---
title: "കിഫ്ബിയുടെ വികസന മാതൃകക്ക് ഇനി എന്ത് സംഭവിക്കും? നിലവിലെ സാമ്പത്തിക വെല്ലുവിളികളും പരിഹാരവും"
english_title: "KIIFB Debt Burden Expert Panel Report Raises Questions Over Kerala Model"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387635/kifb-development-vehicle-debt-burden-expert-panel-report-kerala-future-new"
published_at: "2026-10-18T16:52:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4ac98e4c43_kifb-development-vehicle-debt-burden-expert-panel-report-kerala-future-new.jpg"
keywords: ["KIIFB", "Kerala Development", "Expert Panel Report", "Thomas Isaac", "VD Satheesan"]
---

# കിഫ്ബിയുടെ വികസന മാതൃകക്ക് ഇനി എന്ത് സംഭവിക്കും? നിലവിലെ സാമ്പത്തിക വെല്ലുവിളികളും പരിഹാരവും

> **Lead Summary:** ** ** നിങ്ങളുടെ വാഹനം എത്ര അത്യാധുനികമായാലും, വഴിയിൽ കാറ്റ് പോവുകയോ എഞ്ചിൻ തകരാറിലാവുകയോ ചെയ്താൽ അത് പരിഹരിക്കാതെ വാഹനം മുന്നോട്ട് നീങ്ങില്ല. കേരളത്തിന്റെ 'വികസന വാഹനം' വേഗത്തിൽ ഓടിക്കാൻ കൊണ്ടുവന്ന സംവിധാനമായിരുന്നു കിഫ്ബി. എന്നാൽ, വലിയ കടബാധ്യതകളും കേന്ദ്ര നിയന്ത്രണങ്ങളും കാരണം ആ വാഹനം ഇന്ന് വഴിയിൽ നിൽക്കുന്ന അവസ്ഥയിലാണ്.

## Article Content

** ** നിങ്ങളുടെ വാഹനം എത്ര അത്യാധുനികമായാലും, വഴിയിൽ കാറ്റ് പോവുകയോ എഞ്ചിൻ തകരാറിലാവുകയോ ചെയ്താൽ അത് പരിഹരിക്കാതെ വാഹനം മുന്നോട്ട് നീങ്ങില്ല. കേരളത്തിന്റെ 'വികസന വാഹനം' വേഗത്തിൽ ഓടിക്കാൻ കൊണ്ടുവന്ന സംവിധാനമായിരുന്നു കിഫ്ബി. എന്നാൽ, വലിയ കടബാധ്യതകളും കേന്ദ്ര നിയന്ത്രണങ്ങളും കാരണം ആ വാഹനം ഇന്ന് വഴിയിൽ നിൽക്കുന്ന അവസ്ഥയിലാണ്.

ഡ്രൈവർമാർ തമ്മിൽ വാദപ്രതിവാദം നടത്തിയത് കൊണ്ട് മാത്രം വണ്ടി വീണ്ടും ഓടില്ല. വാഹനത്തിൻ്റെ തകരാർ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. വിദഗ്ധ സമിതി റിപ്പോർട്ടും രാഷ്ട്രീയ നിലപാടുകളും ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള മറുപടി കണ്ടെത്തുന്നത് കിഫ്ബിയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ ഭാവിയെ നിർണ്ണയിക്കുന്നതാണ്.

ഒരു റോഡ് നിർമിക്കണം, സ്കൂൾ നവീകരിക്കണം, ആശുപത്രിയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കണം. പണം കണ്ടെത്താനായാൽ ഇത്തരം വികസനപദ്ധതികൾ വേഗത്തിൽ നടപ്പാക്കാം. എന്നാൽ സർക്കാരിന്റെ കൈവശം ആവശ്യത്തിന് പണമില്ലെങ്കിലോ? ഭാവിയിൽ ലഭിക്കേണ്ട വരുമാനം പ്രതീക്ഷിച്ച് ഇന്ന് വായ്പയെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്താമെന്ന ആശയമാണ് കേരള അടിസ്ഥാന സൗകര്യ വികസന നിധി (കിഫ്ബി) മുന്നോട്ടുവച്ചത്.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പിന്തുണ നൽകിയ ഈ മാതൃക ഇപ്പോൾ സാമ്പത്തിക ബാധ്യതകളുടെയും നിയന്ത്രണങ്ങളുടെയും പേരിൽ വീണ്ടും ചർച്ചയാകുകയാണ്. ഈ ചർച്ചകൾക്ക് പുതിയ മാനം നൽകുന്നതാണ് കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ടിലെ ഗുരുതര പരാമർശങ്ങൾ.

1999-ൽ ഇ.കെ. നായനാർ സർക്കാരിന്റെ കാലത്താണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) രൂപീകൃതമായത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിയമത്തിന് കീഴിൽ ധനകാര്യ വകുപ്പിന് കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായിട്ടായിരുന്നു ഇതിന്റെ പ്രവർത്തനം. എന്നാൽ, ആദ്യത്തെ 15 വർഷത്തോളം ഇത് വലിയ പ്രവർത്തനങ്ങളില്ലാതെ നിശ്ചലമായിരുന്നു എന്ന് പറയാം.

2014-ൽ ഉമ്മൻചാണ്ടി സർക്കാർ കിഫ്ബിയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ നടത്തി. വികസനപദ്ധതികൾക്ക് ആവശ്യമായ മൂലധനം കണ്ടെത്താൻ ബജറ്റിന് പുറത്തുനിന്നുള്ള വിപണിയധിഷ്ഠിത ധനസമാഹരണ സംവിധാനമായി കിഫ്ബിയെ മാറ്റുക എന്നതായിരുന്നു ലക്ഷ്യം. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനായിരുന്ന കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിച്ചത്.

കരാറുകാർക്കുള്ള കുടിശ്ശിക തീർക്കുക, സർക്കാർ കണ്ടെത്തുന്ന പദ്ധതികൾക്ക് ഇടക്കാല ധനസഹായം നൽകുക, ഭാവി വികസന പദ്ധതികൾക്കായി ദീർഘകാല ധനസമാഹരണം നടത്തുക എന്നീ മൂന്ന് ലക്ഷ്യങ്ങളിലൂന്നിയായിരുന്നു ഈ നീക്കം. ഇതിനായി ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (AIF), ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ട് തുടങ്ങിയ സംവിധാനങ്ങൾ രൂപീകരിക്കാനും സമിതി നിർദ്ദേശിച്ചു. ലാഭകരമായ പദ്ധതികളിൽ നിന്നുള്ള വരുമാനം വഴി പിന്നീട് ഓഹരികൾ വിറ്റഴിച്ച് പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു.

എന്നാൽ, ഉമ്മൻചാണ്ടിക്കുശേഷം അധികാരത്തിൽ വന്ന പിണറായി സർക്കാർ ഈ നിർദ്ദേശങ്ങൾ മറ്റൊരു തലത്തിലേക്കാണ് കൊണ്ടുപോയത്. 2014-ലെ വിഭാവനത്തിൽ നിന്ന് വ്യത്യസ്തമായി കിഫ്ബി നിയമത്തിൽ തന്നെ ഭേദഗതി വരുത്തി. അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കിഫ്ബിയെ വികസന മേഖലയിൽ ഒരു വൻകിട സംവിധാനമായി ഉയർത്തി.

അടിസ്ഥാന സൗകര്യ മേഖലയിലെ മൂലധന ചെലവ് വർദ്ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. അധികാരത്തിലേറിയ ആദ്യ ബജറ്റിൽ തന്നെ 20,000 കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പദ്ധതിക്കായി കിഫ്ബിയെ പ്രധാന ഉപാധിയാക്കി മാറ്റി. ഇതിനായി സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ നിന്നും മോട്ടോർ വാഹന നികുതിയുടെയും പെട്രോൾ സെസ്സിന്റെയും വലിയൊരു വിഹിതം സ്ഥിരമായി കിഫ്ബിക്കായി മാറ്റി വെക്കാനുള്ള വ്യവസ്ഥ കൊണ്ടുവന്നു.

എന്നാൽ, സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോൾ ഇത്ര വലിയ തുക മാറ്റിവെക്കുന്നത് മറ്റ് വികസന ആവശ്യങ്ങൾക്ക് പണം കണ്ടെത്താനുള്ള സർക്കാരിന്റെ ശേഷിയെ കുറയ്ക്കുമെന്ന് വിമർശനങ്ങൾ ഉയർന്നു. പ്രയോഗത്തിൽ സംഭവിച്ചതും അതുതന്നെയാണ്. ബജറ്റിന് പുറത്തുനിന്നുള്ള ധനസമാഹരണത്തിൽ വലിയ പരാജയം നേരിടുമ്പോഴും, ബജറ്റിനുള്ളിൽ നിന്നുള്ള ഈ കൈയിട്ടുവാരൽ തുടരുന്നു എന്നത് ശ്രദ്ധേയമാണ്. കൂടാതെ, അടിസ്ഥാന സൗകര്യ വികസനത്തിന്റെ നിർവചനം വിപുലീകരിച്ച് 23 ഇനങ്ങൾ കൂടി കിഫ്ബിയുടെ പരിധിയിൽ കൊണ്ടുവന്നു.

കേന്ദ്ര സർക്കാരിന്റെ വായ്പാ നിയന്ത്രണങ്ങളും ഈ സാമ്പത്തിക ബാധ്യതകളും കാരണം സംസ്ഥാനത്തിന് വായ്പാ പരിധിയിൽ കാൽ ലക്ഷം കോടിയോളം രൂപയുടെ കടമെടുപ്പ് ശേഷി നഷ്ടപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ, കേന്ദ്ര നിലപാടുകൾക്കെതിരെയുള്ള പ്രതിരോധം എന്ന നിലയിൽ നടപ്പിലാക്കിയ കിഫ്ബി മാതൃക ഒരു സാമ്പത്തിക ദുരന്തമായി കലാശിച്ചു എന്നാണ് സമിതി റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ, സാമ്പത്തിക ബാധ്യതകൾക്കിപ്പുറം ഒട്ടേറെ വികസന പദ്ധതികൾ പാതിവഴിയിലാണെന്നതിനാൽ ഈ പദ്ധതി പെട്ടെന്ന് അവസാനിപ്പിക്കാനാവില്ല താനും. ഈ ഊരാക്കുടുക്കിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതാണ് സർക്കാർ അടിയന്തരമായി ആലോചിക്കേണ്ടത്.

കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികൾ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാനാവില്ല. റോഡുകളും പാലങ്ങളും പൊതുസ്ഥാപനങ്ങളിലെ സൗകര്യങ്ങളും മെച്ചപ്പെടുമ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നേരിട്ട് ലഭിക്കും. അതിനാൽ വായ്പയെടുത്ത് വികസനം നടത്തുന്നതിനെ മാത്രം വിമർശിക്കുന്നത് ശരിയല്ല.

അതേസമയം, വികസനത്തിന്റെ പേരിൽ ചെലവഴിക്കുന്ന പണത്തിന്റെ കാര്യക്ഷമതയും സുതാര്യതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാകുന്നുണ്ടോ, ചെലവ് അനാവശ്യമായി വർധിക്കുന്നുണ്ടോ, പൊതുജനങ്ങൾക്ക് ലഭിക്കുന്ന നേട്ടം ചെലവിനും ബാധ്യതയ്ക്കും ആനുപാതികമാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. വികസനത്തിന്റെ വേഗം പ്രധാനമാണെങ്കിലും സാമ്പത്തിക അച്ചടക്കവും ഉത്തരവാദിത്തവും അത്രതന്നെ പ്രധാനമാണ്. വായ്‌പയെടുത്തു നിർമിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ദീർഘകാലം പ്രയോജനപ്പെടുന്നവയായിരിക്കണം. അവയുടെ പരിപാലനച്ചെലവും പ്രവർത്തനച്ചെലവും കൂടി കണക്കിലെടുക്കണം.

കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുൻ ധന മന്ത്രി തോമസ് ഐസക്കും നിലവിലെ ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശനും മുന്നോട്ടു വെക്കുന്നത് വ്യത്യസ്ത നിലപാടുകളാണ്. ബജറ്റിന് പുറത്തുനിന്ന് പണം കണ്ടെത്തി റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ വികസനം സാധ്യമാക്കുന്നതിൽ കിഫ്ബിക്ക് വലിയ പങ്കുണ്ടെന്നാണ് തോമസ് ഐസക്കിന്റെ വാദം.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളത്തിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകാൻ ഇത്തരം സംവിധാനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയുടെ പേരിലുള്ള കടമെടുപ്പും തിരിച്ചടവ് ബാധ്യതകളും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നാണ് സതീശൻ്റെ പ്രധാന വിമർശനം. കിഫ്ബിക്കായി വരുമാനത്തിന്റെ വലിയൊരു ഭാഗം മാറ്റിവയ്ക്കുന്നത് ക്ഷേമപദ്ധതികളെയും മറ്റ് സർക്കാർ ചെലവുകളെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന് വികസന പദ്ധതികൾ ആവശ്യമാണ്. എന്നാൽ അതിനായി എടുക്കുന്ന വായ്പകൾ എങ്ങനെ തിരിച്ചടയ്ക്കുമെന്നും ഭാവിയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ അത് എങ്ങനെ ബാധിക്കുമെന്നും വ്യക്തമാകണം. പദ്ധതികളുടെ ചെലവും വായ്പാ ബാധ്യതകളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണം. രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം, കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കുകയാണ് പ്രധാനം.

അതിലൂടെ മാത്രമേ കേരളത്തിന്റെ വികസനവും സാമ്പത്തിക സുരക്ഷയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനാകൂ. കിഫ്ബിയുടെ ഭാവി സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ ആരോപണങ്ങളിലും പ്രതിരോധങ്ങളിലും ഒതുങ്ങരുത്. വായ്പകളുടെ ആകെ ബാധ്യത, തിരിച്ചടവിന്റെ സമയക്രമം, പലിശച്ചെലവ്, പദ്ധതികളുടെ നിലവിലെ സ്ഥിതി, വരുമാനസ്രോതസ്സുകൾ എന്നിവ പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ സുതാര്യമായി പ്രസിദ്ധീകരിക്കണം. വിദഗ്ധ സമിതി റിപ്പോർട്ടിലെ ഗുരുതര കണ്ടെതലുകൾക്ക് ബന്ധപ്പെട്ട അധികൃതർ വ്യക്തമായ വിശദീകരണം നൽകണം.

പൂർത്തിയാകാത്ത പദ്ധതികൾക്ക് മുൻഗണന നൽകണോ, പുതിയ പദ്ധതികൾക്ക് അനുമതി നൽകുമ്പോൾ കൂടുതൽ കർശനമായ സാമ്പത്തിക പരിശോധന വേണോ, ചില പദ്ധതികൾ ബന്ധപ്പെട്ട വകുപ്പുകൾ വഴി നടപ്പാക്കുന്നത് പ്രായോഗികമാണോ തുടങ്ങിയ കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്താം. കിഫ്ബിയെ പൂർണമായി തള്ളിക്കളയുന്നതോ അതിന്റെ എല്ലാ പ്രവർത്തനങ്ങളെയും ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നതോ അല്ല വേണ്ടത്.

പൊതുപണത്തിന്റെ വിനിയോഗത്തിൽ സുതാര്യത ഉറപ്പാക്കുകയും തിരിച്ചടവിനുള്ള വിശ്വസനീയമായ പദ്ധതി രൂപപ്പെടുത്തുകയും വികസനപദ്ധതികളുടെ നേട്ടം വിലയിരുത്തുകയും ചെയ്യുന്നതാണ് പ്രധാനം. കേരളത്തിൻ്റെ വികസനത്തിനായി സ്വീകരിക്കുന്ന സാമ്പത്തിക ബാധ്യതകൾ ഭാവിയിൽ നിയന്ത്രിക്കാനാകുമെന്ന ഉറപ്പു വേണം. കിഫ്ബിയുടെ കാര്യത്തിൽ നിർണായകമാകുന്നത് ഈ രണ്ടിനുമിടയിൽ എങ്ങനെ സന്തുലിതാവസ്ഥ കണ്ടെത്തുന്നു എന്നതാണ്.

അപ്പോൾ വാഹനത്തിൻ്റെ കാറ്റ് മന:പൂർവം ആരെങ്കിലും കുത്തിവിട്ടാലും അബദ്ധത്തിൽ ആണി കയറി കാറ്റ് പോയാലും അത് ശരിയാക്കിയെടുത്താലേ വണ്ടി ഓടൂ. വാദപ്രതിവാദങ്ങൾ നടത്തിയതു കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ല എന്ന് സാരം.

English Summary: KIIFB, introduced as Kerala's development vehicle to fund infrastructure by borrowing against future revenue, is now under scrutiny. Originally formed in 1999 under E K Nayanar govt and revived in 2014 under Oommen Chandy with K M Chandrasekhar committee recommendations, it was expanded by Pinarayi govt under Thomas Isaac as a Rs 20000 crore stimulus model using motor vehicle tax and petrol cess. An expert panel report now alleges huge debt burden, parallel governance, recruitment misuse and failure in off-budget fund mobilization, with central borrowing curbs costing Rs 25,000 crore borrowing capacity. The debate between development gains and fiscal discipline continues, with calls for transparency on debt, repayment and project status.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387635/kifb-development-vehicle-debt-burden-expert-panel-report-kerala-future-new)