---
title: "'കണ്ണൂരിൽ 1000 ഏക്കർ ഭൂമി എന്തിനെടുത്തു? ധനവകുപ്പിനെ നോക്കുകുത്തിയാക്കി'; കിഫ്ബിയിൽ കോടികളുടെ ക്രമക്കേടെന്ന് വി.ഡി. സതീശൻ"
english_title: "Why Was 1,000 Acres Acquired in Kannur? V.D. Satheesan Alleges Massive KIIFB Irregularities"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387242/kannur-land-acquisition-kiifb-irregularities"
published_at: "2026-10-15T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ab1092cf87_muvattupuzha-district-demand-mathew-kuzhalnadan-vd-satheesan-reply_.jpg"
keywords: ["Kiifb", "VDSatheesan", "KeralaPolitics", "LandAcquisition", "FinancialIrregularities"]
---

# 'കണ്ണൂരിൽ 1000 ഏക്കർ ഭൂമി എന്തിനെടുത്തു? ധനവകുപ്പിനെ നോക്കുകുത്തിയാക്കി'; കിഫ്ബിയിൽ കോടികളുടെ ക്രമക്കേടെന്ന് വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **കിഫ്ബിയിൽ വൻ ക്രമക്കേടും സാമ്പത്തിക ധൂർത്തും കണ്ടെത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിന് വൻ സാമ്പത്തിക നഷ്ടമാണ് കിഫ്ബി വരുത്തിവെച്ചതെന്നും ധനവകുപ്പിനെ പൂർണ്ണമായും നോക്കുകുത്തിയാക്കിയാണ് കിഫ്ബി പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വായിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

## Article Content

**തിരുവനന്തപുരം: **കിഫ്ബിയിൽ വൻ ക്രമക്കേടും സാമ്പത്തിക ധൂർത്തും കണ്ടെത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിന് വൻ സാമ്പത്തിക നഷ്ടമാണ് കിഫ്ബി വരുത്തിവെച്ചതെന്നും ധനവകുപ്പിനെ പൂർണ്ണമായും നോക്കുകുത്തിയാക്കിയാണ് കിഫ്ബി പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വായിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

> "കിഫ്ബി അവലോകന റിപ്പോർട്ടിൽ അതീവ ഗുരുതരമായ നിരീക്ഷണങ്ങളാണ് ഉള്ളത്. ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടാണ് നടന്നത്. സർക്കാരിന്റെയും ധനവകുപ്പിന്റേയും നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവർത്തിച്ചത്. കിഫ്ബി മുൻ സിഇഒ ഇരട്ട പദവി വഹിച്ചു. കൺസൾട്ടൻസികൾക്ക് പണം നൽകിയതിലും വ്യക്തമായ ക്രമക്കേട് നടന്നിട്ടുണ്ട്. സർക്കാർ നൽകുന്ന തുകയുടെ 99.4 ശതമാനവും വായ്പയുടെ തിരിച്ചടവിനുവേണ്ടിയാണ് ഉപയോഗിച്ചത്. റിപ്പോർട്ടിലെ വിവരങ്ങൾ വായിച്ചാൽ ആരും ഞെട്ടിപ്പോകും," വി.ഡി. സതീശൻ പറഞ്ഞു.

മസാല ബോണ്ട് വഴിയുള്ള ഇടപാടിൽ മാത്രം 181.73 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഭൂമി ഏറ്റെടുത്തതിലും വൻ ദുരൂഹതയുണ്ട്. ചില പ്രദേശങ്ങളിലെ ഭൂമിക്ക് വിപണി വിലയേക്കാൾ അഞ്ചിരട്ടി തുക വരെ നൽകി. വലിയ രീതിയിലുള്ള ധൂർത്താണ് സ്ഥാപനത്തിൽ നടന്നത്. കോടികളാണ് പരസ്യത്തിനായി മാത്രം ചെലവഴിച്ചത്. കിഫ്ബി വഴി ആകെ 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായി. കണ്ണൂരും പാലക്കാടുമായി കിൻഫ്ര വഴി 5366 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അംഗീകാരം നൽകിയെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വെറും 50 ഏക്കർ മാത്രമാണ് പദ്ധതികൾക്കായി ഉപയോഗിച്ചത്. ബാക്കി ഭൂമി വെറുതെ കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഫ്ബിയുടെ ആകെ പദ്ധതികളുടെ 41.6 ശതമാനവും മൂന്ന് ജില്ലകളിൽ മാത്രമായി കേന്ദ്രീകരിക്കപ്പെട്ടപ്പോൾ, ഇതിൽ 52.9 ശതമാനവും കണ്ണൂർ ജില്ലയ്ക്ക് മാത്രമാണ് നൽകിയത്. ഇത് പ്രാദേശികമായ വലിയ വിവേചനമാണ്. കണക്കുകളിൽ 21.16 കോടി രൂപ പരസ്യച്ചെലവ് എന്ന് കാണിച്ചിടത്ത് യഥാർത്ഥത്തിൽ 203.72 കോടി രൂപയാണ് ചെലവാക്കിയത്. കൂടാതെ 498 പേർക്ക് യാതൊരുവിധ മുൻകൂറുമതിയും ഇല്ലാതെ നിയമനം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിലെ വിവരങ്ങളിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

V.D. Satheesan has alleged large-scale financial irregularities, wasteful spending and land-acquisition violations in KIIFB, citing findings from an expert committee report. He said the agency caused heavy losses to the government and demanded a comprehensive probe into the matter.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387242/kannur-land-acquisition-kiifb-irregularities)