---
title: "'കുടുംബസമേതം അന്വേഷണവലയിൽ; പ്രതിപക്ഷ നേതൃപദവിയിൽ അഴിമതിക്കാർ കടിച്ചുതൂങ്ങുന്നത് ജനാധിപത്യത്തിന് തീരാക്കളങ്കം' - പിണറായിക്കെതിരെ കെ.കെ. രമ"
english_title: "K.K. Rema Slams Pinarayi Over Corruption Allegations and Family Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387723/kk-rema-slams-pinarayi-corruption-allegations"
published_at: "2026-10-19T12:13:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5bd8ceb1e5_kk-rema-slams-pinarayi-corruption-allegations.jpg"
keywords: ["KeralaPolitics", "KkRema", "PinarayiVijayan", "CorruptionAllegations", "OppositionLeader"]
---

# 'കുടുംബസമേതം അന്വേഷണവലയിൽ; പ്രതിപക്ഷ നേതൃപദവിയിൽ അഴിമതിക്കാർ കടിച്ചുതൂങ്ങുന്നത് ജനാധിപത്യത്തിന് തീരാക്കളങ്കം' - പിണറായിക്കെതിരെ കെ.കെ. രമ

> **Lead Summary:** കോഴിക്കോട്: സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്ന സാഹചര്യം കേരളത്തിന്റെ ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കമാവുകയാണെന്ന് വടകര എംഎല്‍എ കെ കെ രമ.

## Article Content

കോഴിക്കോട്: സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്ന സാഹചര്യം കേരളത്തിന്റെ ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കമാവുകയാണെന്ന് വടകര എംഎല്‍എ കെ കെ രമ.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കെ കെ രമ രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ ഉപനേതൃപദം ആര്‍ക്കെങ്കിലും വിട്ടുകൊടുക്കുമോ എന്നതല്ല, മറിച്ച് കേരളത്തിലെ പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് അഴിമതിക്കാരെ സിപിഐഎം ഇറക്കിവിടുമോ എന്നതാണ് ജനാധിപത്യ കേരളം ഉത്തരം തേടുന്ന ചോദ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തെ മുന്നില്‍ നിന്ന് നയിക്കേണ്ടുന്ന പ്രതിപക്ഷനേതാവ് തന്നെ സകുടുംബം ഗുരുതരമായ അഴിമതിയാക്ഷേപങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞുകിടക്കുന്ന ദയനീയമായ കാഴ്ചയ്ക്കാണ് നാമിവിടെ സാക്ഷികളാവുന്നത്.

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജന്‍സികളുടെ അന്വേഷണവലയില്‍ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നൊരാളെ, തങ്ങളുടെ നേതൃപദവിയില്‍ നിന്ന് അടിയന്തിരമായി പുറത്താക്കി പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ധാര്‍മ്മിക വിശുദ്ധി വീണ്ടെടുക്കാന്‍ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതൃത്വങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ അന്തസ്സാണ് ഊതിക്കെടുത്തുന്നതെന്നും രമ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു.

ഹവാലാ ഇടപാടുകളുടെ റെഡ്ബുക്ക് വിവരങ്ങളില്‍ ഇന്നാട്ടിലെ പൊതുജനത്തിന്റെ സാമാന്യബുദ്ധിക്ക് ദഹിക്കാവുന്ന എന്തെങ്കിലും വിശദീകരണം വിജയനോ, വീണയ്‌ക്കോ, മുഹമ്മദ് റിയാസിനോ നാളിതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, അങ്ങിനെയൊരു കണക്കുപുസ്തകമില്ലെന്ന് വിജയനും, ഉണ്ടെന്ന് മുഹമ്മദ് റിയാസും പരസ്പരവിരുദ്ധമായ പ്രസ്താവനകളിറക്കിയതിനും നാം തന്നെ സാക്ഷിയായെന്നും രമ ചൂണ്ടിക്കാട്ടി.

എക്‌സാലോജിക് കേസില്‍ പിണറായി വിജയനെതിരെയുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി വന്നതിന് ശേഷം അദ്ദേഹം ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് തീര്‍ച്ചയായും നിരാശാജനകമാണെന്ന് കെ കെ രമ ഫേസ്ബുക്ക് അഭിപ്രായപ്പെട്ടു.

മുൻ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരായ യുഡിഎഫ് സര്‍ക്കാരിന്റെ പൊതുനിലപാടിന്റെ നിറം കെടുത്തുന്നതാണ് ഈ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളെ സോദ്ദേശപരമായി പരിഗണിക്കാന്‍ സർക്കാർ തയ്യാറാകുമെന്നാണ് കരുതുന്നതെന്നും കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സിപിഐഎം എന്ന പാര്‍ട്ടിയെ ഇന്ന് വിഴുങ്ങിയിരിക്കുന്ന ഗൗരവമേറിയ സകല തെറ്റുകളുടേയും തിന്മകളുടേയും പ്രതിരൂപമായൊരാളാണ് പിണറായി വിജയനെന്നും കെ കെ രമ വിമര്‍ശിച്ചു.

Vadakara MLA K.K. Rema has launched a sharp attack on Pinarayi Vijayan, accusing him and his family of being trapped in serious corruption allegations and multiple investigations. In a Facebook post, she said the opposition leadership’s silence on the issue is damaging Kerala’s democratic and moral standing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387723/kk-rema-slams-pinarayi-corruption-allegations)