---
title: "ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പാമ്പുകടിയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് കോടതി"
english_title: "Wife, Lover Sentenced to Death for Murdering Husband and Staging Snakebite"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387405/wife-lover-death-sentence-murder-staged-snakebite-new"
published_at: "2026-10-16T21:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad245259da36_wife-lover-death-sentence-murder-staged-snakebite.jpg"
keywords: ["UttarPradeshCase", "MurderTrial", "DeathSentence", "CrimeNews", "SnakebiteCoverup"]
---

# ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പാമ്പുകടിയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് കോടതി

> **Lead Summary:** ലഖ്‌നൗ: ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ മീററ്റ് കോടതി. രവിത, അയൽവാസിയും കാമുകനുമായ അമർദീപ് എന്നിവർക്കാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.

## Article Content

ലഖ്‌നൗ: ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ മീററ്റ് കോടതി. രവിത, അയൽവാസിയും കാമുകനുമായ അമർദീപ് എന്നിവർക്കാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്.

അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് നിരീക്ഷിച്ചാണ് കോടതി വധശിക്ഷ പ്രഖ്യാപിച്ചത്. ഒക്ടോബർ ഏഴിന് ഇരുവരെയും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളിൽ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു.

ഉത്തർപ്രദേശിലെ അക്ബർപുർ സാദത്ത് ഗ്രാമവാസിയായ അമിത് കശ്യപ് എന്ന മിക്കിയെയാണ് 2025 ഏപ്രിൽ 12ന് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനടിയിൽ പാമ്പിനെ കുടുങ്ങിയ നിലയിൽ കണ്ടതോടെ പാമ്പുകടിയേറ്റാണ് മരണമെന്നായിരുന്നു കുടുംബത്തിന്റെ ആദ്യ നിഗമനം. എന്നാൽ കഴുത്തിലെ പരിക്കുകളും ശരീരത്തിലെ പോറലുകളും മരണത്തിൽ സംശയമുയർത്തി.

തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. കഴുത്തുഞെരിച്ചതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് പരിശോധനയിൽ കണ്ടെത്തി.

പ്രണയബന്ധത്തിലായിരുന്ന രവിതയും അമർദീപും ചേർന്നാണ് അമിത് കശ്യപിനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. കൊലപാതകം പാമ്പുകടിയേറ്റുള്ള മരണമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി മൃതദേഹത്തിനടിയിൽ പാമ്പിനെ വയ്ക്കുകയായിരുന്നെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇതിനായി പാമ്പിനെ നേരത്തെ പിടികൂടി ഒരു പാത്രത്തിൽ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നീട് പാമ്പിനെ പരിശോധിച്ച പാമ്പാട്ടികൾ അതിന്റെ വിഷസഞ്ചി നീക്കംചെയ്തതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

മരണത്തിൽ സംശയം ഉയർന്നതോടെ പാമ്പിനെ എത്തിച്ചുനൽകിയതായി ആരോപിക്കപ്പെട്ട വ്യക്തിയെയും പൊലീസ് ചോദ്യം ചെയ്തു. തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് രവിതയെയും അമർദീപിനെയും അറസ്റ്റ് ചെയ്തത്.

കേസിൽ അഞ്ഞൂറിലധികം പേജുകളുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. പ്രതികൾ തമ്മിലുള്ള ഫോൺവിളികളുടെ വിവരങ്ങളും അന്വേഷണത്തിൽ നിർണായക തെളിവുകളായതായി അധികൃതർ അറിയിച്ചു.

അമിത് കശ്യപിന്റെ മരണശേഷമുള്ള നാലുദിവസത്തിനിടെ രവിതയും അമർദീപും എഴുപതിലധികം തവണ ഫോണിൽ സംസാരിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ഒരു ഫോൺ നമ്പർ വഴിമാത്രം ഇരുവരും അഞ്ഞൂറിലധികം തവണ ബന്ധപ്പെട്ടതായും ഫോൺ രേഖകളിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഫോൺവിളി രേഖകൾ, മറ്റ് അന്വേഷണ തെളിവുകൾ എന്നിവയാണ് കേസിൽ പ്രധാനമായും പരിഗണിക്കപ്പെട്ടത്.

A Meerut court in Uttar Pradesh sentenced a woman and her lover to death for strangling her husband and trying to pass it off as a snakebite death. The court called it a rarest-of-rare case after post-mortem findings and phone records exposed the murder plot.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387405/wife-lover-death-sentence-murder-staged-snakebite-new)