---
title: "'ഞങ്ങൾക്ക് നാലുപേർക്കും ഇനിയൊരു ജീവിതമുണ്ട്, എന്റെ മകനെക്കുറിച്ചുള്ള ഭയവും ആ 3 കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട സങ്കടവും ഉള്ളിലുണ്ട്'; നെടുമ്പാശ്ശേരി അപകടത്തിൽ കൈകൂപ്പി പ്രതിയുടെ അമ്മ"
english_title: "‘We Too Deserve a Life’: Accused’s Mother on Nedumbassery Crash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387621/nedumbassery-crash-accused-mother-response"
published_at: "2026-10-18T15:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4944c5ea59_nedumbassery-crash-accused-mother-response.jpg"
keywords: ["NedumbasseryCrash", "MiniCooperAccident", "KeralaNews", "FacebookVideo", "LegalProcess"]
---

# 'ഞങ്ങൾക്ക് നാലുപേർക്കും ഇനിയൊരു ജീവിതമുണ്ട്, എന്റെ മകനെക്കുറിച്ചുള്ള ഭയവും ആ 3 കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട സങ്കടവും ഉള്ളിലുണ്ട്'; നെടുമ്പാശ്ശേരി അപകടത്തിൽ കൈകൂപ്പി പ്രതിയുടെ അമ്മ

> **Lead Summary:** **കൊച്ചി: **നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകട കേസിൽ പ്രതി സുഹൈൽ സജീവിന്റെ മാതാവും സംരംഭകയുമായ നൂഹാ സജീവ് പ്രതികരണവുമായി രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളോട് അവർ അനുശോചനവും പിന്തുണയും അറിയിച്ചത്.

## Article Content

**കൊച്ചി: **നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകട കേസിൽ പ്രതി സുഹൈൽ സജീവിന്റെ മാതാവും സംരംഭകയുമായ നൂഹാ സജീവ് പ്രതികരണവുമായി രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളോട് അവർ അനുശോചനവും പിന്തുണയും അറിയിച്ചത്.

> അപകടത്തിൽ വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടതെന്ന് നൂഹാ സജീവ് പറഞ്ഞു. "മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ഏതൊരു അമ്മയ്ക്കും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ആ കുടുംബങ്ങളുടെ വലിയ നഷ്ടത്തിലും വേദനയിലും പങ്കുചേരുകയും എന്റെ പിന്തുണ അറിയിക്കുകയും ചെയ്യുന്നു," വീഡിയോയിൽ നൂഹാ സജീവ് വ്യക്തമാക്കി.

**നൂഹാ സജീവ് പറഞ്ഞത്:**

> "എല്ലാവരോടും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ അമ്മയെന്ന നിലയിലും സ്ത്രീ എന്ന നിലയിലും എനിക്ക് പറയാനുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നത്. മൂന്ന് വിലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്. അനുശോചനം അറിയിക്കുന്നു. അവരുടെ വീട്ടിലെ തീരാദുഃഖം... എനിക്കറിയാം... മക്കളെ സ്നേഹത്തോടെ വളർത്തി വലുതാക്കി, അവരുടെ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഇടയ്ക്കുവെച്ച് അവരെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമാണ്.

എന്റെ വാക്കുകൾ കൊണ്ട് അവരുടെ മരണം വരെയുള്ള ദുഃഖത്തിന് ഒരു കുറവാകില്ല എന്ന് അറിയാം. എങ്കിലും കുഞ്ഞുങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു. അപകടത്തിനോടനുബന്ധിച്ച സംഭവങ്ങൾ, അതിനോടനുബന്ധിച്ച ആളുകൾ അന്വേഷിക്കട്ടെ. നിയമം നിയമപരമായി മുന്നോട്ട് പോകട്ടെ. എല്ലാം സത്യസന്ധമായിമാത്രം നടക്കട്ടെ. സത്യമായ വാർത്തമാത്രം പുറത്തുവരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഈ ഒരു കാര്യം ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്നറിയാം. ഇത്രയും ദുഷ്‌കരമായ അവസ്ഥയിൽ കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. നാലുപേരടങ്ങുന്ന കുടുംബമാണ് എന്റേത്. സാധാരണ മനുഷ്യരാണ്.

പല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുമ്പോഴും അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുമ്പോഴും ഞങ്ങൾ മനുഷ്യരാണ്, ഞാൻ അമ്മയാണ് എന്ന കാര്യം പരിഗണിക്കണം. എന്റെ കുഞ്ഞിനെ ഓർത്തുള്ള ആശങ്ക ഒരു വശത്തുണ്ട്. അതേപോലെത്തന്നെ മൂന്ന് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട വിഷമവും എനിക്കുണ്ട്. ഇതിന് രണ്ടിനും ഇടയിലൂടെയാണ് ഞാൻ പോകുന്നത്.

എന്റെ കുഞ്ഞ് നാളെ എന്താകും എന്നാലോചിച്ചുള്ള വിഷമം. അതിനോടൊപ്പം തന്നെ മൂന്ന് ജീവൻ പോയ വിഷമം. ഇതിനിടയ്ക്ക് എന്താണ് പറയേണ്ടത്, എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ഇത്രയും ദിവസം എഴുന്നേറ്റിരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അത്രയും ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ആ കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നു. ഞങ്ങൾ ഉള്ളിടത്തോളം കാലം ആ കുടുംബത്തെ പിന്തുണയ്ക്കും. ആരുടെയും വേദന കുറച്ചുകാണിക്കാനോ കൂട്ടിക്കാണിക്കാനോ അല്ല. എന്റെ നിസ്സഹായാവസ്ഥയാണ്. ഞങ്ങൾക്ക് നാലുപേർക്കും ഇനിയൊരു ജീവിതമുണ്ട്.

> ഞങ്ങളെല്ലാവരെയും പറ്റി പറയുന്ന വാർത്ത പ്രചരിക്കുമ്പോൾ ഓരോരുത്തരും ഓർക്കുക, നിങ്ങളെപ്പോലെത്തന്നെ സാധാരണ ഒരു മനുഷ്യനാണ്, സാധാരണ അമ്മയാണ്. എല്ലാവരെയും പോലെയുള്ള കുടുംബമാണ്. പ്രചരിപ്പിക്കുന്ന ഓരോ കാര്യങ്ങളിൽ നിന്നും ഞങ്ങളെ ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിക്കുന്നു" - സുഹൈലിന്റെ മാതാവ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

The mother of the accused in the Nedumbassery Mini Cooper crash, which killed three people, has expressed condolences to the victims’ families in a Facebook video. She also asked for privacy for her family, saying they are facing both fear for her son and grief over the lives lost, and urged that the legal process proceed fairly.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387621/nedumbassery-crash-accused-mother-response)