---
title: "കേരളത്തിൽ വൈദ്യുതിനിരക്കും സർച്ചാർജും കൂടും; 5,000 കോടിയുടെ മുൻകാലനഷ്ടം നാലുവർഷംകൊണ്ട്  ഈടാക്കാൻ നയം"
english_title: "Kerala power tariffs and surcharge to rise; policy to recover ₹5,000 crore loss"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387677/kerala-power-tariffs-surcharge-recovery-policy"
published_at: "2026-10-19T07:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad57c1c31bdd_kerala-power-tariffs-surcharge-recovery-policy.jpg"
keywords: ["KeralaPower", "ElectricityTariff", "RegulatoryCommission", "FuelSurcharge", "PowerPolicy"]
---

# കേരളത്തിൽ വൈദ്യുതിനിരക്കും സർച്ചാർജും കൂടും; 5,000 കോടിയുടെ മുൻകാലനഷ്ടം നാലുവർഷംകൊണ്ട്  ഈടാക്കാൻ നയം

> **Lead Summary:** **തിരുവനന്തപുരം: **വൈദ്യുതിബോർഡിന്റെ മുൻകാലനഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. പുതുക്കിയ വൈദ്യുതിനിരക്കും സർച്ചാർജും 2027 ഏപ്രിൽ ഒന്നുമുതൽ നിലവിൽവരും.

## Article Content

**തിരുവനന്തപുരം: **വൈദ്യുതിബോർഡിന്റെ മുൻകാലനഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. പുതുക്കിയ വൈദ്യുതിനിരക്കും സർച്ചാർജും 2027 ഏപ്രിൽ ഒന്നുമുതൽ നിലവിൽവരും.

2027–28 മുതൽ 2031–32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതിനിരക്ക് പുതിയ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കമ്മിഷൻ നിശ്ചയിക്കുക. ഈ കാലയളവിലെ നാലുവർഷവും മുൻകാലനഷ്ടം ഈടാക്കുന്നതിനുള്ള സർച്ചാർജ് ഉണ്ടായിരിക്കും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിന്റെ നിശ്ചിത നിരക്കിലായിരിക്കും സർച്ചാർജ് ചുമത്തുക. മറ്റു വിഭാഗങ്ങൾക്ക് ഫിക്‌സഡ് ഡിപ്പോസിറ്റിന്റെയും വൈദ്യുതിനിരക്കിന്റെയും നിശ്ചിത ശതമാനമായിരിക്കും സർച്ചാർജ്.

**ഇന്ധന സർച്ചാർജിന്റെ പരിധി വിപുലീകരിക്കും**

വൈദ്യുതി ഉത്പാദനച്ചെലവിൽ ഇന്ധനവില വർധനമൂലമുണ്ടാകുന്ന അധികബാധ്യത ഈടാക്കുന്നതിനാണ് മാസംതോറും ഇന്ധന സർച്ചാർജ് ചുമത്തുന്നത്. ഇതുവരെ ദീർഘകാല വൈദ്യുതിക്കരാറുകളിലെ അധികബാധ്യത മാത്രമായിരുന്നു ഇതിനായി പരിഗണിച്ചിരുന്നത്. പുതിയ നയപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലെ അധികബാധ്യതയും കണക്കാക്കും.

ഈ അധികബാധ്യത കമ്മിഷന്റെ അംഗീകാരമില്ലാതെ കമ്പനിക്ക് നേരിട്ട് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാം. അധികച്ചെലവ് ഉടൻതന്നെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതിനായാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്. എന്നാൽ, ശരാശരി വൈദ്യുതിവിലയുടെ നാല് ശതമാനത്തിൽ കൂടുതൽ ഇന്ധന സർച്ചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും.

**പീക്ക് സമയം രാത്രി 11.30 വരെ**

വൈദ്യുതിയുടെ ആവശ്യം കൂടുതലുള്ള പീക്ക് സമയത്തിന്റെ നിർവചനത്തിലും നയം മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെയുള്ള പീക്ക് സമയം ഇനി വൈകീട്ട് ആറുമുതൽ രാത്രി 11.30 വരെയാകും.

പീക്ക് സമയത്ത് ഉയർന്ന നിരക്ക് ഈടാക്കുന്നതിനായി കൂടുതൽ വിഭാഗങ്ങൾക്ക് ടി.ഒ.ഡി. മീറ്റർ സ്ഥാപിക്കണമെന്നും നയം നിർദേശിക്കുന്നു. അതേസമയം, രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയും വൈദ്യുതിനിരക്ക് കുറയ്ക്കണമെന്നും നയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

**ഗാർഹിക ഫിക്‌സഡ് ചാർജ് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ**

വൈദ്യുതിവിതരണത്തിനുള്ള ചെലവിന് അനുസൃതമായി നിരക്ക് നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി പാലിക്കണമെന്നും നയം നിർദേശിക്കുന്നു. ഗാർഹിക ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം.

വീടുകളിൽ വൈദ്യുതി സംഭരണസംവിധാനം ഏർപ്പെടുത്തി രാത്രിയിൽ ഗ്രിഡിലേക്ക് വൈദ്യുതി നൽകുന്നവർക്ക് പ്രോത്സാഹനകരമായ വില നൽകണമെന്നും പുതിയ താരിഫ് നയത്തിൽ വ്യക്തമാക്കുന്നു.

**English Summary:**

The Kerala Electricity Regulatory Commission has notified a tariff policy to recover the electricity board’s ₹5,000 crore past losses through a surcharge over four years. Revised tariffs and surcharges will take effect on April 1, 2027. The policy also expands fuel surcharge calculations, extends peak hours until 11:30 p.m., and calls for connected-load-based fixed charges for domestic consumers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387677/kerala-power-tariffs-surcharge-recovery-policy)