---
title: "സംരക്ഷിക്കേണ്ട കൈകൾ തന്നെ ചൂഷണത്തിലേക്ക് തള്ളിവിട്ടു....! ഒരു ദിവസം 15 പേരിൽനിന്ന് പീഡനം നേരിട്ടെന്ന് പതിനാറുകാരി; വഴങ്ങാതിരുന്നപ്പോൾ തീകൊളുത്തി പൊള്ളിച്ചെന്നും മൊഴി, കോവളത്ത് ഞെട്ടിക്കുന്ന വിവരങ്ങൾ"
english_title: "Protected by None: 16-Year-Old’s Harrowing Abuse in Kovalam Exposed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387825/kovalam-teen-abuse-human-trafficking"
published_at: "2026-10-20T07:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6d247bd405_kovalam-teen-abuse-human-trafficking.jpg"
keywords: ["HumanTrafficking", "ChildAbuse", "KeralaCrime", "KovalamCase", "Pocso"]
---

# സംരക്ഷിക്കേണ്ട കൈകൾ തന്നെ ചൂഷണത്തിലേക്ക് തള്ളിവിട്ടു....! ഒരു ദിവസം 15 പേരിൽനിന്ന് പീഡനം നേരിട്ടെന്ന് പതിനാറുകാരി; വഴങ്ങാതിരുന്നപ്പോൾ തീകൊളുത്തി പൊള്ളിച്ചെന്നും മൊഴി, കോവളത്ത് ഞെട്ടിക്കുന്ന വിവരങ്ങൾ

> **Lead Summary:** തിരുവനന്തപുരം: കോവളത്ത് ലൈംഗിക ചൂഷണത്തിന് ഇരയായ പതിനാറുകാരി നേരിട്ടത് അതിക്രൂര പീഡനം. ലൈംഗിക ചൂഷണത്തിന് സമ്മതിക്കാതിരുന്നതോടെ ബന്ധുക്കളായ പ്രതികൾ തീകൊളുത്തി പൊള്ളിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.

## Article Content

തിരുവനന്തപുരം: കോവളത്ത് ലൈംഗിക ചൂഷണത്തിന് ഇരയായ പതിനാറുകാരി നേരിട്ടത് അതിക്രൂര പീഡനം. ലൈംഗിക ചൂഷണത്തിന് സമ്മതിക്കാതിരുന്നതോടെ ബന്ധുക്കളായ പ്രതികൾ തീകൊളുത്തി പൊള്ളിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.

ഒരു ദിവസം സ്പായിൽ വച്ച് പീഡിപ്പിച്ചത് പതിനഞ്ചോളം പേരാണെന്ന് പെൺകുട്ടിയുടെ മൊഴി. കോവളത്തെ രണ്ട് സ്പാകളിലെ സിസിടിവി ദൃശ്യങ്ങളും സ്പായിൽ എത്തിയവരുടെ പേരുള്ള രജിസ്റ്റർ ബുക്കും പ്രതികൾ ഒളിപ്പിച്ചെന്നാണ് സൂചന. ദക്ഷിണ മേഖല ഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, നടന്നത് മനുഷ്യക്കടത്താണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. പ്രതികൾക്കെതിരെ മനുഷ്യക്കടത്തിനുള്ള വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ, ബലാത്സംഗം തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി.

കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശി നിശാന്ത് എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ സ്പായിൽ വിറ്റ മാതൃസഹോദരിയുടെയും അവരുടെ ഭർത്താവിന്റെയും അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.

ചെന്നൈയിൽ ഉൾപ്പെടെ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ കോവളം പൊലീസ് മറ്റൊരു സീറോ എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. കേസ് ചെന്നൈ ഗുഡുവാഞ്ചേരി പൊലീസിന് കൈമാറി.

പെൺകുട്ടിയെ ചൂഷണത്തിന് ഉപയോഗിച്ച രണ്ട് സ്പാകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്താനാണ് പൊലീസ് നീക്കം.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് അനാഥയായ പെൺകുട്ടിയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന മാതൃസഹോദരിയും ഭർത്താവും അവളെ കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ സ്പാകളിലായി കുട്ടിയെ ജോലിക്ക് നിർത്തുകയും അവിടെവച്ച് നിരന്തരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു.

ക്രൂരമായ ചൂഷണങ്ങൾക്കൊടുവിൽ സ്പായിൽ വച്ച് പരിചയപ്പെട്ട ഒരു യുവാവുമായി പെൺകുട്ടി പ്രണയത്തിലാകുകയും തുടർന്ന് ഇയാളോടൊപ്പം ഒളിച്ചോടാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി രജിസ്റ്റർ ചെയ്ത് കോവളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അവൾക്ക് പതിനാറ് വയസ് മാത്രമാണുള്ളതെന്നും കൈവശമുണ്ടായിരുന്ന ആധാർ കാർഡ് വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയത്. ജൂലൈ മുതൽ പത്തോളം വിവിധ സ്പാകളിൽ പെൺകുട്ടിയെ ജോലി ചെയ്യിപ്പിച്ചിരുന്നതായും വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

A 16-year-old girl in Kovalam has alleged severe sexual abuse and torture, saying she was assaulted by around 15 people in a single day at a spa. Police have confirmed human trafficking, arrested multiple suspects, and transferred part of the case to Chennai after finding links there.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387825/kovalam-teen-abuse-human-trafficking)