽ എടാടൻ തറവാട് ദേവസ്ഥാനത്തുമാണ് തെയ്യങ്ങൾ അരങ്ങിലെത്തുക.

കാസർകോടൻ ഗ്രാമങ്ങളിലേക്കും തെയ്യക്കോലങ്ങൾ

തുലാം പതിനൊന്നിന് അരയി കാർത്തികച്ചാമുണ്ഡിക്കാവിലെ തെയ്യങ്ങൾ പുഴ കടന്ന് അള്ളട ദേശത്തെ കാസർകോടൻ ഗ്രാമങ്ങളിലെത്തും.

അള്ളട ദേശത്ത് ആദ്യം തെയ്യക്കോലങ്ങൾ അരങ്ങിലെത്തിയിരുന്നത് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാർക്കാവിലായിരുന്നു. എന്നാൽ, 2024ൽ ഉണ്ടായ വെടിക്കെട്ട് അപകടത്തെ തുടർന്ന് ഇത്തവണയും ഇവിടെ കളിയാട്ടം നടക്കില്ല.

2027ൽ ചാമുണ്ഡിയമ്മയുടെ പുനഃപ്രതിഷ്ഠയും ബ്രഹ്മകലശോത്സവവും നടത്തിയ ശേഷമേ ഇവിടെ വീണ്ടും തെയ്യങ്ങൾ അരങ്ങിലെത്തുകയുള്ളൂ.

**അണിയലങ്ങൾ ഒരുക്കി കോലധാരികൾ**

തെയ്യക്കാലത്തെ വരവേൽക്കാൻ കാവുകളും തറവാടുകളും കോലധാരികളും ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അണിയലങ്ങൾ മിനുക്കിയും ഉടയാടകൾ പുതുക്കിയും തെയ്യക്കോലങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

ചിലമ്പിന്റെ താളവും ചെണ്ടയുടെ മേളപ്പെരുക്കവും വീണ്ടും മുഴങ്ങുമ്പോൾ ഉത്തരമലബാറിന്റെ കാവുകളും ഗ്രാമങ്ങളും വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷഭൂമികളായി മാറും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387834/theyyam-season-returns-north-malabar)