---
title: "ശശികല അമ്മയെ ചവിട്ടുന്നത് നേരിട്ട് കണ്ടു, 'അമ്മയുടെ മരണത്തിന് പിന്നിലെ സത്യം പുറത്തുവരണം'; ജയലളിതയുടെ സ്മൃതി മണ്ഡപത്തിൽ നിരാഹാര സമരത്തിനൊരുങ്ങി മകളെന്ന് അവകാശപ്പെടുന്ന സുനിത"
english_title: "Sunitha Claims She Saw Sasikala Kick Jayalalithaa, Demands Truth Behind Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387815/sunitha-claims-sasikala-kicked-jayalalithaa"
published_at: "2026-10-20T06:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6ba595d854_sunitha-claims-sasikala-kicked-jayalalithaa.jpg"
keywords: ["Jayalalithaa", "Sasikala", "Sunitha", "TamilNaduPolitics", "DNAClaim"]
---

# ശശികല അമ്മയെ ചവിട്ടുന്നത് നേരിട്ട് കണ്ടു, 'അമ്മയുടെ മരണത്തിന് പിന്നിലെ സത്യം പുറത്തുവരണം'; ജയലളിതയുടെ സ്മൃതി മണ്ഡപത്തിൽ നിരാഹാര സമരത്തിനൊരുങ്ങി മകളെന്ന് അവകാശപ്പെടുന്ന സുനിത

> **Lead Summary:** കൊച്ചി: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്നവകാശപ്പെടുന്ന തൃശൂർ കാട്ടൂർ സ്വദേശി കെ.എം. സുനിത ‘അമ്മ’യുടെ സ്മൃതി മണ്ഡപത്തിൽ നിരാഹാര സമരത്തിന്. ജയലളിതയുടേതു കൊലപാതകമാണെന്നും ഇത് അന്വേഷിക്കണമെന്നുമാണ് സുനിതയുടെ ആവശ്യം.

## Article Content

കൊച്ചി: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്നവകാശപ്പെടുന്ന തൃശൂർ കാട്ടൂർ സ്വദേശി കെ.എം. സുനിത ‘അമ്മ’യുടെ സ്മൃതി മണ്ഡപത്തിൽ നിരാഹാര സമരത്തിന്. ജയലളിതയുടേതു കൊലപാതകമാണെന്നും ഇത് അന്വേഷിക്കണമെന്നുമാണ് സുനിതയുടെ ആവശ്യം.

ഒപ്പം, താൻ ജയലളിതയുടെ മകളാണെന്ന് അറിയാവുന്നവർ അതു പുറത്തുപറയണമെന്നും സുനിത ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്കു കത്തു നൽകിയിട്ടും പ്രതികരണമൊന്നുമില്ലെന്നും അവർ പറഞ്ഞു. എറണാകുളം പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുനിതയുടെ ആവശ്യം.

തമിഴ്നാട്ടിൽ ജനിച്ച് കേരളത്തിൽ വളർന്ന തനിക്കു രണ്ട് കുട്ടികളുണ്ടെന്നും പുതിയ ടിവികെ സർക്കാരിൽനിന്നും മുഖ്യമന്ത്രിയിൽനിന്നും നീതിയും സുരക്ഷയും ലഭിക്കുമെന്ന വിശ്വാസത്തിലാണ് തമിഴ്നാട്ടിലേക്കു പോകുന്നതെന്നും അവർ പറഞ്ഞു.

തന്റെ ജീവനും മക്കളുടെ ജീവനും ഭീഷണിയുണ്ടെന്നും ‘അമ്മ’യ്ക്ക് നീതി വാങ്ങി നൽകുന്നതിനായി തന്റെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാമെന്നും സുനിത പറഞ്ഞു. എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്നതിനുള്ള തെളിവുകളും രേഖകളും തന്റെ കൈവശമുണ്ടെന്നും ഡിഎൻഎ പരിശോധന നടത്തിയിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നും തന്നെ മകളായി അംഗീകരിക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അപേക്ഷകൾ നൽകിയിരുന്നു. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

സുപ്രീം കോടതിയിൽ ഹർജി നൽകാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അവർ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയാണ്. അതിനാൽ ഇക്കാര്യത്തിൽ മുന്നോട്ടു പോക്ക് ഉണ്ടായിട്ടില്ല. താൻ പല തവണ ആക്രമിക്കപ്പെട്ടു.

ഒരിക്കൽ തൃശൂർ വച്ച് ആക്രമിക്കാൻ ശ്രമമുണ്ടാവുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ആക്രമിക്കാൻ ശ്രമിച്ചയാളുടെ ഭാര്യ കരഞ്ഞു പറഞ്ഞപ്പോൾ കേസുമായി മുന്നോട്ടു പോകാൻ ശ്രമിച്ചില്ല എന്നും അവർ പറഞ്ഞു.

എംജിആറിന്റെയും ജയലളിതയുടെയും മകളായ തന്നെ ജനിച്ച് 2 മാസം കഴിഞ്ഞപ്പോൾ സഹായിയായി നിന്ന മാധവൻ എന്ന തൃശൂരുകാരനെ ഏൽപ്പിക്കുകയായിരുന്നു എന്നാണ് സുനിത പറയുന്നത്. പിന്നീട് മാധവന്റെ മകളായാണ് വളർന്നത്.

ആ വീട്ടിൽനിന്ന് മാധവന്റെ ഭാര്യയുടെ ഒരുപാട് ഉപദ്രവം സഹിച്ചിട്ടുണ്ട്. തനിക്ക് 17 വയസുള്ളപ്പോൾ ജയലളിത തന്നെ കണ്ടെത്തി ആളെ അയച്ച് ചെന്നൈയിലേക്കു വിളിപ്പിക്കുകയായിരുന്നു. അന്നു കൂടെ വന്നവരൊക്കെ ഇന്നും ജീവിച്ചിരുപ്പുണ്ട്.

തന്റെ ഡിഎൻഎ പരിശോധനയും നടത്തി മകളാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ചെന്നൈയിലേക്ക് വിളിപ്പിച്ചതും താനാണ് അമ്മയെന്നു വെളിപ്പെടുത്തിയതെന്നും സുനിത പറഞ്ഞു. പിന്നീട് പലപ്പോഴും ഇത്തരത്തിൽ വിളിപ്പിച്ചിട്ടുണ്ട്.

ടിവികെ പാർട്ടിയുടെ കേരളത്തിലെ സംഘാടന ചുമതലയുള്ള വ്യക്തി ‘അമ്മ’യ്ക്കൊപ്പം ഉണ്ടായിരുന്ന ആളാണ്. എന്നാൽ അദ്ദേഹത്തെ കാണാൻ കഴിഞ്ഞ 10 വർഷമായി ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. താനും അമ്മയും തമ്മിലുള്ള ബന്ധം എങ്ങനെയെന്ന് അറിയാവുന്ന ആളാണ് ഇയാൾ.

സത്യം അറിയാവുന്ന ആൾ. അദ്ദേഹം സത്യം തുറന്നു പറയാൻ തയാറാകണമെന്നും സുനിത ആവശ്യപ്പെട്ടു.

ശശികല ഉൾപ്പടെയുള്ളവർ ചേർന്നാണ് ജയലളിതയെ കൊലപ്പെടുത്തിയതെന്നാണ് സുനിതയുടെ വാദം. ഈ കൊലപാതകത്തിന് താൻ സാക്ഷിയാണെന്നും അവർ അവകാശപ്പെടുന്നു. 2016 സെപ്റ്റംബർ 22 ന് തന്നെ പോയസ് ഗാർഡനിലെ വീട്ടിലേക്ക് ‘അമ്മ’ വിളിപ്പിച്ചിരുന്നു.

എന്നാൽ അന്ന് അവിടെയെത്തിയപ്പോൾ ‘അമ്മ’ അനക്കമില്ലാതെ കിടക്കുന്നതാണു കണ്ടത്. ആ സമയത്ത് ടി.ടി.വി.ദിനകരൻ, ഇളവരസി, വി.കെ.സുധാകരൻ, ശശികല എന്നിവരടക്കമുള്ളവർ ‘അമ്മ’യ്ക്ക് ചുറ്റുമുണ്ടായിരുന്നു. ശശികല താഴെക്കിടന്ന അമ്മയെ ചവിട്ടുന്നുണ്ടായിരുന്നു.

ഇതുകണ്ട് താൻ അലറിക്കരയാൻ തുടങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന സഹായി പിന്നിലൂടെ വന്ന് വായ പൊത്തി. താൻ അവിടെ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

താനാണ് മകളെന്നു അന്നു വൈകിട്ട് വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കാനിരിക്കെയാണ് ജയലളിത കൊല്ലപ്പെട്ടതെന്നും സുനിത അവകാശപ്പെട്ടു. എറണാകുളം സ്വദേശിയായ പൊതുപ്രവർത്തകൻ ടി.എം.ശ്രീജിത്തിനൊപ്പമാണ് സുനിത വാർത്താസമ്മേളനം നടത്തിയത്.

Sunitha, who claims to be the daughter of Jayalalithaa and MGR, has announced plans for a hunger strike at Jayalalithaa’s memorial, alleging that the former Tamil Nadu chief minister was murdered. She said she witnessed Sasikala kicking Jayalalithaa and urged authorities to reveal the truth behind the death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387815/sunitha-claims-sasikala-kicked-jayalalithaa)