---
title: "ലക്കുകെട്ട് പൂസായി ഡോക്ടർ! മോർച്ചറി മുറിയിലിരുന്ന് മദ്യപാനം; മൃതദേഹത്തിനായി പുറത്ത് കാത്തിരിന്ന് ബന്ധുക്കൾ, ഡോക്ടർക്ക് സസ്പെൻഷൻ"
english_title: "Doctor Suspended After Drinking and Sleeping in Hospital Mortuary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387683/doctor-suspended-hospital-mortuary-drinking"
published_at: "2026-10-19T08:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad58b157bd95_doctor-suspended-hospital-mortuary-drinking.jpg"
keywords: ["HospitalScandal", "DoctorSuspended", "MortuaryIncident", "MaharashtraNews", "MedicalNegligence"]
---

# ലക്കുകെട്ട് പൂസായി ഡോക്ടർ! മോർച്ചറി മുറിയിലിരുന്ന് മദ്യപാനം; മൃതദേഹത്തിനായി പുറത്ത് കാത്തിരിന്ന് ബന്ധുക്കൾ, ഡോക്ടർക്ക് സസ്പെൻഷൻ

> **Lead Summary:** **മുംബൈ: **സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലിരുന്ന് മദ്യപിക്കുകയും ലഹരിയിൽ ഉറങ്ങിപ്പോവുകയും ചെയ്ത ഡോക്ടർക്കെതിരെ സസ്പെൻഷൻ നടപടി. മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള യശ്വന്ത്‌റാവു ചവാൻ മെമ്മോറിയൽ (വൈസിഎം) ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ. വൈഭവ് അവിനാഷ് മസ്‌കെയെയാണ് അധികൃതർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വിട്ടുകിട്ടുന്നതിനായി ആളുകൾ പുറത്ത് കാത്തുനിൽക്കുമ്പോഴായിരുന്നു ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായത്.

## Article Content

**മുംബൈ: **സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലിരുന്ന് മദ്യപിക്കുകയും ലഹരിയിൽ ഉറങ്ങിപ്പോവുകയും ചെയ്ത ഡോക്ടർക്കെതിരെ സസ്പെൻഷൻ നടപടി. മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള യശ്വന്ത്‌റാവു ചവാൻ മെമ്മോറിയൽ (വൈസിഎം) ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ. വൈഭവ് അവിനാഷ് മസ്‌കെയെയാണ് അധികൃതർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വിട്ടുകിട്ടുന്നതിനായി ആളുകൾ പുറത്ത് കാത്തുനിൽക്കുമ്പോഴായിരുന്നു ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായത്.

മൃതദേഹം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുക്കൾ മണിക്കൂറുകളോളമാണ് പോസ്റ്റ്‌മോർട്ടം മുറിക്ക് പുറത്ത് കാത്തുനിന്നത്. എന്നിട്ടും ഡോക്ടറെ പുറത്തുകാണാത്തതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ അകത്തു കയറി പരിശോധിക്കുകയായിരുന്നു. ഈ സമയത്താണ് ഡോ. വൈഭവ് അവിനാഷ് മദ്യപിച്ച മട്ടിൽ അവിടെ കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. പോസ്റ്റ്‌മോർട്ടം നടത്തുന്ന ടേബിളിൽ മദ്യക്കുപ്പികളും ഗ്ലാസും ഭക്ഷണ സാധനങ്ങളും നിരത്തിവെച്ച നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതിന്റെ ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്നവർ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വൻ വിവാദമായി മാറുകയായിരുന്നു.

ദൃശ്യങ്ങൾ പുറത്തുവരികയും വിഷയം ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഉടനടി ഇടപെട്ട് ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ സമഗ്രമായ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി 15 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ കർശന നിർദേശം നൽകിയിട്ടുണ്ട്.

**English Summary:**

A doctor at Yashwantrao Chavan Memorial Hospital in Maharashtra has been suspended after being found asleep in an inebriated state inside the mortuary. Relatives waiting for a post-mortem grew suspicious after a long delay, entered the room, and allegedly found liquor bottles and snacks on the table. The municipal commissioner ordered a departmental inquiry and directed officials to file a charge sheet within 15 days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387683/doctor-suspended-hospital-mortuary-drinking)