---
title: "28-ാം പിറന്നാൾ ആഘോഷിച്ചു...ഭർത്താവിനൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു; മണിക്കൂറുകൾക്കകം ദുരന്തവാർത്ത; ഫർഹാനയുടെ അവസാന പോസ്റ്റുകൾ നൊമ്പരമാകുന്നു"
english_title: "Birthday Celebration Turns Tragic Hours Later; Farhana’s Final Posts Leave a Lump in the Throat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387427/birthday-celebration-turns-tragic-farhana-case"
published_at: "2026-10-17T07:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2dc0ec9760_birthday-celebration-turns-tragic-farhana-case.jpg"
keywords: ["MalayaliCouple", "GurugramNews", "KeralaNews", "DeathProbe", "PoliceInvestigation"]
---

# 28-ാം പിറന്നാൾ ആഘോഷിച്ചു...ഭർത്താവിനൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു; മണിക്കൂറുകൾക്കകം ദുരന്തവാർത്ത; ഫർഹാനയുടെ അവസാന പോസ്റ്റുകൾ നൊമ്പരമാകുന്നു

> **Lead Summary:** കൊണ്ടോട്ടി: ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതിമാരിൽ, ഭാര്യയായ ഫർഹാന മരിച്ചത് പിറന്നാൾ ആഘോഷംകഴിഞ്ഞ് മണിക്കൂറുകൾക്കകം. കൊണ്ടോട്ടി കാരിമുക്ക് വൈത്തലപ്പറമ്പിൽ അബ്ദുറഹ്‌മാൻ കാരിയുടെയും പരേതയായ ജമീലയുടെയും മകളാണ് ഫർഹാന.

## Article Content

കൊണ്ടോട്ടി: ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതിമാരിൽ, ഭാര്യയായ ഫർഹാന മരിച്ചത് പിറന്നാൾ ആഘോഷംകഴിഞ്ഞ് മണിക്കൂറുകൾക്കകം. കൊണ്ടോട്ടി കാരിമുക്ക് വൈത്തലപ്പറമ്പിൽ അബ്ദുറഹ്‌മാൻ കാരിയുടെയും പരേതയായ ജമീലയുടെയും മകളാണ് ഫർഹാന.

വ്യാഴാഴ്ച ഫർഹാനയുടെ 28-ാം ജന്മദിനമായിരുന്നു. ബുധനാഴ്ച രാത്രി ഫർഹാനയും അസ്ലമും പുറത്തുപോയി ഭക്ഷണം കഴിച്ചതും കെയ്ക്ക് മുറിച്ചതുമെല്ലാം ഫർഹാന സാമൂഹികമാധ്യമങ്ങളിലിട്ടിരുന്നു. അപകടം സംഭവിച്ചതായാണ് വീട്ടുകാർക്ക് വ്യാഴാഴ്ച രാവിലെ വിവരം ലഭിച്ചത്.

കംപ്യൂട്ടർ എൻജിനിയറായ ഫർഹാന സാമൂഹികമാധ്യമങ്ങളും സജീവമായിരുന്നു. ആറുമാസം മുൻപാണ് നാട്ടിൽ വന്നിരുന്നത്. ഫൈസലും ഫൗസിയയും സഹോദരങ്ങളാണ്.

പുള്ളാവൂർ നാരകശ്ശേരി ഇ.ടി. മുഹമ്മദ് ബാഖവിയാണ് അസ്ലമിന്റെ പിതാവ്. മാതാവ്: നഫീസ. സഹോദരങ്ങൾ: ഉവൈസ്, റംല.

വിവരമറിഞ്ഞയുടൻ അടുത്ത ബന്ധുക്കൾ ഡൽഹിക്ക് തിരിച്ചിരുന്നു. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണിവർ. ശനിയാഴ്ച രാത്രിയോ ഞായർ പുലർച്ചെയോ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

ഫർഹാനയെ തറയിൽ മരിച്ചനിലയിലും അസ്ലത്തെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തി അസ്ലം ജീവനൊടുക്കിയതാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിലേക്ക് നയിച്ച കാരണങ്ങളൊന്നും നിലവിൽ വ്യക്തമല്ല.

2023-ൽ വിവാഹിതരായ ദമ്പതിമാർ ഒന്നരവർഷത്തോളം ബെംഗളൂരുവിലായിരുന്നു. അവിടെനിന്ന് മൂന്നുമാസം മുൻപാണ് ഗുരുഗ്രാമിലെത്തിയത്. ഇവിടെ സ്വകാര്യ കമ്പനിയിലായിരുന്നു അസ്ലം ജോലി ചെയ്തിരുന്നത്. ഫർഹാന വർക്ക് ഫ്രം ഹോമായിരുന്നെന്ന് പോലീസധികൃതർ പറഞ്ഞു.

ഇരുവരും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതിമാരാണെന്നും കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നെന്നുമാണ് ബന്ധുക്കളിൽനിന്ന് പോലീസിന് ലഭിച്ച വിവരം. അസ്ലത്തിന് ജോലി സംബന്ധമായ പ്രശ്നങ്ങൾ കാരണം മാനസികസമ്മർദത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്.

മരണത്തിന് മുൻപായി അസ്ലം ജോലിചെയ്തിരുന്ന കമ്പനിക്ക് ഇ-മെയിലായി അയച്ച കുറിപ്പാണ് പോലീസിനുമുന്നിലുള്ള പ്രധാന തെളിവുകളിലൊന്ന്. മാതാപിതാക്കളുടെയും വീട്ടുടമസ്ഥന്റെയും ഫോൺ നമ്പരുകളും അയച്ചിരുന്നു.

ഇതോടെ, കമ്പനിയിൽനിന്ന് വിവരമറിയിച്ച് നടത്തിയ അന്വേഷണത്തിലാണ് ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫ്ളാറ്റിൽനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ആർക്കെതിരേയും ആരോപണങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

രണ്ട് ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയും പോലീസ് കണ്ടെത്തി. എല്ലാ വശങ്ങളും പരിശോധിച്ചുള്ള വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Farhana, a 28-year-old from Kondotty, was found dead in Delhi just hours after celebrating her birthday with her husband Aslam. Police are investigating the circumstances, including a possible murder-suicide, after recovering a note and other digital evidence from the flat.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387427/birthday-celebration-turns-tragic-farhana-case)