---
title: "തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നു; മുഖ്യമന്ത്രി സന്നിധാനത്ത്, ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്ക്"
english_title: "Sabarimala Opens for Thulamasa Poojas; CM Visits Sannidhanam Amid Heavy Rush"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387520/sabarimala-opens-thulamasa-poojas-new"
published_at: "2026-10-17T17:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad36a59ab4ea_sabarimala-opens-thulamasa-poojas.jpg"
keywords: ["Sabarimala", "ThulamasaPooja", "KeralaNews", "TempleVisit", "VD Satheesan"]
---

# തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നു; മുഖ്യമന്ത്രി സന്നിധാനത്ത്, ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്ക്

> **Lead Summary:** പത്തനംതിട്ട : ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ദർശനത്തിനായി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തുന്നത്. മണ്ഡല-മകരവിളക്ക് തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി പമ്പയിൽ നടന്ന അവലോകനയോഗത്തിൽ പങ്കെടുത്തശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും ശബരിമല സന്നിധാനത്തെത്തി.

## Article Content

പത്തനംതിട്ട : ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ദർശനത്തിനായി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തുന്നത്. മണ്ഡല-മകരവിളക്ക് തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി പമ്പയിൽ നടന്ന അവലോകനയോഗത്തിൽ പങ്കെടുത്തശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും ശബരിമല സന്നിധാനത്തെത്തി.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മുഖ്യമന്ത്രി പമ്പയിൽനിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. കാനനപാതയിലൂടെ കാൽനടയായി യാത്ര ചെയ്ത അദ്ദേഹം വൈകിട്ട് അഞ്ചുമണിയോടെയാണ് സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെയാണ് മുഖ്യമന്ത്രി എത്തിയത്. അതിനാൽ പതിനെട്ടാം പടി ചവിട്ടാതെയായിരിക്കും ക്ഷേത്രദർശനം നടത്തുക. ദർശനത്തിനുശേഷം മുഖ്യമന്ത്രി ഇന്ന് തന്നെ മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഞായറാഴ്ച (ഒക്ടോബർ 18) രാവിലെ സന്നിധാനത്ത് നടക്കും. അടുത്ത ഒരു വർഷത്തേക്ക് മേൽശാന്തിമാരായി ചുമതല വഹിക്കേണ്ടവരെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.

ശബരിമല മേൽശാന്തി നറുക്കെടുപ്പ് ദേവനന്ദൻ അർജുനും മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് അനശ്വര എം. രഞ്ജിത്തും നിർവഹിക്കും.

പന്തളം നാലുകെട്ട് കൊട്ടാരത്തിലെ വി. അർജുന്റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്തെ ശർമദ ആർ. വർമ്മയുടെയും മകനാണ് ദേവനന്ദൻ അർജുൻ. തൃപ്പൂണിത്തുറ എസ്.എൻ.വി.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ദേവനന്ദൻ.

തൃപ്പൂണിത്തുറ ലക്ഷ്മിവിലാസം പാലസ് നമ്പർ 46-ൽ രഞ്ജിത്ത് രാജന്റെയും പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിലെ മുൻ രാജപ്രതിനിധി പരേതനായ ആർ. കേരളവർമരാജയുടെ മകൾ മൈഥിലിരാജയുടെയും മകളാണ് അനശ്വര എം. രഞ്ജിത്ത്. ഭവൻസ് വിദ്യാമന്ദിറിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര.

Sabarimala temple opened for Thulamasa poojas, drawing a large number of devotees for darshan. Chief Minister V.D. Satheesan reached Sannidhanam after an inspection meeting at Pampa and is expected to return the same day.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387520/sabarimala-opens-thulamasa-poojas-new)