---
title: "ഉച്ചയ്ക്ക് ശേഷമുണ്ടാകുന്ന തലവേദനയ്‌ക്ക് കാരണം ഇതാണ്,​ ഇക്കൂട്ടർ  പ്രത്യേകം ശ്രദ്ധിക്കണം; ഡോക്ടർമാരുടെ മുന്നറിയിപ്പ്"
english_title: "Afternoon Headache May Be a Sign of Dehydration, Doctors Warn"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387191/afternoon-headache-dehydration-warning"
published_at: "2026-10-15T13:54:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad094796c14d_afternoon-headache-dehydration-warning.jpg"
keywords: ["Dehydration", "Headache", "KidneyHealth", "Hydration", "DoctorsWarning"]
---

# ഉച്ചയ്ക്ക് ശേഷമുണ്ടാകുന്ന തലവേദനയ്‌ക്ക് കാരണം ഇതാണ്,​ ഇക്കൂട്ടർ  പ്രത്യേകം ശ്രദ്ധിക്കണം; ഡോക്ടർമാരുടെ മുന്നറിയിപ്പ്

> **Lead Summary:** ഉച്ചയ്ക്ക് ശേഷം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, തലവേദന, അമിതമായ ക്ഷീണം, തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടോ? ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലാത്തത് ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജോലിത്തിരക്കിനിടെ മണിക്കൂറുകളോളം വെള്ളം കുടിക്കാൻ മറക്കുന്നത് നിർജലീകരണത്തിനുള്ള സാധ്യത വർധിപ്പിക്കും.

## Article Content

ഉച്ചയ്ക്ക് ശേഷം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, തലവേദന, അമിതമായ ക്ഷീണം, തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടോ? ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലാത്തത് ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജോലിത്തിരക്കിനിടെ മണിക്കൂറുകളോളം വെള്ളം കുടിക്കാൻ മറക്കുന്നത് നിർജലീകരണത്തിനുള്ള സാധ്യത വർധിപ്പിക്കും.

ഓഫീസ് ജോലികളിലും മറ്റ് തിരക്കുകളിലും ഏർപ്പെടുന്നവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നതിൽ പലപ്പോഴും ശ്രദ്ധിക്കാറില്ല. വെള്ളത്തിന് പകരം ചായയോ കാപ്പിയോ മാത്രം ആശ്രയിക്കുന്നതും പതിവാണ്. എന്നാൽ ശരീരത്തിന്റെ ജലാംശം നിലനിർത്താൻ ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു.

പ്രത്യേകിച്ച് ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ വിയർപ്പിലൂടെ കൂടുതൽ ജലാംശം നഷ്ടപ്പെടുന്നതിനാൽ നിർജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്.

**നിർജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങൾ**

ശരീരത്തിൽ ജലാംശം കുറയുമ്പോൾ വിവിധ ലക്ഷണങ്ങൾ പ്രകടമാകാം. മൂത്രത്തിന് ഇരുണ്ട നിറമുണ്ടാകുക, വായ വരണ്ടുപോകുക, തലവേദന, അമിതമായ ക്ഷീണം, തലകറക്കം, ഏകാഗ്രത കുറയുക എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ.

എന്നാൽ ഇത്തരം ബുദ്ധിമുട്ടുകളെല്ലാം നിർജലീകരണം മൂലമാണെന്ന് കരുതരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും സമാനമായ ലക്ഷണങ്ങൾ ഉണ്ടാകാം. അതിനാൽ ലക്ഷണങ്ങൾ തുടർന്നാൽ വൈദ്യപരിശോധന തേടേണ്ടത് പ്രധാനമാണ്.

**വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ വൃക്കകളെയും ബാധിക്കാം**

ശരീരത്തിലെ ജലാംശവും വൃക്കകളുടെ പ്രവർത്തനവും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. രക്തത്തിലെ മാലിന്യങ്ങൾ അരിച്ചുമാറ്റുന്നതിനൊപ്പം ശരീരത്തിലെ ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും വൃക്കകൾ നിർണായക പങ്കുവഹിക്കുന്നു.

ശരീരത്തിൽ ഗുരുതരമായ നിർജലീകരണം സംഭവിക്കുമ്പോൾ വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയാൻ സാധ്യതയുണ്ട്. ഇത് വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഗുരുതരമായതോ നീണ്ടുനിൽക്കുന്നതോ ആയ നിർജലീകരണം ചില സാഹചര്യങ്ങളിൽ പെട്ടെന്നുള്ള വൃക്കത്തകരാറിനും കാരണമാകാം.

**ആരൊക്കെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്?**

ദീർഘനേരം ജോലി ചെയ്യുന്നവർ, ജോലി കഴിഞ്ഞ് വ്യായാമത്തിൽ ഏർപ്പെടുന്നവർ, പതിവായി യാത്ര ചെയ്യുന്നവർ, ചൂടേറിയ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർ എന്നിവർ ജലാംശം നിലനിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം.

ശാരീരിക അധ്വാനവും ഉയർന്ന താപനിലയും കാരണം വിയർപ്പിലൂടെ കൂടുതൽ ദ്രാവകം നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ ശരീരത്തിന് അധിക ജലാംശം ആവശ്യമായേക്കാം.

അതേസമയം, വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് വെള്ളത്തിന്റെ ആവശ്യകത വ്യത്യസ്തമായിരിക്കാം. ദ്രാവകത്തിന്റെ അളവ് നിയന്ത്രിക്കാൻ ഡോക്ടർ നിർദേശിച്ചിട്ടുള്ളവർ ആ നിർദേശം കൃത്യമായി പാലിക്കണം.

**അമിതമായി വെള്ളം കുടിക്കുന്നതും അപകടകരം**

വെള്ളം കുറച്ച് കുടിക്കുന്നതുപോലെതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായി വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് ദോഷകരമായേക്കാം.

ശരീരത്തിന് ആവശ്യമായതിലധികം വെള്ളം പെട്ടെന്ന് കുടിക്കുന്നത് രക്തത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമായി കുറയുന്ന അവസ്ഥയ്ക്ക് കാരണമാകാം. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

അതിനാൽ ഒരേസമയം വലിയ അളവിൽ വെള്ളം കുടിക്കുന്നതിനുപകരം ദിവസം മുഴുവൻ ഇടവേളകളിലായി ആവശ്യത്തിന് വെള്ളം കുടിക്കുന്നതാണ് ഉചിതം.

**ആരോഗ്യകരമായ ശീലം എങ്ങനെ നിലനിർത്താം?**

ജോലിത്തിരക്കിനിടെ വെള്ളം കുടിക്കാൻ മറക്കാതിരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ദാഹം തോന്നുമ്പോൾ അത് അവഗണിക്കരുത്. കാലാവസ്ഥ, ശാരീരിക അധ്വാനം, വ്യക്തിയുടെ ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ച് വെള്ളത്തിന്റെ ആവശ്യകത വ്യത്യാസപ്പെടാം.

Health experts warn that headaches, dizziness, fatigue and poor concentration after lunch may be linked to dehydration, especially among people who forget to drink water during busy work hours. They also caution that both too little and too much water can be harmful, and advise those with kidney conditions to follow medical guidance on fluid intake.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387191/afternoon-headache-dehydration-warning)