---
title: "തുന്നിക്കെട്ടാതെ ഡിസ്ചാർജ്....! സാധാരണ പ്രസവത്തിനിടെ അനാവശ്യ ശസ്ത്രക്രിയ നടത്തിയെന്ന് കണ്ടെത്തൽ; ആശുപത്രിക്കും ഡോക്ടർക്കും നഷ്ടപരിഹാരം നൽകാൻ ഉത്തരവ്"
english_title: "Compensation Ordered Against Hospital and Doctor Over Unnecessary Surgery During Normal Delivery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387207/unnecessary-surgery-normal-delivery-compensation"
published_at: "2026-10-15T14:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad09bfa75db8_unnecessary-surgery-normal-delivery-compensation.jpg"
keywords: ["MedicalNegligence", "ConsumerCourt", "HospitalCompensation", "KeralaNews", "Obstetrics"]
---

# തുന്നിക്കെട്ടാതെ ഡിസ്ചാർജ്....! സാധാരണ പ്രസവത്തിനിടെ അനാവശ്യ ശസ്ത്രക്രിയ നടത്തിയെന്ന് കണ്ടെത്തൽ; ആശുപത്രിക്കും ഡോക്ടർക്കും നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

> **Lead Summary:** മലപ്പുറം: പ്രസവചികിത്സയിലെ വീഴ്ചയെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.

## Article Content

മലപ്പുറം: പ്രസവചികിത്സയിലെ വീഴ്ചയെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.

എടപ്പാൾ ഹോസ്പിറ്റലും ഗൈനക്കോളജിസ്റ്റ് ഡോ. അനന്ത നാരായണനും ചേർന്നോ വെവ്വേറെയോ പരാതിക്കാർക്ക് ആകെ 5,55,616 രൂപ നൽകണമെന്നാണ് ഉത്തരവ്. പൊന്നാനി കുറ്റിക്കാട് തലാപ്പിൽ ശാലിനിയും അമ്മ മിനിയും നൽകിയ പരാതിയിലാണ് നടപടി.

ചികിത്സാച്ചെലവായി 1,05,616 രൂപയും ചികിത്സാപ്പിഴവിനുള്ള നഷ്ടപരിഹാരമായി നാല് ലക്ഷം രൂപയും കോടതി നടപടികളുടെ ചെലവിനായി 50,000 രൂപയുമാണ് നൽകേണ്ടത്.

2021 ഫെബ്രുവരി മൂന്നിനാണ് പ്രസവത്തിനായി ശാലിനിയെ എടപ്പാൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. സാധാരണ പ്രസവമായിരുന്നെങ്കിലും പ്രസവസമയത്ത് എപ്പിസിയോട്ടമി എന്ന ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് അമിത രക്തസ്രാവമുണ്ടായി യുവതിയുടെ ജീവൻ അപകടത്തിലായെന്നാണ് പരാതി.

ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ആവശ്യമായ രീതിയിൽ തുന്നിക്കെട്ടാതെ ശാലിനിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നു. വേദന വർധിച്ചതിനെ തുടർന്ന് പതിനാറാം ദിവസം വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും ചെറിയ തോതിൽ തുന്നലിട്ട് മടക്കി അയയ്ക്കുകയായിരുന്നു.

ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതുകൊണ്ടാണ് ശാലിനിയുടെ ജീവൻ രക്ഷിക്കാനായതെന്നാണ് പരാതിക്കാരുടെ വാദം.

ഡോക്ടറുടെ ജോലി എളുപ്പമാക്കുന്നതിനായാണ് എപ്പിസിയോട്ടമി നടത്തിയതെന്നും പി.ജി. വിദ്യാർഥികളാണ് ശസ്ത്രക്രിയ നിർവഹിച്ചതെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

കേസ് പരിഗണിച്ച ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ, മതിയായ അടിസ്ഥാനമില്ലാതെയും മെഡിക്കൽ പ്രോട്ടോക്കോൾ പാലിക്കാതെയുമാണ് ശാലിനിക്ക് എപ്പിസിയോട്ടമി നടത്തിയതെന്ന് കണ്ടെത്തി. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സംബന്ധിച്ച് ജനറൽ സർജനും പ്രസവചികിത്സാ വിദഗ്ധനും കമ്മിഷൻ മുമ്പാകെ മൊഴി നൽകിയിരുന്നു.

ചികിത്സയിലെ അലംഭാവം മൂലം യുവതിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്.

കമ്മിഷൻ പ്രസിഡന്റ് കെ. മോഹൻദാസ്, അംഗങ്ങളായ സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പരാതിക്കാർക്കുവേണ്ടി അഭിഭാഷകരായ ജോസി ജേക്കബ്, മേരി ജോസഫ് എന്നിവർ ഹാജരായി.

The Malappuram District Consumer Disputes Redressal Commission has ordered Edappal Hospital and gynecologist Dr. Anantha Narayanan to pay compensation in a case alleging medical negligence during childbirth. The panel found that an episiotomy was performed without sufficient basis and without following proper medical protocol, leading to serious complications for the patient.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387207/unnecessary-surgery-normal-delivery-compensation)