---
title: "കിഫ്ബിയുടെ കഥ തീർന്നു!  'കിഫ്ബിയുടെ ക്യാഷ് ബാലൻസുകൊണ്ട് കളിക്കാനാണ് പരിപാടിയെങ്കിൽ നിർമാണ പ്രവർത്തികൾപോലും സ്തംഭിക്കും'- തോമസ് ഐസക്"
english_title: "'KFIB's Story Is Over': Thomas Isaac Warns Development Work Could Stall"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387306/kiifb-story-over-thomas-isaac-warns"
published_at: "2026-10-16T10:01:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1a94cb1c82_kiifb-story-over-thomas-isaac-warns.jpg"
keywords: ["KIIFB", "ThomasIsaac", "KeralaDevelopment", "UDFGovernment", "Infrastructure"]
---

# കിഫ്ബിയുടെ കഥ തീർന്നു!  'കിഫ്ബിയുടെ ക്യാഷ് ബാലൻസുകൊണ്ട് കളിക്കാനാണ് പരിപാടിയെങ്കിൽ നിർമാണ പ്രവർത്തികൾപോലും സ്തംഭിക്കും'- തോമസ് ഐസക്

> **Lead Summary:** **തിരുവനന്തപുരം: **കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന് മുന്നിൽ യു.ഡി.എഫ് സർക്കാർ നിർലജ്ജം കീഴടങ്ങിയെന്ന് സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. കിഫ്‌ബിയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ തിരിച്ചടിയാകുമെന്നും ബജറ്റിലെ പണംകൊണ്ട് മാത്രം കേരളത്തിന്റെ വികസനം നടപ്പാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന് മുന്നിൽ യു.ഡി.എഫ് സർക്കാർ നിർലജ്ജം കീഴടങ്ങിയെന്ന് സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. കിഫ്‌ബിയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ തിരിച്ചടിയാകുമെന്നും ബജറ്റിലെ പണംകൊണ്ട് മാത്രം കേരളത്തിന്റെ വികസനം നടപ്പാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബിയുടെ ക്യാഷ് ബാലൻസുകൊണ്ട് കളിക്കാനാണ് സർക്കാരിന്റെ പരിപാടിയെങ്കിൽ വരുംവർഷങ്ങളിൽ നിർമാണപ്രവർത്തികൾപോലും സ്തംഭിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കിഫ്ബിയുടെ പകുതിയോളം പ്രോജക്ടുകൾ സർക്കാർ വേണ്ടെന്നു വെക്കുകയാണെന്നും ജയിച്ചുവന്നിട്ടുള്ള യു.ഡി.എഫ് എം.എൽ.എമാർ അവരവരുടെ മണ്ഡലങ്ങളിൽ ഇല്ലാതാകുന്ന പ്രോജക്ടുകൾ ഏതെല്ലാമെന്ന് എണ്ണിത്തിട്ടപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലപ്പുഴയിലെ കനാൽ കരയിലെ സംയോജിത ട്രാൻസ്പോർട്ട് ഹബ്ബ് ഉൾപ്പെടെയുള്ള പദ്ധതികൾ ഇനി ഉണ്ടാകില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാണിച്ചു. കിട്ടിയ ഗ്രാന്റുകളുടെയും എടുത്ത വായ്പകളുടെയും പതിനായിരത്തോളം കോടി രൂപ നിലവിൽ കിഫ്ബിയുടെ കയ്യിലുണ്ടെന്നും, കിഫ്ബിയുടെ സ്വതന്ത്ര പ്രവർത്തനം മരവിപ്പിച്ച് ഈ പണം ട്രഷറിയിലേക്ക് കൊണ്ടുവരാനാണ് പുതിയ ധനമന്ത്രിയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് വർഷത്തിനിടയിൽ 28,444 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടി വരുമ്പോൾ, ബജറ്റിൽ നിന്ന് ഇതിനുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്നും അദ്ദേഹം ചോദിച്ചു.

**ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം**

*കിഫ്ബിയുടെ കഥ തീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. ഒരു ലക്ഷത്തിൽപരം കോടി രൂപയുടെ പ്രോജക്ടുകൾക്കാണ് അനുവാദം നൽകിയത്. 25,000 കോടി രൂപയുടെ പ്രോജക്ടുകൾ പൂർത്തിയായി. ഇതിനുപുറമേ ഒരുപക്ഷേ 10,000 കോടി രൂപ ഭാഗികമായി കൊടുത്തിട്ടുമുണ്ടാവാം, ഇനി പൂർത്തിയാവാത്ത പ്രോജക്ടുകൾ അടക്കം 22,883 കോടി രൂപയുടെ പ്രോജക്ടുകൾ നടപ്പിലാക്കിയാൽ മതി എന്നാണ് വിദഗ്ധ സമിതിയുടെ തീരുമാനം.*

*എന്നുവച്ചാൽ കിഫ്ബിയുടെ ഏതാണ്ട് പകുതി പ്രോജക്ടുകൾ വേണ്ടെന്നു വയ്ക്കുകയാണ്. ജയിച്ചു വന്നിട്ടുള്ള യുഡിഎഫ് എംഎൽഎമാർ അവരവരുടെ മണ്ഡലങ്ങളിൽ ഇല്ലാതാകുന്ന പ്രോജക്ടുകൾ ഏതെല്ലാമെന്ന് ഒന്ന് എണ്ണിത്തിട്ടപ്പെടുത്തിയാൽ നന്നാവും. ആലപ്പുഴ എംഎൽഎയുടെ അറിവിലേക്ക്, ആലപ്പുഴയിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ്- കനാൽ കരയിലെ സംയോജിത ട്രാൻസ്പോർട്ട് ഹബ്ബ്. ഏതാണ്ട് 400 കോടി രൂപയാണ് എന്നാണ് ഓർമ്മ. അത് ഇനിയില്ല. കനാൽ നവീകരണത്തിന്റെ പൈലറ്റ് പ്രോജക്ടാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. *

*അത് അവിടെ നിൽക്കും. കടൽ പാലത്തിന്റെയും മ്യൂസിയത്തിന്റെയും കാര്യം പറയുകയേ വേണ്ട. പുതിയ താലൂക്ക് ആശുപത്രി ചെട്ടികാട് കെട്ടിടം പൂർത്തിയായി. ഉള്ളിൽ വേറെ ഉപകരണങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. മാരാരിക്കുളം ബീച്ച് പ്രോജക്ട് മറന്നേക്കൂ. പിന്നീട് വേമ്പനാട് കായലിൽ ആഴംകൂട്ടുന്ന കാര്യം സ്പീക്കറും പറയുന്നത് കേട്ടു. കിഫ്ബിയിൽ നിന്നാണ് പണം കണ്ടെത്തേണ്ടിയിരുന്നത്.*

*ഇത് ഒരു മണ്ഡലത്തിന്റെ കഥ. ഇതുപോലെ ഓരോ മണ്ഡലത്തിനും നഷ്ടത്തിന്റെ കഥ പറയാനുണ്ടാവും. ഇനി ചെലവഴിക്കാൻ തീരുമാനിച്ചിട്ടുള്ള 22,883 കോടി രൂപയ്ക്കു വേണ്ടി കിഫ്ബി വായ്പയൊന്നും എടുക്കേണ്ടതില്ലായെന്നാണ് തീരുമാനം. കോൺട്രാക്ട്ർക്ക് നൽകേണ്ട സമയമാകുമ്പോൾ സർക്കാർ ബജറ്റിൽ നിന്നും നൽകും. കിഫ്ബിക്ക് നൽകുന്ന മോട്ടോർ വാഹന നികുതിയുടെ ഗ്രാന്റും നിർത്തി.*

*അപ്പോൾ കിഫ്ബി എടുത്തുകഴിഞ്ഞ വായ്പകളുടെ തിരിച്ചടവോ? യുഡിഎഫിന്റെ അഞ്ച് വർഷ ഭരണകാലത്ത് 28,444 കോടി രൂപ തിരിച്ചടയ്ക്കേണ്ടിവരും. അതും സമയമാകുമ്പോൾ ബഡ്ജറ്റിൽ നിന്നും കൊടുക്കുമെന്നാണ് പറയുന്നത്. ഇതിനുംമാത്രം പണം ബഡ്ജറ്റിൽ ഉണ്ടോ? ഈ വർഷം സംസ്ഥാന സർക്കാരിന് അനുവദിച്ച വായ്പയുടെ നല്ലപങ്ക് എടുത്തു കഴിഞ്ഞു എന്നാണ് വാർത്തകൾ. അപ്പോൾ പിന്നെ ബജറ്റിൽ നിന്ന് കൊടുക്കാൻ പണം എവിടെയാ?*

*അങ്ങനെ ചിന്തിച്ചപ്പോഴാണ് ധനമന്ത്രിയായ വി.ഡി. സതീശന്റെ ബുദ്ധി എനിക്ക് ബോധ്യപ്പെട്ടത്. കിട്ടിയ ഗ്രാന്റുകളുടെയും എടുത്ത വായ്പകളുടെയും ഏതാണ്ട് പതിരായിരത്തോളം കോടി രൂപ കാശായും ഡെപ്പോസിറ്റായും ഇപ്പോൾ കിഫ്ബിയിൽ കൈയിൽ ഉണ്ടാവണം. അതിന്മേലാണ് പുതിയ ധനമന്ത്രിയുടെ നോട്ടം. കിഫ്ബിയുടെ സ്വതന്ത്രമായ പ്രവർത്തനം മരവിപ്പിക്കുമ്പോൾ ഈ പണം ട്രഷറിയിലേക്ക് വരും. അങ്ങനെ കടം വാങ്ങിയ പണം കൊണ്ട് ഇനിയൊരു ആറാട്ട് നടത്താനായിരിക്കണം പരിപാടി.*

*ഒരുപക്ഷേ, യുഡിഎഫ് സർക്കാർ ഈ വർഷം രക്ഷപ്പെട്ടേയ്ക്കാം. ഇങ്ങനെ കിഫ്ബിയുടെ ക്യാഷ് ബാലൻസുകൊണ്ട് കളിക്കാനാണ് പരിപാടിയെങ്കിൽ വരും വർഷങ്ങളിൽ നിർമ്മാണ പ്രവർത്തികൾപോലും സ്തംഭിക്കും. മുഖ്യമന്ത്രി സതീശന്റെ പത്രസമ്മേളനം കേൾക്കാൻ കഴിഞ്ഞില്ല. അത് കേട്ടശേഷം ബാക്കി എഴുതാം.*

Former Finance Minister T.M. Thomas Isaac has alleged that the UDF government is surrendering before the BJP-led Centre and weakening KIIFB’s independent functioning. He said the move could stall infrastructure projects, jeopardize repayment plans, and disrupt development across Kerala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387306/kiifb-story-over-thomas-isaac-warns)