---
title: "ഭർത്താവ് കരൾ പകുത്തു നൽകിയ യുവതി എവിടെ? തൊട്ടിൽപ്പാലത്തെ അധ്യാപിക അനുമോളെ കാണാതായിട്ട് പത്ത് നാൾ, ആശങ്കയോടെ കുടുംബം"
english_title: "Teacher Who Received Husband’s Liver Donation Missing for 10 Days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387276/teacher-anumol-missing-ten-days"
published_at: "2026-10-16T07:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad182cc91bf4_teacher-anumol-missing-ten-days.jpg"
keywords: ["MissingPerson", "KeralaPolice", "TeacherMissing", "LiverTransplant", "Kozhikode News"]
---

# ഭർത്താവ് കരൾ പകുത്തു നൽകിയ യുവതി എവിടെ? തൊട്ടിൽപ്പാലത്തെ അധ്യാപിക അനുമോളെ കാണാതായിട്ട് പത്ത് നാൾ, ആശങ്കയോടെ കുടുംബം

> **Lead Summary:** കോഴിക്കോട്: ഗർഭിണിയായിരിക്കെ പ്രിയതമയുടെ ജീവൻ രക്ഷിക്കാൻ ഭർത്താവ് കരൾ പകുത്തു നൽകിയ യുവതി എവിടെ? തൊട്ടിൽപ്പാലത്തെ അധ്യാപികയായ അനുമോളെ കാണാതായിട്ട് പത്ത് നാൾ.

## Article Content

കോഴിക്കോട്: ഗർഭിണിയായിരിക്കെ പ്രിയതമയുടെ ജീവൻ രക്ഷിക്കാൻ ഭർത്താവ് കരൾ പകുത്തു നൽകിയ യുവതി എവിടെ? തൊട്ടിൽപ്പാലത്തെ അധ്യാപികയായ അനുമോളെ കാണാതായിട്ട് പത്ത് നാൾ.

കുറ്റ്യാടിക്കടുത്ത് തൊട്ടിൽപ്പാലം മൊയിലോത്തറ എൽ.പി. സ്കൂൾ അധ്യാപികയായ അനുമോളെയാണ് ഇക്കഴിഞ്ഞ അഞ്ചാം തീയതി മുതൽ കാണാതായത്.

സംഭവത്തിൽ കുടുംബത്തിന്റെ പരാതിയെ തുടർന്ന് കോഴിക്കോട് റൂറൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

രാവിലെ പതിവുപോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ് അനുമോൾ. എന്നാൽ വൈകുന്നേരം ജോലി കഴിഞ്ഞ് സ്കൂളിൽ നിന്നിറങ്ങിയ അനുവിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. അന്നുതന്നെ കുടുംബം തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നുവെങ്കിലും, പത്ത് ദിവസമായിട്ടും ടീച്ചർ എവിടെയുണ്ടെന്നതിന്റെ ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല.

അനുമോളെ കണ്ടെത്താനായി നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കുടുംബത്തിന്റെ ആശങ്ക ഇരട്ടിക്കുന്നു.

പത്ത് വർഷങ്ങൾക്ക് മുമ്പ് ഗർഭിണിയായിരിക്കെ ഗുരുതരമായ കരൾ രോഗം ബാധിച്ച അനുമോൾക്ക് ജീവൻ തിരികെ നൽകിയത് ഭർത്താവ് കല്ലാച്ചി സ്വദേശി സുഭാഷായിരുന്നു. സുഭാഷിൻ്റെ കരൾ സ്വീകരിച്ചാണ് അനു ജീവിതത്തിലേക്ക് മടങ്ങിയത്.

ബസ് ഡ്രൈവറായ സുഭാഷിന്റെ സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ജനകീയ ഇടപെടലിലൂടെയാണ് അനുവിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായുള്ള വലിയ തുക സമാഹരിച്ചത്.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തുവെങ്കിലും, നിത്യേന നിരവധി ഔഷധങ്ങൾ കഴിക്കേണ്ട അവസ്ഥയിലാണ് അനുമോൾ ഇപ്പോഴുമുള്ളത്. കൃത്യസമയത്ത് മരുന്നുകൾ ലഭിച്ചില്ലെങ്കിൽ അത് ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കുമെന്ന ഭയത്തിലാണ് കുടുംബം.

അതിനാൽ എത്രയും പെട്ടെന്ന് അനുവിനെ കണ്ടെത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കുടുംബം കണ്ണീരോടെ ആവശ്യപ്പെടുന്നു.

ഈ സാഹചര്യത്തിൽ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ മാസം 22-ന് കോടതി ഈ ഹർജി പരിഗണിക്കും. ടീച്ചറെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടിൽപ്പാലം പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

A teacher from Thottilpalam, Anumol, has been missing for 10 days, prompting an intensified police search and growing concern from her family. Her husband had once donated part of his liver to save her life during pregnancy, and the family fears for her health as she requires regular medication.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387276/teacher-anumol-missing-ten-days)