---
title: "പാറ്റയും ആളി കത്തും...! ദില്ലി ദസറ: രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും; വേറിട്ട സന്ദേശവുമായി കേശവ് രാംലീല കമ്മിറ്റി"
english_title: "Delhi Dussehra to Burn 30-Foot Cockroach Effigy Alongside Ravana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387328/delhi-dussehra-cockroach-effigy-burn"
published_at: "2026-10-16T11:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1bdc0093f0_delhi-dussehra-cockroach-effigy-burn.jpg"
keywords: ["DelhiDussehra", "RamlilaCommittee", "RavanaEffigy", "CleanlinessDrive", "CockroachEffigy"]
---

# പാറ്റയും ആളി കത്തും...! ദില്ലി ദസറ: രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും; വേറിട്ട സന്ദേശവുമായി കേശവ് രാംലീല കമ്മിറ്റി

> **Lead Summary:** **ന്യൂഡൽഹി: ** ദില്ലിയിൽ ഇത്തവണത്തെ ദസറ ആഘോഷങ്ങൾക്കിടെ രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും. രാജ്യതലസ്ഥാനത്ത് കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പാറ്റയുടെ കോലം കത്തിക്കാനുള്ള സംഘാടകരുടെ തീരുമാനം.

## Article Content

**ന്യൂഡൽഹി: ** ദില്ലിയിൽ ഇത്തവണത്തെ ദസറ ആഘോഷങ്ങൾക്കിടെ രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും. രാജ്യതലസ്ഥാനത്ത് കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പാറ്റയുടെ കോലം കത്തിക്കാനുള്ള സംഘാടകരുടെ തീരുമാനം.

ബിജെപി എംഎൽഎയും മോഡൽ ടൗൺ ജനപ്രതിനിധിയുമായ അശോക് ഗോയൽ ദേവരഹ അധ്യക്ഷനായ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് മറ്റ് കോലങ്ങൾക്കൊപ്പം പാറ്റയുടെ കോലവും കത്തിക്കുന്നത്. വീടുകൾ, ചുറ്റുപാടുകൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ ദേവരഹ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

രാജ്യമെമ്പാടും വലിയ ആവേശത്തോടെയാണ് വിജയദശമി ആഘോഷിക്കുന്നതെന്നും തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിന് വർഷങ്ങളായി നമ്മൾ രാവണന്റെയും മേഘനാദന്റെയും കുംഭകർണന്റെയും കോലങ്ങൾ കത്തിക്കാറുണ്ടെന്നും അവസാനം സത്യം മാത്രമേ ജയിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകാലങ്ങളിൽ നക്സലിസം, തീവ്രവാദം തുടങ്ങിയ സാമൂഹിക വിപത്തുകളെ പ്രതിനിധീകരിക്കുന്ന കോലങ്ങൾ തങ്ങൾ കത്തിച്ചിട്ടുണ്ടെന്ന് കമ്മിറ്റി പ്രസിഡന്റ് വ്യക്തമാക്കി. ഇത്തവണ മാലിന്യത്തിന്റെ പ്രതീകമായി ഒരു പാറ്റയുടെ രൂപം കത്തിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. വീട്, ചുറ്റുപാടുകൾ, സമൂഹം എന്നീ മൂന്നിടങ്ങളിൽ നിന്നും മാലിന്യം ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് ഇത്തവണ മാലിന്യത്തെ പ്രതിനിധീകരിച്ച് പാറ്റയുടെ ആകൃതിയിലുള്ള കോലം ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പീതംപുരയിലെ എൻഎസ്പിയിലുള്ള കേശവ് രാംലീല കമ്മിറ്റി ഗ്രൗണ്ടിലാകും കോലം കത്തിക്കൽ ചടങ്ങ് നടക്കുക. സിജെപി ദില്ലിയിൽ നടത്തുന്ന തുടർച്ചയായ പ്രതിഷേധങ്ങൾക്കിടെയാണ് രാംലീല കമ്മിറ്റിയുടെ ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. അതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഇന്ന് വൈകുന്നേരം കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ 'ലഹ്‌രാ ദോ തിരംഗ' എന്ന പേരിൽ തിരംഗ റാലി നടത്തും. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കൊണാട്ട് പ്ലേസിലും പരിസരത്തും വൻ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

Delhi’s Keshav Ramleela Committee will burn a 30-foot cockroach effigy along with Ravana, Kumbhakarna and Meghnad during this year’s Dussehra celebrations. The move is intended to highlight the need to eliminate waste and cleanliness-related issues from homes, surroundings and society.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387328/delhi-dussehra-cockroach-effigy-burn)