---
title: "കേസെടുത്തതിൽ അമർഷം: ലീഗ് സ്വീകരണ വേദിയിൽ പ്രതിഷേധവുമായി പ്രവർത്തകർ"
english_title: "Protest Erupts at League Reception Over Police Case Against Leaders"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387406/league-reception-protest-police-case"
published_at: "2026-10-16T21:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad24afa13c3f_league-reception-protest-police-case.jpg"
keywords: ["MuslimLeague", "PoliceCase", "CollegeUnion", "YouthLeague", "MSF"]
---

# കേസെടുത്തതിൽ അമർഷം: ലീഗ് സ്വീകരണ വേദിയിൽ പ്രതിഷേധവുമായി പ്രവർത്തകർ

> **Lead Summary:** കോഴിക്കോട്: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പാർട്ടി നേതാക്കൾക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് വേദിയിൽ പ്രതിഷേധവുമായി പ്രവർത്തകർ.

## Article Content

കോഴിക്കോട്: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പാർട്ടി നേതാക്കൾക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് വേദിയിൽ പ്രതിഷേധവുമായി പ്രവർത്തകർ.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ മുസ്ലിം ലീഗ് നേതാക്കൾക്ക് നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലേക്കാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

നാദാപുരം ഗവൺമെന്റ് കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിസ്സാരമായ രീതിയിൽ പോലീസുമായി ഉണ്ടായ ഉന്തും തള്ളുമാണ് സംഭവങ്ങളുടെ തുടക്കം.

ഇതിനെ തുടർന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഈന്തുള്ളതിൽ ഹാരിസ് ഉൾപ്പെടെ പഞ്ചായത്ത് മുസ്ലിം ലീഗ്, മണ്ഡലം എം.എസ്.എഫ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പോലീസിന്റെ ഏകപക്ഷീയമായ ഈ നടപടിയിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവർത്തകർ പരിപാടി നടന്ന വേദിയിലേക്ക് എത്തിയത്.

വേദിയിലെത്തിയ പ്രവർത്തകർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടി. ടി. ഇസ്മായിലുമായി കാര്യങ്ങൾ സംസാരിക്കുകയും തങ്ങളുടെ അമർഷം നേരിട്ട് അറിയിക്കുകയും ചെയ്തു.

പോലീസ് കേസിനെതിരെ അടിയന്തര പരിഹാരം ഉണ്ടാക്കാമെന്ന് ജില്ലാ പ്രസിഡന്റ് ടി. ടി. ഇസ്മായിൽ പ്രവർത്തകർക്ക് ഉറപ്പ് നൽകി. നേതാക്കളുടെ ഇടപെടലിനെയും ഉറപ്പിനെയും തുടർന്ന് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് സമാധാനപരമായി പിരിഞ്ഞുപോവുകയായിരുന്നു.

Workers staged a protest at a Muslim League reception in Nadapuram after police booked party leaders under non-bailable sections in connection with a college union election incident. District leaders assured the protesters that the issue would be addressed, after which the agitation ended peacefully.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387406/league-reception-protest-police-case)