---
title: "ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പിന്നാലെ ഭർത്താവ് ജീവനൊടുക്കിയെന്ന് പൊലീസ്; ഗുരുഗ്രാമിലെ മലയാളി ദമ്പതികളുടെ മരണത്തിൽ നിർണായകമായി ഒരു ഇമെയിൽ"
english_title: "Malayali Couple Found Dead in Gurugram: Police Suspect Wife Was Strangled Before Husband Died by Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387348/gurugram-malayali-couple-death-email-investigation"
published_at: "2026-10-16T12:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1d3acc6fa2_gurugram-malayali-couple-death-email-investigation.jpg"
keywords: ["MalayaliCouple", "GurugramNews", "KeralaNews", "DeathProbe", "PoliceInvestigation"]
---

# ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പിന്നാലെ ഭർത്താവ് ജീവനൊടുക്കിയെന്ന് പൊലീസ്; ഗുരുഗ്രാമിലെ മലയാളി ദമ്പതികളുടെ മരണത്തിൽ നിർണായകമായി ഒരു ഇമെയിൽ

> **Lead Summary:** ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വാടക ഫ്ലാറ്റിനുള്ളിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

## Article Content

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വാടക ഫ്ലാറ്റിനുള്ളിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

കേരള സ്വദേശികളായ മുഹമ്മദ് അസ്‌ലം (30), ഭാര്യ ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 68ലെ ബാദ്ഷാപൂർ മേഖലയിലുള്ള എം3എം മറീന സൊസൈറ്റിയിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവം.

മരണത്തിന് മുമ്പ് അസ്‌ലം ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിക്ക് അയച്ച ഇമെയിൽ സന്ദേശമാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാൻ കാരണമായത്. കടുത്ത നടപടിയിലേക്ക് നീങ്ങുകയാണെന്ന സൂചന നൽകുന്ന സന്ദേശത്തിൽ സ്വന്തം പിതാവിന്റെയും താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ഉടമയുടെയും ഫോൺ നമ്പറുകൾ അസ്‌ലം ഉൾപ്പെടുത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് ഇവരെ വിളിച്ച് അറിയിക്കണമെന്നും ഇമെയിലിൽ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. സന്ദേശം ശ്രദ്ധയിൽപ്പെട്ട കമ്പനി അധികൃതർ ഉടൻതന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.

കമ്പനിയിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അസ്‌ലമും ഭാര്യയും താമസിച്ചിരുന്ന ഫ്ലാറ്റിലെത്തി പരിശോധന നടത്തി. ഫ്ലാറ്റ് തുറന്ന് പരിശോധിച്ചപ്പോൾ ഫർഹാനയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും അസ്‌ലമിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഫർഹാനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അസ്‌ലം ജീവനൊടുക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തുടർന്ന് ബാദ്ഷാപൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പ്രത്യേക ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ബാദ്ഷാപൂർ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ഇൻസ്പെക്ടർ മനോജ് കുമാർ അറിയിച്ചു.

അസ്‌ലം തൊഴിലുടമയ്ക്ക് അയച്ച ഇമെയിലും അന്വേഷണത്തിൽ ലഭിച്ച മറ്റ് വിവരങ്ങളും പരിശോധിച്ച് സംഭവത്തിന് പിന്നിലെ സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കുടുംബപ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റ് കാരണങ്ങളോ സംഭവത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണസമയം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളിൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

A Malayali couple was found dead in a rented flat in Gurugram, with police suspecting that the husband strangled his wife before dying by suicide. An email sent by the husband to his employer alerted authorities and helped trigger the investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387348/gurugram-malayali-couple-death-email-investigation)