---
title: "ഒരു നൂറ്റാണ്ടിന്റെ പോരാട്ടചരിത്രം, മലയാളികളുടെ ഹൃദയത്തിലെ മായാത്ത മുഖം; വി.എസിന്റെ 103-ാം ജന്മദിനം ഇന്ന്"
english_title: "VS Achuthanandan Turns 103: A Century of Struggle and Public Memory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387824/vs-achuthanandan-103rd-birth-anniversary"
published_at: "2026-10-20T07:41:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6ce7ed4d0b_vs-achuthanandan-103rd-birth-anniversary.jpg"
keywords: ["VSAchuthanandan", "KeralaPolitics", "CommunistLeader", "BirthAnniversary", "Alappuzha"]
---

# ഒരു നൂറ്റാണ്ടിന്റെ പോരാട്ടചരിത്രം, മലയാളികളുടെ ഹൃദയത്തിലെ മായാത്ത മുഖം; വി.എസിന്റെ 103-ാം ജന്മദിനം ഇന്ന്

> **Lead Summary:** അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ 103-ാം ജന്മദിനാചരണത്തിന് ജന്മനാടും വേലിക്കകത്ത് വീടും ഒരുങ്ങി. ജന്മദിനമായ ഇന്ന് രാവിലെ 9.30ന് വലിയ ചുടുകാടിലെ സ്മൃതിമണ്ഡപത്തിൽ ഭാര്യ വസുമതി, മക്കളായ അരുൺകുമാർ, ഡോ. ആശ എന്നിവരും പാർട്ടിപ്രവർത്തകരും പുഷ്പാർച്ചന നടത്തും.

## Article Content

അമ്പലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ 103-ാം ജന്മദിനാചരണത്തിന് ജന്മനാടും വേലിക്കകത്ത് വീടും ഒരുങ്ങി. ജന്മദിനമായ ഇന്ന് രാവിലെ 9.30ന് വലിയ ചുടുകാടിലെ സ്മൃതിമണ്ഡപത്തിൽ ഭാര്യ വസുമതി, മക്കളായ അരുൺകുമാർ, ഡോ. ആശ എന്നിവരും പാർട്ടിപ്രവർത്തകരും പുഷ്പാർച്ചന നടത്തും.

വൈകിട്ട് മൂന്നിന് രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ വേലിക്കകത്ത് വീട്ടിലെത്തും. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, സി.പി.എം നേതാവ് ടി. ശശിധരൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ വീട്ടുമുറ്റത്തെ വി.എസിന്റെ അർദ്ധകായപ്രതിമയിൽ പുഷ്പാർച്ചന നടത്തി ഓർമ്മകൾ പങ്കുവയ്ക്കും. അലോഷിയുടെ ഗാനാലാപനവും നാലിന് അസംബ്ലി ജംഗ്ഷനിൽ ജനനായകൻ നവമാധ്യമകൂട്ടായ്മയുടെ പായസവിതരണവും ഉണ്ടാകും.

മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കർമനിരതനായ കമ്യൂണിസ്റ്റ് എന്നിങ്ങനെ വി.എസ്. മലയാളികളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതായിരുന്നു.

പോരാട്ടമെന്ന വാക്കിന് ഒരു ആൾരൂപമായിരുന്നു വി.എസ്. അച്യുതാനന്ദൻ. നാടുവാഴി കാലത്ത് നട്ടെല്ല് ഉയർത്തി നിന്ന് മുഷ്ടി ചുരുട്ടിയതിന്റെ കരുത്തുമായി നാട്ടിലിറങ്ങി നിന്നതാണ് ആ ചങ്കൂറ്റം. ആ ഊർജം കൊണ്ടുവരവിന്റെ പിന്നിൽ അണിനിരന്ന മനുഷ്യർ ആവേശത്താൽ ആർപ്പുവിളിച്ചു.

കണ്ണേ കരളേ വി.എസ്സേ എന്ന ഒരൊറ്റ മുദ്രാവാക്യം വിളിയിൽ പലരുടെ സങ്കടങ്ങളൊഴുകി പോയി; ആശ നഷ്ടപ്പെട്ട നൂറുനൂറു മനുഷ്യർ എഴുന്നേറ്റുനിന്നു. പുന്നപ്ര വയലാറിൽ തുടങ്ങി സൂര്യനെല്ലിയിലേയും മൂന്നാറിലേയും വൻമലകളിൽ തട്ടിയ ആ മുദ്രാവാക്യം പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും എൻഡോസൾഫാൻ ഇരകൾക്കായുള്ള പോരാട്ടത്തിലും മുഴങ്ങിക്കേട്ടു.

ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനനം. കുട്ടിക്കാലം മുതൽക്കേ തുടങ്ങിയ പോരാട്ടജീവിതം. നാലാം വയസ്സിൽ അമ്മ അക്കമ്മയെയും 11-ാം വയസ്സിൽ അച്ഛൻ ശങ്കരനെയും നഷ്ടമായതോടെ ഏഴാം ക്ലാസിൽ വച്ച് ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു.

തുടർന്ന് മൂത്ത സഹോദരന്റെ തുന്നൽക്കടയിൽ സഹായി. പിന്നീട് കയർ ഫാക്ടറിയിൽ തൊഴിലാളി. സഖാക്കളുടെ സഖാവ് പി. കൃഷ്ണപിള്ളയുടെ സ്വാധീനം വി.എസിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിച്ചു. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം.

17-ാം വയസ്സിൽ പാർട്ടി അംഗം. തൊഴിലാളിവർഗ സമരത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര-വയലാർ സമരത്തിന്റെ മുന്നണിയിൽ വി.എസ്. അച്യുതാനന്ദൻ നിന്നു; പൊലീസ് മർദനങ്ങൾ ഏറ്റുവാങ്ങി.

1980 മുതൽ 1992 വരെ 12 വർഷം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി. പാർട്ടി ജയിക്കുമ്പോൾ വി.എസ്. തോൽക്കുകയും വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവും ഉണ്ടായി വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിൽ.

96-ൽ പാർട്ടിയുടെ ഉറച്ച കോട്ടയായ മാരാരിക്കുളത്ത് തോറ്റു. പിന്നീട് കണ്ടത് മറ്റൊരു വി.എസിനെ. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരുന്ന കാലം ജനകീയ നേതാവിലേക്കുള്ള പരകായപ്രവേശനത്തിന്റെ സമയമാണ്. എൻഡോസൾഫാൻ, കൊക്കകോള സമരം എന്നിവയെന്നിങ്ങനെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു.

മതികെട്ടാൻ മല നടന്നുകയറി. സൂര്യനെല്ലിയിലെ പാവം പെൺകുട്ടിക്ക് താങ്ങും തണലുമായി എന്നും ആ മനുഷ്യൻ നിന്നു. എൺപത്തിമൂന്നാം വയസ്സിൽ കേരളമുഖ്യമന്ത്രി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക് ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടി വന്നതും ചരിത്രം.

V.S. Achuthanandan’s 103rd birth anniversary is being observed in his native place and at his memorial, with floral tributes from family, party workers and political leaders. The article revisits his life of struggle, from early hardships and labour organizing to his rise as a towering communist leader and chief minister.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387824/vs-achuthanandan-103rd-birth-anniversary)