---
title: "തെയ്യം കലാരംഗത്തെ മികവിന് ദേശീയ അംഗീകാരം; കാസർഗോഡ് സ്വദേശി അനന്തു കൃഷ്ണ പണിക്കർക്ക് ഭാരത് സേവക് പുരസ്‌കാരം"
english_title: "National Honour for Excellence in Theyyam; Award for Ananthu Krishna Panicker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387301/theyyam-national-honour-ananthu-krishna-panicker"
published_at: "2026-10-16T09:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1a33b62bef_theyyam-national-honour-ananthu-krishna-panicker.jpg"
keywords: ["Theyyam", "Kasaragod", "BharatSevakSamaj", "TraditionalArts", "KeralaCulture"]
---

# തെയ്യം കലാരംഗത്തെ മികവിന് ദേശീയ അംഗീകാരം; കാസർഗോഡ് സ്വദേശി അനന്തു കൃഷ്ണ പണിക്കർക്ക് ഭാരത് സേവക് പുരസ്‌കാരം

> **Lead Summary:** തിരുവനന്തപുരം: തെയ്യം കലാരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും കലാ-സാംസ്കാരിക മേഖലയിലെ സജീവ സംഭാവനകൾക്കും അംഗീകാരമായി കാസർഗോഡ് ചിറക്കുണ്ട് സ്വദേശി അനന്തു കൃഷ്ണ എം. പണിക്കർക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം.

## Article Content

തിരുവനന്തപുരം: തെയ്യം കലാരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും കലാ-സാംസ്കാരിക മേഖലയിലെ സജീവ സംഭാവനകൾക്കും അംഗീകാരമായി കാസർഗോഡ് ചിറക്കുണ്ട് സ്വദേശി അനന്തു കൃഷ്ണ എം. പണിക്കർക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം.

ഒക്ടോബർ 12ന് തിരുവനന്തപുരം കവടിയാറിലെ ഭാരത് സേവക് സമാജ് (BSS) ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സമാജ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു.

വടക്കൻ കേരളത്തിന്റെ തനത് അനുഷ്ഠാനകലയായ തെയ്യവുമായി ചെറുപ്പം മുതൽ അടുത്ത ബന്ധം പുലർത്തുന്ന കലാകാരനാണ് അനന്തു കൃഷ്ണ. ഏഴാം വയസ്സിൽ അടിവേടൻ തെയ്യം കെട്ടിയാടിയാണ് കലാജീവിതത്തിന് തുടക്കം കുറിച്ചത്. പതിനഞ്ചാം വയസ്സിൽ വിഷ്ണുമൂർത്തി തെയ്യവും പതിനാറാം വയസ്സിൽ ഒറ്റക്കോലം (തീച്ചാമുണ്ഡി) തെയ്യവും കെട്ടിയാടി. തുടർന്ന് പട്ടും വളയും സ്വീകരിച്ച് പണിക്കർ എന്ന ആചാരപദവി നേടി.

മടയിൽ ചാമുണ്ഡി, രക്ത ചാമുണ്ഡി, പൊട്ടൻ ദൈവം, കാരഗുളികൻ, ഭൈരവൻ, കുട്ടിശാസ്തൻ, മൂവാളംകുഴി ചാമുണ്ഡി, കുറത്തി, കരിംകൂട്ടിശാസ്തപ്പൻ, രക്തേശ്വരി തുടങ്ങി നിരവധി തെയ്യങ്ങൾ അനന്തു കൃഷ്ണ കെട്ടിയാടിയിട്ടുണ്ട്. തെയ്യത്തിന്റെ അനുഷ്ഠാനപരമായ സവിശേഷതകളും പാരമ്പര്യവും നിലനിർത്തുന്നതിൽ സജീവമായി പ്രവർത്തിക്കുന്ന കലാകാരനാണ് അദ്ദേഹം.

തെയ്യത്തിനുപുറമേ ചെണ്ടവാദനത്തിലും മറ്റ് കലാരംഗങ്ങളിലും അനന്തു കൃഷ്ണ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലം മുതൽ ചെണ്ടമേളങ്ങളിൽ സജീവമായിരുന്ന അദ്ദേഹം 2019–20 കാലയളവിൽ കണ്ണൂർ സർവകലാശാല കലോത്സവത്തിൽ ചാക്യാർകൂത്ത് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.

നാടൻപാട്ട്, ഗാനമേള, അവതരണം തുടങ്ങിയ മേഖലകളിലും സജീവ സാന്നിധ്യമാണ് അനന്തു കൃഷ്ണ. പാരമ്പര്യ കലാരൂപങ്ങളുടെ സവിശേഷതകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും അദ്ദേഹം പ്രാധാന്യം നൽകുന്നു.

ബാല്യത്തിൽ ആരംഭിച്ച കലാപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുന്ന അനന്തു കൃഷ്ണയ്ക്ക് ലഭിച്ച ഭാരത് സേവക് പുരസ്‌കാരം തെയ്യം ഉൾപ്പെടെയുള്ള കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമായും വിലയിരുത്തപ്പെടുന്നു.

Ananthu Krishna M. Panicker from Chirakkundu, Kasaragod, has received the Bharat Sevak Samaj national award for his contributions to Theyyam and cultural activities. The award was presented at a ceremony in Thiruvananthapuram on October 12, recognizing his long-standing work in preserving traditional art forms.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387301/theyyam-national-honour-ananthu-krishna-panicker)