---
title: "സ്കൂട്ടർ അപകടത്തിൽപ്പെട്ടു, പിന്നാലെ സീറ്റ് ഇളകിത്തെറിച്ചു; ഉള്ളിൽനിന്ന് പുറത്തുവീണത് പുള്ളിമാന്റെ തോൽ, രണ്ടുപേർ അറസ്റ്റിൽ"
english_title: "Scooter Crash Exposes Spotted Deer Skin; Two Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387802/scooter-crash-exposes-deer-skin"
published_at: "2026-10-19T21:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6455236727_scooter-crash-exposes-deer-skin.jpg"
keywords: ["WildlifeCrime", "ForestDepartment", "ScooterAccident", "AnimalSkin"]
---

# സ്കൂട്ടർ അപകടത്തിൽപ്പെട്ടു, പിന്നാലെ സീറ്റ് ഇളകിത്തെറിച്ചു; ഉള്ളിൽനിന്ന് പുറത്തുവീണത് പുള്ളിമാന്റെ തോൽ, രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** കോവളം: പുള്ളിമാന്റെ തോലുമായി രണ്ടുയുവാക്കളെ വനപാലകർ അറസ്റ്റുചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറ്റുവരമ്പിൽ വീട്ടിൽ ജിത്തു എന്ന ഗോകുൽ , വെങ്ങാനൂർ ചരുവിള അനന്തഭവനിൽ അനന്തു എന്നിവരെയാണ് അറസ്റ്റുചെയ്തത്.

## Article Content

കോവളം: പുള്ളിമാന്റെ തോലുമായി രണ്ടുയുവാക്കളെ വനപാലകർ അറസ്റ്റുചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറ്റുവരമ്പിൽ വീട്ടിൽ ജിത്തു എന്ന ഗോകുൽ , വെങ്ങാനൂർ ചരുവിള അനന്തഭവനിൽ അനന്തു എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ഗോകുൽ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്ത് വച്ച് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.30-ന് അപകടത്തിൽപ്പെട്ടു. സ്‌കൂട്ടറിന്റെ സീറ്റ് ഊരിത്തെറിച്ചപ്പോൾ അതിനുള്ളിലുണ്ടായിരുന്ന മാൻതോൽ റോഡിൽ വീഴുകയായിരുന്നു.

അപകട സ്ഥലത്ത് എത്തിയ നാട്ടുകാർ ഇക്കാര്യം കോവളം പോലീസിനെ അറിയിച്ചു. എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ അപകടത്തിൽ മുഖത്ത് പരിക്കേറ്റ ഗോകുൽ രക്ഷപ്പെട്ട് വിഴിഞ്ഞം ആശുപത്രിയിലെത്തി ചികിത്സ തേടി.

സംഭവമറിഞ്ഞ് വനംവകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗോകുലിനെയും റോഡിലുണ്ടായിരുന്ന മാൻതോലും കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളുടെ സുഹൃത്തായ അനന്തുവിനെയും കസ്റ്റഡിയിലെടുത്തു.

ജഗതിയിലെ ഒരു വീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ ഉൾപ്പെട്ട സാമഗ്രികൾ മാറ്റുന്നതിനിടയിലാണ് മാൻതോൽ കണ്ടത്. കൗതുകത്തെ തുടർന്ന് അവിടെ നിന്നെടുത്ത് സുഹൃത്തായ ഗോകുലിന്റെ സ്‌കൂട്ടറിനുള്ളിൽ സൂക്ഷിക്കുകയായിരുന്നുവെന്നാണ് അനന്തു നൽകിയ മൊഴി.

സംഭവത്തിൽ വേറെ ആരെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രൻ, വനപാലകരായ പ്രദീപ്, ജിജിമോൾ, വിഷ്ണു, രമ്യ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

A scooter accident near Vizhinjam led to the discovery of spotted deer skin hidden inside the vehicle’s seat. Forest officials arrested two young men and remanded them after questioning, while investigating whether others were involved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387802/scooter-crash-exposes-deer-skin)