---
title: "പഠനത്തിനൊപ്പം ജീവിതനൈപുണികളും; 'ക്രിയാത്മക കൗമാരം കരുത്തും കരുതലും' പദ്ധതി ജില്ലയിലെ ഹൈസ്‌കൂളുകളിലേക്കും"
english_title: "Life Skills Alongside Studies: ‘Creative Adolescence, Strength and Care’ Expanded Across the District"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387412/creative-adolescence-life-skills-program-district-schools"
published_at: "2026-10-16T22:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad253e12081d_creative-adolescence-life-skills-program-district-schools.jpg"
keywords: ["AdolescentEducation", "LifeSkills", "TeenClubs", "SchoolWellbeing", "GeneralEducation"]
---

# പഠനത്തിനൊപ്പം ജീവിതനൈപുണികളും; 'ക്രിയാത്മക കൗമാരം കരുത്തും കരുതലും' പദ്ധതി ജില്ലയിലെ ഹൈസ്‌കൂളുകളിലേക്കും

> **Lead Summary:** കോഴിക്കോട് : കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന കൗമാര ബോധവത്കരണ പരിപാടി 'ക്രിയാത്മക കൗമാരം കരുത്തും കരുതലും' ഈ അധ്യയനവര്‍ഷം ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളിലും നടപ്പാക്കും.

## Article Content

കോഴിക്കോട് : കൗമാരക്കാരുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന കൗമാര ബോധവത്കരണ പരിപാടി 'ക്രിയാത്മക കൗമാരം കരുത്തും കരുതലും' ഈ അധ്യയനവര്‍ഷം ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളിലും നടപ്പാക്കും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും വടകര വിദ്യാഭ്യാസ ജില്ലയിലെ ടീന്‍സ് ക്ലബ് നോഡല്‍ അധ്യാപകര്‍ക്കുള്ള പരിശീലനവും കോഴിക്കോട് ഡയറ്റില്‍ നടന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു.കെ. അബ്ദുന്നാസര്‍ ഉദ്ഘാടനം ചെയ്തു. വടകര ഡി.ഇ.ഒ ഗീത രാംദാസ് അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ മാത്രം നടപ്പാക്കിയ പദ്ധതി ഈ വര്‍ഷം എയ്ഡഡ് സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ 83 സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍, 100 എയ്ഡഡ് ഹൈസ്‌കൂളുകള്‍, 33 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികളും അംഗങ്ങളായ 'ടീന്‍സ് ക്ലബ്ബ്' വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ഡിവിഷനിലും ഒമ്പതംഗ ക്ലാസ് കൗണ്‍സിലും സ്‌കൂള്‍തലത്തില്‍ ടീന്‍സ് സ്‌കൂള്‍ കൗണ്‍സിലും പ്രവര്‍ത്തിക്കും.

ലിംഗസമത്വവും ഭിന്നശേഷി പരിഗണനയും ഉറപ്പാക്കിയാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുക. പ്രസിഡന്റ്, സെക്രട്ടറി എന്നിവരില്‍ ഒരാള്‍ പെണ്‍കുട്ടിയായിരിക്കണം. പഠനസമയത്തിന് തടസ്സമാകാത്ത രീതിയില്‍ ആഴ്ചയില്‍ 30 മിനിറ്റാണ് ടീന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുക. കുട്ടികള്‍ക്കുവേണ്ടി കുട്ടികള്‍ തന്നെ നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന.

ഓരോ സ്‌കൂളിലും പ്രത്യേക പരിശീലനം ലഭിച്ച ഒരു നോഡല്‍ അധ്യാപകനോ അധ്യാപികയോ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മൂന്ന് വര്‍ഷമാണ് നോഡല്‍ അധ്യാപകരുടെ കാലാവധി.

പ്രധാനാധ്യാപകന്‍ അധ്യക്ഷനായ സ്‌കൂള്‍തല സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക. നോഡല്‍ ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി, എസ്.ആര്‍.ജി കണ്‍വീനര്‍, പി.ടി.എ പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ് എന്നിവരാണ് സമിതി അംഗങ്ങള്‍.

സ്വയം തിരിച്ചറിയല്‍, വൈകാരിക സുസ്ഥിതി, വ്യക്തിബന്ധങ്ങള്‍, ശാരീരിക ആരോഗ്യം, പ്രത്യുല്‍പാദന ആരോഗ്യം, സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗം, ജീവിതനൈപുണികള്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. ലഹരിവിരുദ്ധ ബോധവല്‍ക്കരണം, പോക്‌സോ നിയമത്തെക്കുറിച്ചുള്ള അറിവ്, ആരോഗ്യകരമായ ഭക്ഷണശീലം, വായന, രക്ഷാകര്‍തൃ പിന്തുണ, സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് തടയല്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

വടകര വിദ്യാഭ്യാസ ജില്ലയിലെ 60 സ്‌കൂളുകളില്‍ നിന്നുള്ള നോഡല്‍ അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ നോഡല്‍ അധ്യാപകര്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 23-ന് നടക്കും. തുടര്‍ന്ന് ബി.ആര്‍.സിതല പരിശീലനങ്ങളും സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളും ആരംഭിക്കും.

The General Education Department will implement its adolescent awareness programme, ‘Creative Adolescence, Strength and Care,’ in all high schools in Kozhikode district this academic year. The initiative, which was earlier limited to government schools, has now been expanded to aided and unaided schools as well, covering ninth-standard students across 213 schools. The programme will be run through Teens Clubs and will focus on emotional well-being, health, relationships, life skills, anti-drug awareness and other student support activities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387412/creative-adolescence-life-skills-program-district-schools)