---
title: "കുട്ടികളെ സെറ്റ് അല്ലേ....! സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25-ന് കോഴിക്കോട് തുടക്കം; മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും"
english_title: "State School Sports Meet Begins in Kozhikode on October 25"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387650/state-school-sports-meet-kozhikode-october-25"
published_at: "2026-10-18T19:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4d69e3d7ba_state-school-sports-meet-kozhikode-october-25.jpg"
keywords: ["SchoolSportsMeet", "Kozhikode", "KeralaEducation", "SportsEvent", "NITSyntheticTrack"]
---

# കുട്ടികളെ സെറ്റ് അല്ലേ....! സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25-ന് കോഴിക്കോട് തുടക്കം; മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും

> **Lead Summary:** **കോഴിക്കോട് : **68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അറിയിച്ചു. എൻ.ഐ.ടി. കോഴിക്കോട് ക്യാമ്പസിലെ സ്വാഗത സംഘം ഓഫീസിൽ ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**കോഴിക്കോട് : **68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അറിയിച്ചു. എൻ.ഐ.ടി. കോഴിക്കോട് ക്യാമ്പസിലെ സ്വാഗത സംഘം ഓഫീസിൽ ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടുമാണ് കായികമേളയുടെ പ്രധാന വേദിയാകുന്നത്. നവീകരിച്ച ഈ ട്രാക്കിൽ നടക്കുന്ന പ്രഥമ കായിക മാമാങ്കമാണ് സംസ്ഥാന സ്കൂൾ കായികമേളയെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരത്തു നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട്ടു നിന്നുള്ള ദീപശിഖാ പ്രയാണവും ഒക്ടോബർ 25-ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും. തുടർന്ന് നഗരപ്രദക്ഷിണം നടത്തി മാർച്ച് പാസ്റ്റോടെ പ്രധാന വേദിയായ എൻ.ഐ.ടി.യിൽ എത്തിച്ചേരും.

ഒക്ടോബർ 31-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. മുഴുവൻ മന്ത്രിമാരും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ വിശിഷ്ട വ്യക്തികളും ഉദ്ഘാടന- സമാപന പരിപാടികളിലായി പങ്കെടുക്കും.

കായികമേളയ്ക്കായി ഒരുക്കിയ മെഡിക്കൽ, ട്രാൻസ്‌പോർട്ട് കമ്മിറ്റി ആപ്പ് ലോഞ്ചിങ്, സുവനീർ കവർ പ്രകാശനം, മീഡിയ കോള്‍ സെന്റര്‍ ആക്ടിവേഷന്‍ എന്നിവ അവലോകന യോഗത്തിൽ മന്ത്രി നിര്‍വഹിച്ചു. മേളയുടെ സംഘാടനത്തിനായി രൂപീകരിച്ച 17 സബ് കമ്മിറ്റികളും പ്രവർത്തനങ്ങൾ മുൻകൂട്ടി ചിട്ടപ്പെടുത്തി പൂർണ്ണ ജാഗ്രത പാലിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

മാറുന്ന കാലാവസ്ഥയും മഴയും കാറ്റും കണക്കിലെടുത്ത് വേദികളുടെ ബലവും സുരക്ഷയും നിരന്തരം പരിശോധിക്കണം. ഭക്ഷണ വിതരണത്തിൽ ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം, ഓരോ മത്സരയിനങ്ങളുടെയും സമയക്രമം പാലിക്കുന്നതിൽ പ്രോഗ്രാം കമ്മിറ്റി കൃത്യത പുലർത്തണമെന്നും മന്ത്രി വ്യക്തമാക്കി.

പുതുതലമുറയിൽ ഊർജ്ജസ്വലമായ കായിക സംസ്കാരം വളർത്തിയെടുക്കാൻ കായികമേളകൾ ഉപകരിക്കുമെന്നും ഉദ്യോഗസ്ഥരും അധ്യാപക സംഘടനകളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി നിന്ന് ചരിത്രവിജയമാക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എം.എ. റസാഖ് എം.എൽ.എ. അധ്യക്ഷനായി.

കായികമേളയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ വകുപ്പുകളും സംഘാടക സമിതിയും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി. മത്സരവേദികൾ, അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ, ഗതാഗതം, ശുചിത്വം, മറ്റ് അനുബന്ധ ക്രമീകരണങ്ങൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു.

എം.എൽ.എ മാരായ സി.കെ. കാസിം, വിദ്യ ബാലകൃഷ്ണൻ, അഡ്വ. വി കെ ഫൈസൽ ബാബു, പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സജിത് ബാബു,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വൈസ് പ്രസിഡൻ്റ് കെ കെ നവാസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ വിജയൻ, സബ് കളക്ടർ എസ്. ഗൗതം രാജ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ, ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്റ് കമ്മിറ്റി ചെയർപേഴ്‌സൺ ബൽകീസ് ടീച്ചർ, ലൈറ്റ് ആൻഡ് സ്റ്റേജ് കമ്മിറ്റി ചെയർപേഴ്‌സൺ സാറാ ജാഫർ, വിവിധ സബ് കമ്മിറ്റി കൺവീനർമാർ യോഗത്തിൽ സംസാരിച്ചു.

അഡീഷണൽ ഡയറക്ടർ (അക്കാദമിക്‌സ്) സി.എ സന്തോഷ്, ജോയിന്റ് ഡയറക്ടർ ഓഫ് സ്പോർട്സ് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, സ്റ്റേറ്റ് സ്പോർട്സ് ഓർഗ്ഗനൈസർ അജിത് വർഗീസ്, ജനറൽ കൺവീനറായ വിദ്യാഭ്യാസ ഉപഡയറക്ടർ സി.എസ് അമൃത, കോഴിക്കോട് ആർ.ഡി.ഡി. സുധ എസ്., വി.എച്ച്.എസ്.ഇ. അസിസ്റ്റന്റ് ഡയറക്ടർ റസീന, കോഴിക്കോട് എസ്.എസ്.കെ. ഡി.പി.സി. ഡോ. നിസാർ ചെലേരി, സംസ്ഥാന സ്കൂൾ കായികമേള ട്രഷറർ കെ ടി മുഹമ്മദ് ഷരീഫ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

The 68th State School Sports Meet will begin in Kozhikode on October 25, with the Chief Minister inaugurating the event at 4 p.m. The main venue is the renovated NIT Kozhikode synthetic track and ground, which will host the first major event after its upgrade. Officials reviewed preparations, including safety, transport, food standards, and coordination among 17 subcommittees.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387650/state-school-sports-meet-kozhikode-october-25)