---
title: "ബൈക്ക് വാങ്ങാൻ പണം വേണം, മാർഗം കൊലപാതകം! സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു,  പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ"
english_title: "Two Minors Held for Killing Friend to Fund Bike Purchase and Birthday Plans"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387587/two-minors-held-friend-killing-bike-purchase"
published_at: "2026-10-18T10:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad44d367b368_two-minors-held-friend-killing-bike-purchase.jpg"
keywords: ["MaharashtraCrime", "ThanePolice", "TeenViolence", "GoldTheft", "CCTVInvestigation"]
---

# ബൈക്ക് വാങ്ങാൻ പണം വേണം, മാർഗം കൊലപാതകം! സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു,  പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

> **Lead Summary:** **മുംബൈ: **പിറന്നാൾ ആഘോഷിക്കാനും പുത്തൻ ബൈക്ക് വാങ്ങാനും പണം കണ്ടെത്താൻ സ്വർണമാലയ്ക്കായി സുഹൃത്തിനെ കൊലപ്പെടുത്തി കത്തിച്ച കൗമാരക്കാർ പൊലീസിന്റെ പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് 'ദൃശ്യം' സിനിമയെ വെല്ലുന്ന രീതിയിലുള്ള ക്രൂര കൊലപാതകം നടന്നത്. ആസാദ് നഗർ സ്വദേശിയായ പ്രജ്യോത് ആണ് കൊല്ലപ്പെട്ടത്.

## Article Content

**മുംബൈ: **പിറന്നാൾ ആഘോഷിക്കാനും പുത്തൻ ബൈക്ക് വാങ്ങാനും പണം കണ്ടെത്താൻ സ്വർണമാലയ്ക്കായി സുഹൃത്തിനെ കൊലപ്പെടുത്തി കത്തിച്ച കൗമാരക്കാർ പൊലീസിന്റെ പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് 'ദൃശ്യം' സിനിമയെ വെല്ലുന്ന രീതിയിലുള്ള ക്രൂര കൊലപാതകം നടന്നത്. ആസാദ് നഗർ സ്വദേശിയായ പ്രജ്യോത് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് സുഹൃത്തുക്കളെ താനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ സെപ്റ്റംബർ 24-നാണ് ആസാദ് നഗർ സ്വദേശിയായ പ്രജ്യോതിനെ കാണാതാകുന്നത്. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ പ്രജ്യോതിന്റെ സുഹൃത്തുക്കളിൽ ഒരാളെ ചോദ്യം ചെയ്തപ്പോൾ ഇയാൾ മറ്റൊരു കുട്ടിയൊപ്പം ബൈക്കിൽ പോയെന്നായിരുന്നു വ്യാജ മൊഴി നൽകിയത്.

എന്നാൽ യാത്രാമാർഗത്തിലെ 80-ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ് ഈ മൊഴി തള്ളിക്കളഞ്ഞു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രജ്യോത് ധരിച്ചിരുന്ന സ്വർണമാല തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഒരാൾക്ക് പിറന്നാൾ ആഘോഷിക്കാനും മറ്റൊരാൾക്ക് ബൈക്ക് വാങ്ങാനുമായിരുന്നു പണം ആവശ്യം.

സെപ്റ്റംബർ 24-ന് വൈകിട്ട് പുകവലിക്കാനെന്ന വ്യാജേന പ്രജ്യോതിനെ താനെയിലെ ബ്രഹ്മണ്ട് ഫേസ് 2-ന് സമീപമുള്ള ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതികൾ, കത്തിയുപയോഗിച്ച് കുത്തിയും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ചു. പ്രജ്യോതിന്റെ മൊബൈൽ ഫോൺ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിലേക്ക് എറിഞ്ഞുകളയുകയും ചെയ്തു. എന്നാൽ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

Two minors have been detained in Thane, Maharashtra, for allegedly killing their friend Prajyot to steal his gold chain and fund a birthday celebration and bike purchase. Police cracked the case using CCTV footage, mobile tower data and scientific evidence after the victim went missing on September 24.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387587/two-minors-held-friend-killing-bike-purchase)