---
title: "സാവിത്രിയെ 'അമ്മ'യെന്ന് വിളിച്ചിരുന്ന അയൽക്കാരൻ...! 'റാഫിക്ക ഇവിടെയുണ്ടായിട്ടും അമ്മയ്ക്കിത് സംഭവിച്ചല്ലോ'; കൊലപാതകവിവരം അറിഞ്ഞ് മക്കൾ ആദ്യം ചെന്നത് പ്രതിയുടെ അടുത്തേക്ക്"
english_title: "Neighbour Who Called Her ‘Mother’ Turns Killer: Shock in Savitri Murder Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387338/savitri-murder-neighbour-rafi-thrissur"
published_at: "2026-10-16T12:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1cdb66cad2_savitri-murder-neighbour-rafi-thrissur.jpg"
keywords: ["ThrissurCrime", "MurderInvestigation", "GoldTheft", "KeralaPolice", "Savithri Death"]
---

# സാവിത്രിയെ 'അമ്മ'യെന്ന് വിളിച്ചിരുന്ന അയൽക്കാരൻ...! 'റാഫിക്ക ഇവിടെയുണ്ടായിട്ടും അമ്മയ്ക്കിത് സംഭവിച്ചല്ലോ'; കൊലപാതകവിവരം അറിഞ്ഞ് മക്കൾ ആദ്യം ചെന്നത് പ്രതിയുടെ അടുത്തേക്ക്

> **Lead Summary:** തൃശൂര്‍: തൃശൂര്‍ കാറളം സ്വദേശിനി സാവിത്രി യെ കൊലപ്പെടുത്തിയത് അയല്‍ക്കാരനായ റാഫിയാണെന്ന് ഇപ്പോഴും വിശ്വസിക്കാനാവാതെ കുടുംബം. മരിച്ച സാവിത്രിയും കുടുംബവും ഏറെ വിശ്വസിച്ച് കൂടെ നിര്‍ത്തിയ വ്യക്തിയായിരുന്നു പ്രതി റാഫിയെന്നാണ് കുടുംബവുമായി അടുത്ത വ്യക്തികള്‍ പറയുന്നത്.

## Article Content

തൃശൂര്‍: തൃശൂര്‍ കാറളം സ്വദേശിനി സാവിത്രി യെ കൊലപ്പെടുത്തിയത് അയല്‍ക്കാരനായ റാഫിയാണെന്ന് ഇപ്പോഴും വിശ്വസിക്കാനാവാതെ കുടുംബം. മരിച്ച സാവിത്രിയും കുടുംബവും ഏറെ വിശ്വസിച്ച് കൂടെ നിര്‍ത്തിയ വ്യക്തിയായിരുന്നു പ്രതി റാഫിയെന്നാണ് കുടുംബവുമായി അടുത്ത വ്യക്തികള്‍ പറയുന്നത്.

എന്നും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്ന ആളുകള്‍. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്ന റാഫി അഞ്ചു വര്‍ഷം മുന്‍പാണ് സാവിത്രിയുടെ അയല്‍ക്കാരനായി എത്തുന്നത്. സാവിത്രിയെ അമ്മ എന്നാണ് റാഫി വിളിച്ചിരുന്നത്.

സാവിത്രിയുടെ കൊലപാതകവിവരം അറിഞ്ഞ് വീട്ടിലെത്തിയ മക്കള്‍ ആദ്യം ചെന്നത് റാഫിയുടെ അടുത്തേക്കായിരുന്നു, റാഫിക്ക ഇവിടെയുണ്ടായിട്ട് അമ്മയ്ക്കിത് സംഭവിച്ചല്ലോ എന്നായിരുന്നു മക്കളുടെ ചോദ്യം. എന്നാല്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ആയിരുന്നു തിരിച്ചുള്ള റാഫിയുടെ മറുപടി. അതുകൊണ്ടു തന്നെ കൊല നടത്തിയത് റാഫിയാണെന്നുള്ള സത്യം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

ഏറെ സാമ്പത്തിക ബാധ്യതകളുള്ള റാഫി പലപ്പോഴായി സാവിത്രിയോട് സ്വര്‍ണവും പണവും ചോദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം പല ഒഴികഴിവുകള്‍ പറഞ്ഞ് സാവിത്രി സ്വര്‍ണം നല്‍കാന്‍ തയാറായിരുന്നില്ല.

കൊലപാതകം നടക്കുന്നതിനു രണ്ടു മൂന്നു മണിക്കൂറുകള്‍ മുന്‍പും റാഫി സാവിത്രിയുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. സാവിത്രിയുടെ ഭര്‍ത്താവ് വിജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി മക്കള്‍ തയാറാവുന്ന സമയത്ത് റാഫി വീട്ടിലെത്തി.

വിജയന് ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടുകൊടുക്കാനും മറ്റും കൂടെ നിന്നു. അതിനിടെ കാറിന്റെ വൈഫൈ തകരാറിലായപ്പോള്‍ അത് ശരിയാക്കാനും മക്കളോടൊപ്പം നിന്നു. എല്ലാവരേയും വീട്ടില്‍ നിന്നും പറഞ്ഞയച്ച ശേഷം സാവിത്രി ഒറ്റയ്ക്കാണെന്ന് ഉറപ്പിച്ചപ്പോഴാണ് റാഫി വീണ്ടും വീട്ടിലേക്കെത്തിയത്.

ഹാളില്‍ ഇരിക്കുകയായിരുന്ന സാവിത്രിയുടെ സാരിത്തലപ്പുകൊണ്ട് ആദ്യം കഴുത്തില്‍ മുറുക്കുകയും പിന്നാലെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി തലയിണ മുഖത്തമര്‍ത്തി മരണം ഉറപ്പിക്കുകയും ചെയ്തു. പിന്നാലെ 16പവനോളം സ്വര്‍ണം കവര്‍ന്നു.

പരിസരത്തെല്ലാം മുളകുപൊടി വിതറി. എന്നാല്‍ മുളകുപൊടി പാക്കറ്റില്‍ റാഫിയുടെ വിരലടയാളം കൃത്യമായി പതിഞ്ഞിരുന്നു. സംശയമുള്ള എട്ടുപേരുടെ പട്ടികയാണ് പൊലീസ് തയാറാക്കിയത്. ഇതിനിടെ കവര്‍ന്ന സ്വര്‍ണത്തിന്റെ ഒരു ഭാഗം റാഫി വിറ്റിരുന്നു.

ബാക്കി ഇയാളില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിറ്റ സ്വര്‍ണവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.

Family members of 79-year-old Savitri from Karamala in Thrissur are struggling to believe that their trusted neighbour Rafi is the accused in her murder. Police say he allegedly killed her after ensuring she was alone, stole about 16 sovereigns of gold, and later sold part of it before being taken for evidence collection.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387338/savitri-murder-neighbour-rafi-thrissur)